കസബയെ തകർത്ത് ജോപ്പൻ

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന തോപ്പിൽ ജോപ്പൻ ടീസർ കണ്ടത് പതിനൊന്ന് ലക്ഷം ആളുകൾ. മലയാളത്തില്‍ ഇത് റെക്കോർഡ് ആണ്. എൺപതുമണിക്കൂറുകൾകൊണ്ടാണ് ടീസർ 11 ലക്ഷം കടന്നത്.

നേരത്തെ മമ്മൂട്ടി തന്നെ നായകനായി എത്തിയ കസബയുടെ ടീസറായിരുന്നു ഏറ്റവും വേഗത്തിൽ പത്തുലക്ഷം കടന്നത്. കസബ ടീസര്‍ റിലീസ് ചെയ്ത് 99 മണിക്കൂറുകള്‍കൊണ്ട് 10 ലക്ഷം പേരാണ് വീഡിയോ യുട്യൂബിലൂടെ കണ്ടത്. മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്റെ ടീസര്‍ റെക്കോര്‍ഡും അന്ന് കസബ തകര്‍ത്തിരുന്നു.

ഇപ്പോൾ കസബയുടെ റെക്കോർഡ് തകർത്ത് ജോപ്പൻ ഒന്നാമതെത്തി. മമ്മൂട്ടി അച്ചായൻ വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോണി ആന്റണിയാണ്. മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് നായികയായി എത്തുന്ന മംമ്ത വിവരിക്കുന്ന രംഗമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടിയെ ടീസറിൽ കാണിക്കുന്നില്ല എന്നതും ശ്രദ്ധേയം.