ആവിയൂതി ഒരു ചൂടു ചായ; അയവിറക്കാൻ ജോൺ സ്മരണ

അടൂർഭാസി ’ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളി’ൽ

ചായക്കടക്കാരൻ ബേബിച്ചേട്ടൻ മേലോട്ടുനോക്കിയപ്പോൾ അടൂർ ഭാസി അതാ തെങ്ങിന്റെ മുകളിൽ ഇരിപ്പാണ്. തൻമയത്വത്തോടെ പേടിച്ചുവിറച്ചുള്ള ആ അഭിനയം കണ്ടാണ് ആ വർഷത്തെ 1979ൽ മികച്ച നടനുള്ള പുരസ്കാരം അടൂർ ഭാസിക്കു കൊടുത്തതെങ്കിൽ അതിനു കാരണം ബേബിച്ചേട്ടനും കൂടിയാണ്!

ബേബിച്ചേട്ടാ വാ, നമുക്കൊരിടം വരെ പോകാം എന്നു പറഞ്ഞു സംവിധായകൻ ജോൺ എബ്രഹാം തോളിൽ കൈയിട്ടു. അപ്പോൾ തെങ്ങിൻ മുകളിൽ ഇരിക്കുന്ന അടൂർ ഭാസിയോ എന്നായി ബേബിച്ചേട്ടൻ. അതൊക്കെ ശരിയാക്കാം, അച്ചായൻ ഇപ്പോ വാ എന്നു പറഞ്ഞു മധു അമ്പാട്ടിനേയും കൂട്ടി ജോൺ തോണിയിലേക്കു കയറി. ആ തോണി ചെന്നു നിന്നതു മങ്കൊമ്പിലുള്ള ഏതോ ഷാപ്പിലാണ്.

കുട്ടനാട്ടുകാരനായ ജോൺ പൂർണമായും സ്വന്തം മണ്ണിൽ ചിത്രീകരിച്ച ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ എന്ന സിനിമയുടെ ലൊക്കേഷനിലാണു സംഭവം. ചെറിയാച്ചൻ പേടിച്ചുവിറച്ചു തെങ്ങിന്റെ മുകളിൽ കയറിയിരിക്കുന്ന സീനാണു ചിത്രീകരിക്കേണ്ടത്. കടുത്ത പ്രമേഹരോഗമുള്ള ആളാണ് അടൂർ ഭാസി. ഇടയ്ക്കിടയ്ക്കു മൂത്രമൊഴിക്കണം. അങ്ങിനത്തെ അടൂർ ഭാസിയെയാണു ഗോവണി വച്ചു തെങ്ങിൻമുകളിൽ കയറ്റി ഇരുത്തിയിരിക്കുന്നത്.

സമയം അര മണിക്കൂർ കഴിഞ്ഞു, ഒരു മണിക്കൂർ കഴിഞ്ഞു. സംവിധായകനെയും ക്യാമറാമാനെയും കാണാതെ ആളുകൾ അന്വേഷിച്ചു ഷാപ്പിലെത്തി. ജോൺ അവരോടു പറഞ്ഞു: ‘‘ചെറിയാച്ചൻ അവിടിരുന്നു വിറയ്ക്കട്ടെ... ആലപ്പുഴ ചങ്ങനാശേരി റോഡിൽ നെടുമുടി പാലത്തിനടിയിൽ പ്ലാസ്റ്റിക് ചാക്കു മറച്ച തന്റെ കുഞ്ഞു ചായക്കടയിൽ നല്ല സ്റ്റൈലായി നീളത്തിൽ ചായയടിക്കുകയാണ് അന്നത്തെ ആ ബേബിച്ചേട്ടൻ എന്ന സാമുവൽ ചാക്കോ. വയസ്സ് 86 കഴിഞ്ഞിട്ടും ചായക്കടയുമായി സജീവമാണ് ഇപ്പോഴും സാമുവൽ കൂട്ടിനു ഭാര്യ അമ്മിണിയുമുണ്ട്. ഇൗ മാസം 31നു ജോൺ മരിച്ചിട്ട് 29 വർഷമാവുകയാണ്. കുട്ടനാട്ടിലെ പുതു തലമുറയ്ക്കു ജോൺ എബ്രഹാം ആരാണെന്ന് അറിയില്ലായിരിക്കാം. പക്ഷേ, ഇപ്പോഴും ജോൺ എന്നു പറഞ്ഞാൽ ബേബിച്ചേട്ടന് ആവേശമാണ്.

ബേബിച്ചേട്ടൻ സുഹൃത്ത് മംഗലശേരി പദ്മനാഭനെപ്പം ചായക്കടയിൽ

പ്രായത്തിന്റെ ക്ഷീണമെല്ലാം പമ്പ കടക്കും.ജോൺ എബ്രഹാമിന്റെ അച്ഛൻ വി.ടി. എബ്രഹാമെന്ന എബ്രഹാം മാഷിന്റെ കൂട്ടുകാരനായിരുന്നു അയൽക്കാരൻ സാമുവൽ ചാക്കോ. കുട്ടിയായ ജോൺ നന്നായി പഠിക്കുന്നതും പാട്ടുപാടുന്നതും സമ്മാനങ്ങൾ വാങ്ങുന്നതുമൊക്കെ ഇപ്പോഴും സാമുവലിന് ഓർമയുണ്ട്. കുട്ടിക്കാലം തൊട്ടേ സാമുലിന്റെ പാചകത്തിന്റെ രുചി ജോണിനറിയാം.

പിന്നീട് ജോൺ പുണെയിൽ സിനിമ പഠിക്കാൻ പോയി. വർഷങ്ങൾക്കു ശേഷം കുട്ടനാട്ടിൽ തിരിച്ചെത്തിയ ജോൺ എബ്രഹാം സാമുവലിനെ തിരഞ്ഞെത്തി. കൂടെ മൊയ്തു പടിയത്ത് എന്ന സുഹൃത്തുമുണ്ട്. പള്ളാത്തുരുത്തി ആറ്റിൽ ചൂണ്ടയിട്ടിരിക്കുകയായിരുന്നു സാമുവൽ.‘‘ഒരു വള്ളവും തുഴച്ചിൽക്കാരനും വേണം. ബേബിച്ചേട്ടൻ കൂടെ വരണം. എന്തിനെന്നു ചോദിക്കാതെ ജോണിനൊപ്പം സാമുവൽ വള്ളത്തിൽ കയറി. വള്ളം കുട്ടനാട്ടിലൂടെ ഒഴുകി. കാണുന്ന ഷാപ്പുകളിൽ നിന്നെല്ലാം കള്ളുകുടിച്ചു. പരിചയക്കാരുടെ കടവുകളിൽ വള്ളം അടുപ്പിച്ചു. വരമ്പുകളിലും പറമ്പുകളിലും ജോൺ അലഞ്ഞു.

മടങ്ങുംവഴി ജോൺ പറഞ്ഞു: ‘‘ഞാൻ കുട്ടനാട്ടിലൊരു സിനിമ പിടിക്കാൻ പോകുവാ. ചേട്ടനാ സിനിമയുടെ പാചകക്കാരൻ. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾക്കു വേണ്ടി ജോൺ കുട്ടനാട്ടിൽ നടത്തിയ ആദ്യയാത്രയായിരുന്നു അത്. സംവിധായകൻ പാചകക്കാരന്റെ തോളത്തു കയ്യിട്ടു ലൊക്കേഷനുകളിൽ നടക്കുന്നത് ഇവരിലൂടെയാകണം സിനിമാലോകം ആദ്യമായി കാണുന്നത്. ഷൂട്ടിങ് തുടങ്ങിയതോടെ പാചകം ഭാര്യ അമ്മിണിയെയും മകനെയും ചുമതലപ്പെടുത്തി സാമുവൽ ജോണിന്റെ ‘ഒപ്പം നടപ്പുകാരനായി.

പോകുന്നിടത്തെല്ലാം ജോൺ സാമുവലിനെ കൂടെ കൊണ്ടുപോകും. ചാരായം കുടിച്ചുകൊണ്ടേയിരിക്കും. ജോണിനോട് അടുത്തപ്പോൾ സാമുവൽ ഒരു കാര്യം കണ്ടുപിടിച്ചു. ജോണിന് ഒരിഷ്ട വിഭവമുണ്ട്. അടുപ്പുതീയിൽ ചുട്ട അയില, ഉണക്കമുളകും ചുവന്നുള്ളിയും ചേർത്തു ചതച്ച് അൽപം എണ്ണയിൽ ചാലിച്ചുണ്ടാക്കുന്ന ചമ്മന്തിയും. ഇതുണ്ടെങ്കിൽ രാത്രിയിൽ ജോൺ അൽപം ചോറുണ്ണും.

ചായക്കടക്കാരെല്ലാവരും നല്ല ചായയെടുപ്പുകാരല്ല. എന്നാൽ ബേബിച്ചായൻ പണ്ടുതൊട്ടേ പ്രദേശത്തെ ഏറ്റവും മികച്ച ചായ എടുപ്പുകാരനാണെന്നാണ് എൺപത്തിരണ്ടുകാരനായ മംഗലശേരി പദ്മനാഭൻ പറയുന്നത്. ജോണിന്റെ കൂട്ടുകാരനായിരുന്നു പദ്മനാഭനും. സിപിഎം 1964ൽ പിളർന്ന കാലം തൊട്ടു പത്തിരുപതു കൊല്ലം ലോക്കൽ സെക്രട്ടറിയായിരുന്നു പദ്മനാഭൻ. ജോണിന്റെ സിനിമയുടെ ഷൂട്ടിങ്ങ് നടക്കുമ്പോൾ എല്ലാം അകലെ മാറിനിന്നു കണ്ടുനിന്ന പദ്മനാഭൻ. ജോൺ സിനിമ ഷൂട്ട് ചെയ്യാൻ കുട്ടനാട്ടിലേക്കു വരുമ്പോൾ എല്ലാറ്റിലും ഒരു നോട്ടമുണ്ടാകണണമെന്നു പാർട്ടി പദ്മനാഭനോടു പറഞ്ഞിരുന്നു.

ഇടതു സിനിമാ നിർമാണ സംഘമായ ജനശക്തി ഫിലിംസിന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. പദ്മനാഭനും കൂട്ടുകാരും ചേർന്നാണു ജോണിന്റെ ഓർമ പുതുക്കാൻ ഇരുപത്തിയാറു വർഷം മുൻപു ജോൺ എബ്രഹാം ഫൗണ്ടേഷൻ രൂപീകരിച്ചത്. അന്നുതൊട്ട് എല്ലാ വർഷവും മികച്ച സംവിധായകനും ചിത്രത്തിനും ഫൗണ്ടേഷൻ പുരസ്കാരം നൽകി വരുന്നുണ്ട്.

അതിനായി ഭാര്യയുടെ സ്വർണാഭരണങ്ങൾ പലതും പണയം വച്ചതു നഷ്ടമായെങ്കിലും ഒരു വർഷം പോലും അവാർഡ് മുടക്കിയിട്ടില്ല.എന്നും വൈകുന്നേരമാവുമ്പോൾ മംഗലശേരി പദ്മനാഭനും കൂട്ടുകാരായ പഴമക്കാരും കൂടി ബേബിച്ചായന്റെ കടയിലേക്കു ചായ കുടിക്കാൻ എത്തിച്ചേരും.

നെടുമുടി പൊലീസ് സ്റ്റേഷനോടു ചേർന്നാണു കട എന്നതിനാൽ സ്ഥലത്തെ പ്രധാന സംഭവങ്ങൾ ബേബിച്ചേട്ടന്റെ ചായയ്ക്കൊപ്പം ചൂടോടെ കിട്ടും എന്നൊരു കാര്യവുമുണ്ട്.തലയ്ക്കു മുകളിൽ നെടുമുടിപ്പാലത്തിലൂടെ ലോകം വാഹനങ്ങളിലേറി ഓടിപ്പോവുമ്പോൾ ജോണിന്റെ നിശബ്ദ സ്മരണകളുമായി അവർ അവിടെയിരിക്കും, ബേബിച്ചേട്ടന്റെ ചായയും കുടിച്ച്.