Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറഞ്ഞത് ചിരിയുടെ പറക്കും തളിക...

v-r-gopalakrishnan വി.ആർ. ഗോപാലകൃഷ്ണൻ

‘കൊന്താ ഏശീ........’, സോറി ‘എന്താ കോശീ....’, ‘എടാ നിന്നെ ഞാൻ ഫസ്റ്റ് കണ്ടപ്പോഴെ ലാസ്റ്റ് വാണിങ് തന്നതാ’, ‘സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ.... ഇതു ഞാനല്ല ...’ ചിരിയുടെ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഈ പറക്കും തളികയെന്ന സിനിമയിലെ ഡയലോഗുകൾ. കുലുങ്ങി കുലുങ്ങിയോടി തെറിച്ചു വീഴുന്ന സ്പെയർപാർട്സുകളുടെ ഒച്ച പോലെ ചിരിയുടെ വഴികളിലൂടെ കൊണ്ടുപോയ ഹിറ്റ് സിനിമയായിരുന്നു പറക്കും തളിക. അതിലെ ചിരി ഡയലോഗെല്ലാം ഇന്നലെ ദുഃഖവാർത്ത പോലെ നിര്യാതനായ വി.ആർ. ഗോപാലകൃഷ്ണന്റെ സൃഷ്ടിയായിരുന്നു.

താഹ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ഗോപാലകൃഷ്ണൻ എഴുതിയ തിരക്കഥയും സംഭാഷണവും മലയാളികൾക്കു മറക്കാനാവാത്ത ചിരി സമ്മാനിച്ചു. എയർഫോഴ്സ് ആയിരുന്നു വിആർജിയുടെ ആദ്യ സ്വപ്നം. പിന്നീടതു സിനിമയിലേക്കു വഴിമാറിയപ്പോൾ തിരക്കഥാ രചനയിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലേക്കു കയറി. പ്രിയദർശൻ സിനിമകളിൽ ഓർത്തോർത്തു ചിരിക്കുന്ന പല രംഗങ്ങളും വിആർജിയുടെ തൂലികയിൽ നിന്നു പിറവിയെടുത്തതാണ്. വന്ദനത്തിൽ മോഹൻലാലിന്റെ പെടാപ്പാടുകൾ കണ്ടാൽ പൊട്ടിച്ചിരിക്കാത്ത മലയാളികളില്ല.

ക്യാംപസ് രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച നൽകിയ ‘ചെപ്പ്’ എന്ന സിനിമയിലൂടെ അത്തരം രചനകളും തനിക്കു വഴങ്ങുമെന്നു വിആർജി തെളിയിച്ചു. ബാലു കിരിയത്തിന്റെ എട്ടിൽപരം സിനിമകളിൽ അസോഷ്യേറ്റായിരുന്നു വിആർജി തുടക്കത്തിൽ. പ്രിയദർശനുമായുള്ള കലാലയകാല സൗഹ‍ൃദം, പ്രിയന്റെ സിനിമകളുമായി സഹകരിക്കാൻ ഇടയാക്കി. തിരുവനനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ബിരുദത്തിനു പഠിക്കെ കുങ്കുമം കഥാമത്സരത്തിൽ സമ്മാനം നേടിയതാണ് അദ്ദേഹത്തെ ആദ്യം ശ്രദ്ധേയനാക്കിയത്. ന്യൂ ജനറേഷൻ സിനിമകളെന്നു പറഞ്ഞ് ഇപ്പോഴത്തെ സിനിമകളെ തള്ളാനും അദ്ദേഹം തയാറല്ലായിരുന്നു. യങ് ജനറേഷൻ എന്നൊരു തിരുത്തലും അദ്ദേഹം വരുത്തി. പുതിയ ഒട്ടേറെ നല്ല സിനിമകൾ വരുന്നുണ്ട്. എന്നാൽ കുടുംബത്തിന് ഒന്നിച്ചിരുന്നു കാണാൻ പറ്റാത്ത ചിലത് ചില സിനിമകളിൽ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

തന്റെ സിനിമകളും താൻ രചിച്ച തമാശ സീനുകളും സമീപകാലത്തു ടിവിയിലും മറ്റും കണ്ടു പ്രേക്ഷകർ ആർത്തുചിരിക്കുമ്പോൾ, സിനിമയുടെ ചിരിക്കു പുറത്തായതിന്റെ ദുഃഖം അദ്ദേഹത്തെ അലട്ടിയിരുന്നു. തിരക്കൊഴിഞ്ഞ ഇടവേളയിൽ രാമനാഥപുരത്തെ വീട്ടിലിരുന്നു വീണ്ടും സിനിമയുടെ പൊട്ടിച്ചിരിയിലേക്ക് എത്തിപ്പെടാനുള്ള ശ്രമത്തിനിടെയായിരുന്നു മരണം. അതും സ്വന്തം തിരക്കഥ പോലെ.. മരണത്തിന്റെ എല്ലാ സീനുകളും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. ദീർഘദൂര ഓട്ടത്തിൽ തൽപ്പരനായിരുന്ന അദ്ദേഹം ദേശീയ ഗെയിംസിനോടനുബന്ധിച്ചു സംസ്ഥാന സർക്കാരും മലയാള മനോരമയും സംയുക്തമായി നടത്തിയ റൺ കേരള റൺ കൂട്ടയോട്ടത്തിന്റെ മുൻനിരയിൽ സ്ഥാനം പിടിച്ചിരുന്നു. എൻഎസ്എസ് കരയോഗം ഭാരവാഹിയായിരുന്ന അദ്ദേഹം രാമനാഥപുരം റസിഡന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റുകൂടിയായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.