കണ്ണീരുപ്പുള്ള ചിരി

കാർ യാത്രയിൽ നല്ല ശബ്‌ദത്തിൽ പാട്ടു കേൾക്കുന്നത് കൽപനയ്‌ക്ക് ഇഷ്‌ടമായിരുന്നു. രാത്രിയാണെങ്കിൽ പലപ്പോഴും താരാട്ടു പാട്ടുകൾ..

മിഴി രണ്ടിലും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ കഥയാണ്. പാലക്കാട്ടു നിന്ന് ആലപ്പഴയിലെ വീട്ടിലേക്കു കാറിൽ യാത്ര ചെയ്യുകയായിരുന്നു കൽപന. സഹായി നാഗമ്മയും കൂടെയുണ്ട്. സ്റ്റീരിയോ പാടുന്നുണ്ട്.. ചാലക്കുടിയെത്താറായപ്പോൾ പാതിരാത്രി.

ഡ്രൈവർ ഉണ്ണി പറഞ്ഞു: ചേച്ചീ, എനിക്ക് ഉറക്കം വരുന്നു. കൽപനയുടെ മറുപടി: നീ ഉറങ്ങിക്കോ മോനേ; നല്ല താരാട്ടുപാട്ടും ഉണ്ടല്ലോ ! പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഡ്രൈവർ ഉറങ്ങിയാലുള്ള അപകടം മനസ്സിലായത്. അതോടെ താരാട്ടു നിർത്താൻ പറഞ്ഞു. പകരം അയ്യപ്പഭക്തി ഗാനം ഇട്ടു. ഒരു കടുംചായ കുടിക്കാനും തീരുമാനമായി.

എവിടെ നിർത്തും? ടിന്റഡ് ഗ്ലാസ് ഇല്ലാത്ത കാർ ആണ്. ആളും ബഹളവുമുള്ള സ്‌ഥലത്ത് വണ്ടി നിർത്താൻ പറ്റില്ല. തന്നെ ആളുകൾ തിരിച്ചറിയും.. റോഡരികിൽ കാർ നിർത്തിയാലത്തെ അവസ്ഥ കൽപന തന്നെ പറയുന്നതിങ്ങനെ – ചായക്കടയിലെ കണ്ണാടിക്കൂട്ടിൽ പഴം പൊരി വച്ചിരിക്കുന്നതുപോലെ കാറിനുള്ളിൽ എന്നെ നാട്ടുകാർ കാണും !

ഒടുവിൽ ഒരു ചെറിയ തട്ടുകടയുടെ മുന്നിൽ കാർ നിർത്തിയിട്ട് ഉണ്ണി കട്ടൻചായ വാങ്ങാൻ പോയി. അധികം വെളിച്ചമില്ലാത്ത ജംക്‌ഷനാണ്. ആളുകളും കുറവ്. ഭാഗ്യം !
കൽപന എസി ഉപയോഗിക്കാത്തതിനാൽ കാറിന്റെ ചില്ല് താഴ്‌ത്തി വച്ചിരിക്കുകയാണ്. ശ്ശ്‌ശ്‌ശ്‌ശ് – എന്നൊരു ശബ്‌ദം. നോക്കുമ്പോൾ ഫ്രണ്ട് സീറ്റീന്റെ വിൻഡോയിലൂടെ ഒരു അസ്‌ഥികൂടം കാറിനുള്ളിലേക്കു തല നീട്ടുന്നു. മെഡിക്കൽ കോളജുകാർ കണ്ടാൽ പിടിച്ചുകൊണ്ടു പോയി അനാട്ടമി ലാബിൽ തൂക്കിയിടുന്ന മട്ടിൽ ഒരാൾ. വെളുത്ത ഷർട്ട്. മെലിഞ്ഞ് ഒട്ടിയ കവിൾ. കമ്പുപോലെ ഒരു ചെറുപ്പക്കാരൻ പകുതി കാറിനകത്തും ബാക്കി പുറത്തുമായി നിൽക്കുകയാണ്.

കൽപന പേടിയോടെ ചോദിച്ചു: ആരാ? എന്താ? അയാൾ എന്തോ ഒരു പേരു പറഞ്ഞു. എന്നിട്ട് ചോദിച്ചു: എന്നെക്കൂടി കൊണ്ടു പോകുമോ? എങ്ങോട്ട് ? തിരുവന്തോരത്തേക്ക്. തിരുവനന്തപുരം എന്നു കേട്ടതോടെ കൽപനയ്‌ക്ക് അൽപം കരുണ തോന്നി. തന്റെ സ്വന്തം നാട്ടുകാരൻ തിരുവന്തോരത്ത് എവിടാ? വെഞ്ഞാറവൂട്ടിൽ എന്ന് അയാൾ. എന്താ ഇവിടെ നിൽക്കുന്നത്? എറണാകുളത്തു വന്നതാ. ഇവിടെയാ ഇറങ്ങിയത്.

അപ്പോഴേക്കും ഡ്രൈവർ ഉണ്ണി വന്നു. കാറിൽ പറ്റിപ്പിടിച്ച അസ്‌ഥികൂടത്തെ എടുത്തു കളഞ്ഞിട്ട് ഉണ്ണി പറഞ്ഞു: ഇയാളു പോയേ.. സ്‌ത്രീകൾ മാത്രമുള്ള വണ്ടിയാ ഇത്. പരിചയമില്ലാത്തവരെ കയറ്റാൻ പറ്റില്ല.

പരിചയം അത്ര വലിയ പ്രശ്‌നമാണോ? യാത്രയ്‌ക്കിടെ പരിചയപ്പെട്ടാൽ പോരേ ചേട്ടാ എന്നായി അയാൾ.

മാറിപ്പോടോ എന്ന് പറഞ്ഞുകൊണ്ട് ഡ്രൈവർ കാർ മുന്നോട്ട് എടുത്തതും ആ ചെറുപ്പക്കാരൻ വിൻഡോയിലൂടെ കാറിനുള്ളിലേക്ക് ചാടിയതും ഒരുമിച്ചായിരുന്നു. ലോറിയിൽ ഈറ്റ കൊണ്ടുപോകുന്നതു പോലെ പകുതി അകത്തും ബാക്കി പുറത്തുമായി കാർ മുന്നോട്ടു നീങ്ങുകയാണ്. അയാളുടെ കാൽ റോഡിലൂടെ ഇഴയുന്നതു കണ്ട് കൽപന വിളിച്ചു പറഞ്ഞു: ഉണ്ണീ, ഇത് അപകടമാണ്. അവൻ ചത്തുപോകും.

ഡ്രൈവർ വണ്ടി നിർത്തി. അസ്‌ഥികൂടം ഇറങ്ങുന്ന ലക്ഷണമില്ല. കൽപന വെറുതെ മൊബൈൽ ഫോൺ എടുത്ത് ഫോൺ ചെയ്യുന്നതുപോലെ അഭിനയിച്ചു നോക്കി: ഹലോ, ചാലക്കുടി പൊലീസ് സ്‌റ്റേഷനല്ലേ?

അതേ.. എന്താ പ്രശ്നം ? സാർ, ഞങ്ങൾ ചാലക്കുടിയിലെ തട്ടുകടയുടെ മുന്നിൽ നിന്നാണ് വിളിക്കുന്നത്. ഇവിടെ ഒരുത്തൻ ഞങ്ങളെ ശല്യം ചെയ്യുന്നു. അവനെ ഉടനെ അറസ്‌റ്റ് ചെയ്യണം എന്നു പറഞ്ഞാൽ എങ്ങനെയാ സഹോദരീ.. ? നിങ്ങൾ സ്‌ത്രീകൾ തനിയെ പോകുന്നതു കൊണ്ടല്ലേ, സഹായത്തിന് അവനും കൂടെ വരാമെന്നു പറഞ്ഞത്? എന്നായി പൊലീസിന്റെ മറുപടി.

അതു കേട്ടു കൽപ്പന ഞെട്ടി. താൻ ഫോൺ ചെയ്യുന്നതുപോലെ അഭിനയിച്ചതാണ്. അപ്പോൾ മറുപടി പറയുന്നത് ഏതു പൊലീസുകാരനാണ് ? അത് കാറിൽ തൂങ്ങിക്കിടക്കുന്ന അസ്‌ഥികൂടമായിരുന്നു.. ! പേടിച്ചു വിറയ്‌ക്കുമ്പോളും കൽപനയ്‌ക്കു ചിരിയടക്കാൻ പറ്റിയില്ല.

ബഹളം കേട്ട് തട്ടുകടയിൽ ദോശ ഉണ്ടാക്കുന്നവൻ ചൂടു ചട്ടുകവുമായി രംഗത്തുവന്നു: എന്താ ഇവിടെ പ്രശ്‌നം?

അയാൾ പറഞ്ഞപ്പോഴാണ് കൽപനയ്‌ക്ക് വിവരം മനസ്സിലായത്. ഏതോ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പുറത്തു വന്നയാളാണ് ഈ ചെറുപ്പക്കാരൻ. തിരുവനന്തപുരത്താണ് വീട്. രോഗം മാറിയിട്ടും വീട്ടുകാർ തിരിച്ചു കൊണ്ടുപോകാൻ വരുന്നില്ല. ഇപ്പോൾ ടൗണിലൊക്കെ അലഞ്ഞു നടക്കും. ആരെങ്കിലും വല്ലതും കൊടുത്താൽ കഴിക്കും. അല്ലെങ്കിൽ പട്ടിണി. ഇപ്പോൾ കുറെ ദിവസമായി ആരും ഒന്നും കൊടുക്കാറില്ല..

തട്ടുകടയിൽ നിൽക്കുന്നവർ അയാളെ കൈവയ്ക്കുമെന്നായപ്പോൾ കൽപന പറഞ്ഞു : അരുത് അയാളെ ഒന്നും ചെയ്യരുത്. എന്നെ ഓർത്ത് അയാളെ വെറുതെ വിടണം.. അയാൾക്ക് വയറു നിറയെ ഭക്ഷണം കൊടുക്കണമെന്ന് തട്ടുകടക്കാരനോടു നിർദേശിച്ച് അതിനു വേണ്ട പണവും കൊടുത്തിട്ടാണ് കൽപന കാർ വിട്ടു പോയത്!

ഏറെ നാൾ ആ മുഖം കൽപനയുടെ മനസ്സിൽ മായാതെ നിന്നു ! ചിരിയുടെ ഉള്ളിലെവിടെയോ ഒളിപ്പിച്ച കണ്ണുനീരായിരുന്നു കൽപന !