വൈറ്റ്ബോയ്സ് തിയറ്ററുകളിൽ

കൗശിക് ബാബു

സ്വാമി അയ്യപ്പൻ പരമ്പരയിൽ അയ്യപ്പനായെത്തിയ കൗശിക് ബാബു നായകനായി മലയാളത്തിൽ അരങ്ങേറുന്ന ചിത്രമാണ് വൈറ്റ് ബോയ്സ്. മേലില രാജശേഖർ കഥയെഴുതി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററുകളിലെത്തി.

ഭാര്യാഭർത്തൃ ബന്ധത്തിൽ ഒപ്പം ജീവിക്കുമ്പോഴും അപരിചിതത്വം നിലനിറുത്തുന്ന ചിലരുണ്ട്. ഈ അകൽച്ചയുണ്ടാക്കുന്ന പൊല്ലാപ്പുകൾ വലുതാണ്. എത്ര കാലം ഒപ്പം ജീവിച്ചാലും തന്റെ സ്വത്വം പങ്കുവയ്ക്കാൻ മടിക്കുന്ന ഭാര്യാഭർത്താക്കന്മാരുണ്ട്. അവരുടെ പൂർവ്വകാലം അറിയാതെ ഒപ്പം ജീവിക്കുമ്പോൾ, ഒരുനാൾ ഈ മറച്ചുവച്ച വ്യക്തിത്വം പുറത്തുവരികയും അതു താങ്ങാനാവാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ ഈ സ്വത്വരഹസ്യം പങ്കാളിയോടു തുറന്നു പറഞ്ഞിരുന്നെങ്കിൽ അവർക്ക് ഇത്തരത്തി ലുള്ള ആഘാതം അനുഭവിക്കേണ്ടിവരില്ല. അതുമായി കുറേക്കൂടി താദാത്മ്യം പ്രാപിക്കാൻ അവർക്കു സാധിച്ചേക്കും. ഇതാണ് ചിത്രത്തിൽ പ്രതിപാദിക്കുന്ന വിഷയം.

കൗശിക് ബാബുവിന് പുറമെ വിജയരാഘവൻ, അഞ്ജലി അനീഷ്, ഗൗരവ് മേനോൻ (ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ) ലിജു കൃഷ്ണ, ജോയ് മാത്യു, ശോഭാ മോഹൻ, കോഴിക്കോട് ശാന്തകുമാരി, ഏലിയാസ് കത്തവൻ, എസ്.ശശികുമാർ, എസ്.സുരേഷ്കുമാർ, കവിത, മഹേശ്വരി, മാളവിക, ദുർഗാദത്തൻ, അജയൻ അടൂർ, മെഹജാബ്, സന്ദീപ് മാഫിയാ ശശി, ഷഫി ഹൈദ്രാബാദ് എന്നിവർക്കു പുറമെ ‘റിംഗ് മാസ്റ്ററി‘ലൂടെ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ ‘ഡയാന‘ എന്ന നായയും വൈറ്റ് ബോയ്സിൽ കഥാപാത്രങ്ങളാകുന്നു.

ഓം ശക്തി ഫിലിംസിന്റെയും ശ്രീവല്ലഭാ ക്രിയേഷൻസിന്റെയും ബാനറിൽ കലഞ്ഞൂർ ശശികുമാറും ശ്രീലകം സുരേഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഏലിയാസ് കത്തവനും നന്ദനും ചേർന്നാണ്. ഛായാഗ്രഹണം–രാജേഷ് നാരായൺ, ചിത്രസന്നിവേശം–രമേശ് വിക്രമൻ, സംഗീതം–പണ്ഡിറ്റ് രമേഷ് നാരായൺ, ഗാനരചന–എസ്.രമേശൻ നായർ,റഫീഖ് അഹമ്മദ്. ഓംശക്തി ഫിലിംസ് ആണ് വൈറ്റ്ബോയ്സ് വിതരണത്തിനെത്തിക്കുന്നത്.