കിടിലൻ ട്രെയിലറുമായി സ്റ്റൈൽ

ഇതിഹാസ എന്ന വിജയചിത്രത്തിനു ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന സ്റ്റൈൽ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം ഒരു ആക്ഷൻ – കോമഡി ത്രില്ലറാണ്.

ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലാണ് ഉണ്ണി എത്തുന്നത്. ടൊവീനോ തോമസിന്റെ വില്ലൻ വേഷമാണ് മറ്റൊരു ആകർഷണം. ആക്ഷന് പുറമെ പ്രണയത്തിനും നർമത്തിനും സംഗീതത്തിനും ഒരുപോലെ പ്രാധാന്യം നൽകിയിരിക്കുന്നു. എൽ ജെ ഫിലിംസ് തിയറ്ററുകളിലെത്തിക്കുന്ന ചിത്രത്തിൽ പ്രിയങ്ക ഗഡ്വാൾ ആണ് നായിക.

ഉണ്ണി മുകുന്ദന്റെ കരിയറിൽ തന്നെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ചിത്രത്തിലേത്. ടോം എന്ന കാർ മെക്കാനിക്ക് ആയാണ് സ്റ്റൈലിൽ ഉണ്ണി എത്തുന്നത്. അച്ഛൻ, അമ്മ, അനിയൻ എന്നിവരടങ്ങുന്ന സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നു. അനിയനായ ജെറിക്ക് ടോമിനേക്കാൾ പതിനഞ്ചു വയസ്സ് കുറവാണ്. അതുകൊണ്ടു തന്നെ ടോമും ജെറിയും തമ്മിലുള്ള കുസൃതികളാണ് ആ വീട്ടിലെ രസകരമായ മുഹൂർത്തങ്ങൾ. ഇതിനിടയിലാണ് ടോം ഒരു പ്രണയത്തിൽ കുടുങ്ങുന്നത്. ഈ പ്രണയത്തിന്റെ നടുവിലേക്കാണ് അവരറിയാതെ അയാൾ വരുന്നത്, ‘എഡ്ഗർ’.

പഴയ കാറുകളെ വല്ലാതെ സ്നേഹിക്കുന്ന, ചെറുപ്പക്കാരനായ എഡ്ഗർ ടോമിന്റെ വീട്ടിലും ജീവിതത്തിലും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. തുടർന്നുണ്ടാവുന്ന രസകരവും ആവേശകരവുമായ മുഹൂർത്തങ്ങൾ ആക്ഷനും നർമത്തിനും ഏറെ പ്രാധാന്യം നൽകിയാണ് ചിത്രീകരിച്ചിരിക്കുന്നത്.

ടോം ആയി ഉണ്ണി മുകുന്ദനും എഡ്ഗർ ആയി ടോവീനോ തോമസും ജെറി ആയി മാസ്റ്റർ ഇൽഹാനും ആകുന്ന സ്റ്റൈലിൽ കാമുകിയായെത്തുന്നത് പ്രിയങ്ക ഗഡ്വാൾ ആണ് ഇവരെ കൂടാതെ ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, വിജയരാഘവൻ, ബൈജു, പവിത്രൻ തുടങ്ങിയവരും താരനിരയിലുണ്ട്.

അനിൽ നാരായണൻ, അരുൺ ഡൊമിനിക് (ഇതിഹാസ ഫെയിം) എന്നിവർ ചേർന്നു രചന നിർവഹിച്ച സ്റ്റൈലിനു സിനോജ് പി. അയ്യപ്പൻ (ഇതിഹാസ ഫെയിം) ഛായാഗ്രഹണം നിർവഹിക്കുന്നു. നിർമാണം രാജേഷ് അഗസ്റ്റിൻ, സംഗീതം ജാസ്സി ഗിഫ്റ്റ്, പശ്ചാത്തല സംഗീതം രാഹുൽരാജ്, ചിത്രസംയോജനം വിവേക് ഹർഷൻ.