‘സൈഗാള്‍ പാടുകയാണ്’ ട്രെയിലര്‍ കാണാം

ഷൈന്‍ ടോം ചാക്കോ, രമ്യാ നമ്പീശന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകന്‍ സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൈഗാള്‍ പാടുകയാണ്. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

സംഗീത പശ്‌ചാത്തലത്തിലൂടെ ഹൃദയഹാരിയായ ഒരു കുടുബകഥയാണ്‌ ഈ ചിത്രത്തിലൂടെ സിബി മലയില്‍ അവതരിപ്പിക്കുന്നത്‌. ടി.എ. റസാഖിന്റേതാണ്‌ തിരക്കഥ. ഷൈന്‍ ടോമിന്‍റെ അഭിനയപ്രകടനം തന്നെയാണ് ട്രെയിലറിലെ പ്രധാനആകര്‍ഷണം.

അന്യദേശത്ത്‌ പോയി സംഗീതം പഠിച്ചുവന്ന ആളിന്റെ വിളിപ്പേരാണ്‌ സൈഗാള്‍. സൈാള്‍ യൂസഫ്‌ ഭായി- സംഗീതത്തെ ഉപാസിച്ച കലാകാരന്‍. തന്റെ പിന്‍തലമുറക്കാരനെയും സംഗീതലോകത്ത്‌ വളര്‍ത്തണമെന്നതായിരുന്നു ആഗ്രഹം.മകന്‍ ചന്ദ്രബാബുവിനെ ആ പരിഗണനയില്‍തന്നെയാണ്‌ വളര്‍ത്തിയതും വലിയ പ്രതീക്ഷകളും സ്വപ്‌നങ്ങളും അവനില്‍ അര്‍പ്പിച്ചു. എന്നാല്‍ അവരുടെ സ്വപ്‌നങ്ങളെ പൂവണിയിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

മധുപാലാണ്‌ സൈഗാള്‍ യൂസഫ്‌ ഭായിയെ അവതരിപ്പിക്കുന്നത്‌. മുന്‍കാല നായിക സുജാത സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്‌, ഹരീഷ്‌ പെരടിയില്‍, മാസ്‌റ്റര്‍ ഗൗരീശങ്കര്‍, സന്തോഷ്‌ കീഴാറ്റൂര്‍, മുരുകേഷ്‌, മീനാ ഗണേഷ്‌, രാജേഷ്‌ ശര്‍മ്മ, ബാസിദ്‌, നൈഷ്‌ എന്നിവരും പ്രധാന താരങ്ങളാണ്‌.

റഫീഖ്‌ അഹമ്മദ്‌-എം. ജയചന്ദ്രന്‍ ടീമിന്റെ അഞ്ചു ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്‌. ചിത്രം അടുത്തമാസം തിയറ്ററുകളിലെത്തും.