അഭിനയകലയിലെ കാട്ടുകുതിരയുടെ കുളമ്പടി നിലച്ചിട്ട് ആറു വര്‍ഷം

രാജന്‍ പി ദേവ്

അഭിനയകലയിലെ കാട്ടുകുതിരയുടെ കുളമ്പടി നിലച്ചിട്ട് ആറു വര്‍ഷം. വില്ലനായും ഹാസ്യനടനായും മലയാളിക്ക് പ്രിയങ്കരനായിരുന്ന രാജന്‍ പി ദേവ് മലയാളികള്‍ക്ക് ഒരു മങ്ങാത്ത ഓര്‍മ ചിത്രമാണിന്നും. വില്ലനായും ഹാസ്യനടനായും മലയാളിക്ക് പ്രിയങ്കരനായിരുന്ന രാജന്‍ പി ദേവ് വില്ലന്‍ വേഷങ്ങള്‍ക്കു പുതിയ മാനവും തേജസ്സും പകര്‍ന്ന അഭിനയ പ്രതിഭയായിരുന്നു.

വില്ലന്‍ വേഷങ്ങളില്‍ നിറഞ്ഞുനിന്ന പ്രകടനമാണ് രാജന്‍ പി ദേവിനെ ചലച്ചിത്ര പ്രേമികളുടെ പ്രിയതാരമാക്കിയത്. കണ്ട് ശീലിച്ച വില്ലന്‍മാരില്‍ നിന്ന് വ്യത്യസ്തമായി സ്വന്തമായ ഒരു ശൈലി അദ്ദേഹം രൂപപ്പെടുത്തി. മലയാളം വിട്ട് തമിഴിലും പിന്നീട് തെലുങ്കിലും സാധ്യതകളുടെ വലിയൊരു ലോകവും തുറന്നിട്ടത് ഈ ശൈലിയായിരുന്നു. തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത ഇന്ദ്രജാലത്തിലെ കാര്‍ലോസ്‌ എന്ന കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റി.

പ്രതീക്ഷിച്ചതിനപ്പുറം മുന്നേറിയ സംതൃപ്തിയുണ്ടായിരുന്നു രാജന്‍ പി ദേവിന് അവസാനം വരെ. എങ്കിലും താനേറെയും കൈകാര്യം ചെയ്ത വില്ലന്‍ വേഷങ്ങള്‍ക്ക് മറുനാട്ടില്‍ ലഭിച്ച അംഗീകാരം ഒൌദ്യോഗികമായി കേരളത്തിലുണ്ടായില്ല എന്നൊരു പരാതിയും അദ്ദേഹത്തിനുണ്ടായിരുന്നു. കാട്ടുകുതിരയിലെ കൊച്ചുവാവയെ സിനിമയില്‍ അവതരിപ്പിക്കാന്‍ കഴിയാതിരുന്നത് ജീവിതത്തില്‍ വലിയൊരു നിരാശയായിരുന്നു രാജന്‍ പി ദേവിന്. അതദ്ദേഹം ഒരിക്കലും മറച്ചുവച്ചതുമില്ല.