ആ ചിരിയരങ്ങൊഴിഞ്ഞു; മാള ഓർമയായി

ചിരിക്കു പിന്നിലൊരു നോവുണ്ടാകുമെന്ന പതിവ്, അരവിന്ദൻ എന്ന മാളക്കാരനും ശരിവയ്ക്കുന്നു. പകച്ചുനിന്ന പല നിമിഷങ്ങളാണ് മാളയിലെ അഭിനേതാവിനെ പണികഴിപ്പിച്ചത്. ശബ്ദത്തിലും ചലനത്തിലും മാളയുടെ ശൈലി ചിരിയോടു ചേർന്നുനിന്നു. പപ്പു മാള ജഗതി ത്രയമായിരുന്നു ഒരുകാലത്ത് മലയാളത്തിന്റെ ചിരി.

ഉടലോടെ ആടുന്നവൻ എന്ന് മാളയെ വിശേഷിപ്പിച്ചത് ലോഹിതദാസാണ്. പെട്ടെന്നുള്ള അംഗവിക്ഷേപങ്ങളിൽ അദ്ദേഹം പുലർത്തിയ സൂക്ഷ്മതയെ വിലയിരുത്തിക്കൊണ്ടാവണം ലോഹി അങ്ങനെ പറഞ്ഞിട്ടുണ്ടാവുക. സല്ലാപത്തിലെ ആശാരിയിലും മീശമാധവനിലെ മുള്ളാണി പപ്പനിലുമൊക്കെ നമ്മളത് കണ്ടതാണ്. നീണ്ട മുപ്പത്തഞ്ച് വർഷത്തിനിടെ അങ്ങനെ നിരവധി വേഷങ്ങൾ.

തബലയോടായിരുന്നു അരവിന്ദന്റെ പ്രണയം. അത് നാടകക്കാരനാക്കി. കോട്ടയം നാഷണൽ തിയറ്ററിലും, നാടകശാലയിലും സൂര്യസോമയിലും അരവിന്ദൻ കളിച്ചു. അതിനിടെ മാള എന്ന സ്വന്തംനാടിന്റെ പേര് സ്വന്തം പേരായി. നാടകത്തിലൂടെ മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം നേടിയ മാളയുടെ സിനിമാപ്രവേശത്തിനും നാടകബന്ധമുണ്ടായിരുന്നു. ഗ്രീഷ്മം എന്ന നാടകത്തിന്റെ സിനിമാരൂപാന്തരമായിരുന്നു ആദ്യചിത്രമായ മധുരിക്കുന്ന രാത്രി. പപ്പു, ജഗതി എന്നിവരുടെയൊപ്പം മാളയും എത്തിയതോടെ അത് അപൂർവകൂട്ടുകെട്ടിന്റെ ജൈത്രയാത്രയുടെ തുടക്കമായി.

ഈ ചിരിക്കിടിയിൽ നെഞ്ചിൽ തീകോരിയിട്ട ചില കഥാപാത്രങ്ങളായും മാളയുണ്ടായിരുന്നു, ഭൂതക്കണ്ണാടി, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ തുടങ്ങി കുറേസിനിമകൾ. അവസാനകാലത്ത് ഗോഡ് ഫോർസെയിലിലെ സഖാവായും ലാൽ ബഹദൂർ ആന്റ് ശാസ്ത്രിയിലെ ഇടനിലക്കാരനായും മാള തിരിച്ചുവരവറിയിച്ചു. പക്ഷെ, കാലൊന്നനക്കി, മുണ്ടിൻറെ പാതി കയ്യിലെടുത്ത് മറുകൈകൊണ്ട് മുടിയിലൊന്ന് തൊട്ട് പ്രേക്ഷകനെ ചിരിപ്പിക്കാൻ ഇനി മാളയില്ല. നിസ്സഹായതയിലും നിശബ്ദതയിലും ചിരി സൃഷ്ടിക്കാൻ കഴിയുന്ന അപൂർവംചിലരിലൊരൊൾ, മാളയെ നാളെ ഓർക്കുന്നതും അങ്ങനെയായിരിക്കും.