ആ സ്ത്രൈണസന്ധ്യയില്‍ ഋതുപര്‍ണോ...

ഋതുപര്‍ണോ, അന്‍പതു വയസ്സാവാന്‍ മൂന്നു മാസമുള്ളപ്പോള്‍ ജീവിതത്തിന്റെ തിരശ്ശീലയില്‍നിന്നു നടന്നുമറഞ്ഞ സംവിധായകാ, ഇതെന്റെ അഞ്ജലി.

നിങ്ങളൊരിക്കലും വായിക്കാത്തത്. എങ്കിലും ഞാനെങ്കിലും ഇനിയും പല തവണ വായിക്കാനിരിക്കുന്നത്...

'ചാരുലതയായിരുന്നു ഞാനാദ്യം കണ്ട ബംഗാളി സിനിമ. പഥേര്‍ പാഞ്ജലി അടക്ക മുള്ള മറ്റു പല  സത്യജിത് റേ സിനിമകളും ഋത്വിക് ഘട്ടക്കും മൃണാള്‍ സെന്നും ബുദ്ധദേവും ചില പുതുമുറക്കാരുമൊക്കെ കണ്ടുകഴിഞ്ഞിട്ടും 'ചാരുലതയാവുമോ ഞാനവസാനം കാണുന്ന ബംഗാളി സിനിമയും എന്നു വിചാരിച്ചുനടക്കുന്ന കാലത്തായിരുന്നു ഋതുപര്‍ണോ, നിങ്ങളെ ഞാനാദ്യം കാണുന്നത്.

'ഉന്നിഷെ ഏപ്രില്‍ നിങ്ങളുടെ രണ്ടാം സിനിമയായിരുന്നു. എന്റെ ആദ്യ നിങ്ങള്‍സിനിമയും. അതുവരെയില്ലാത്ത രീതിയില്‍, അതെന്റെ സിനിമാകാഴ്ചയെ മറ്റൊന്നാക്കുന്നത് അറിഞ്ഞു. ആന്തരികതയ്ക്ക് സിനിമയുടെ ഘടനയില്‍ ഇത്രയും ഇണക്കമുണ്ടാവുന്നതെങ്ങനെ എന്ന് ഞാന്‍ അന്ധാളിച്ചു. സിനിമയില്‍ ആയിരം അഭിനേതാക്കളെ കൈകാര്യം ചെയ്യുന്നതിലും ബുദ്ധിമുട്ടാണ് ഒറ്റ മനസ്സിന്റെ ഉള്‍വ്യാപാരങ്ങള്‍ പകര്‍ത്തുന്നത് എന്നു കേട്ടിട്ടുള്ളത് ഋതുപര്‍ണോ, നിങ്ങള്‍ അനായാസം മാറ്റിക്കുറിക്കുകയായിരുന്നു.

നിങ്ങളുടെ കയ്യിലിരുന്നു നായികയുടെ (ആവര്‍ത്തിക്കട്ടെ, നായികയുടെ) മനസ്സ് തുടിക്കുന്നത്, പെണ്ണകവേവിന്റെ നിങ്ങള്‍ക്കു മാത്രം മനസ്സിലാവുന്ന ഗൂഢലിപികള്‍ കയ്യടക്കത്തോടെ നിങ്ങള്‍ പ്രേക്ഷകനായി വിവര്‍ത്തനം ചെയ്യുന്നത് വിസ്മയത്തോടെ ഞാന്‍ കണ്ടു.

പിന്നെ ചോക്കര്‍ ബാലി, റെയിന്‍കോട്ട്, അബൊഹൊമന്‍... ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രതിഭാധനനായ യുവ സംവിധായകന്റെ  ഏകാന്തതീക്ഷ്ണങ്ങളായ സമുദ്രസഞ്ചാരങ്ങള്‍.

നിങ്ങളെപ്പോഴും നായികയോട് താദാത്മ്യപ്പെടുന്നതായി എനിക്കു തോന്നി. നായകന്‍ എന്റെയല്ല, പക്ഷേ ഇവള്‍ എന്റേത് എന്ന് നിങ്ങള്‍ ഒാരോ സിനിമയിലും പറഞ്ഞു. സിനിമയില്‍ അവള്‍ക്കു മുറിവേല്‍ക്കുമ്പോള്‍, നിങ്ങള്‍ ക്യാമറയ്ക്കു പുറത്തുനിന്ന് അവളെയൊന്നു സാന്ത്വനത്തോടെ തൊട്ടിരിക്കുമെന്ന് എനിക്കു തോന്നി.

ഋതുപര്‍ണോ, നിങ്ങളുടെ നായികമാര്‍ കരയാത്തവരായിരുന്നു. നെഞ്ചില്‍ തീ പടരുമ്പോഴും അവര്‍ അഭൌമമായ ഏതോ നിര്‍വികാരത അണിഞ്ഞു. വികാരവിക്ഷോഭത്തിന്റെ സൂചിമുനനിമിഷത്തില്‍ നിങ്ങള്‍ അവള്‍ക്കു മാത്രം കേള്‍ക്കാന്‍ മന്ത്രിച്ചിരിക്കണം: കരയരുത്.

എന്നിട്ട്, അവള്‍ ക്യാമറയെ നോക്കി കരയാതിരിക്കുമ്പോള്‍ നിങ്ങള്‍ പുറംതിരിഞ്ഞുനിന്ന് അവള്‍ക്കായി കരഞ്ഞിരിക്കണം.

ഋതുപര്‍ണോ, നിങ്ങളിലെ സ്ത്രൈണതയും ഉഭയലൈംഗികതയും വെറുംവാര്‍ത്തകളല്ലെന്നു പറയാന്‍ നിങ്ങള്‍തന്നെ വെമ്പുന്നതുപോലെ തോന്നി. ആണുടലിലെ പെണ്‍കാമന അറിയിക്കുന്ന 'ചിത്രാംഗദ നിങ്ങളുടെ സ്വാതന്ത്യ്രപ്രഖ്യാപനംപോലെയും തോന്നി. ഇനിയൊരു അവസരംകിട്ടുകയാണെങ്കില്‍ അര്‍ധനാരീശ്വരനെ പറ്റി നിങ്ങളൊരു സിനിമ എടുത്തേക്കാം എന്നും തോന്നിപ്പോയി.

ഞാനാദ്യം നിങ്ങളെ കണ്ട ദിവസത്തിന്റെ പിറ്റേന്നായിരുന്നു നിങ്ങളെ ഞാന്‍ അവസാനം കണ്ടതും.

രണ്ടു വര്‍ഷംമുമ്പ് ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് പുരസ്കാരവേള. തലേന്ന് റിഹേഴ്സല്‍. നിങ്ങളായിരുന്നു മികച്ച സംവിധായകന്‍. എനിക്കുമുണ്ടായിരുന്നു ഒരു അവാര്‍ഡ്.

അവാര്‍ഡ്ദാനത്തിനുമുമ്പുള്ള മടുപ്പിക്കുന്ന ഇടവേളയില്‍, അടുത്തിരിക്കുന്ന ആരെയെങ്കിലും പരിചയപ്പെടണമെന്നു തോന്നിയപ്പോള്‍ അമിതാഭ് ബച്ചനെ മറികടന്ന് ഞാന്‍ നിങ്ങള്‍ക്കരികിലേക്കു വന്നു. സ്വയംപരിചയപ്പെടുത്തി. പെണ്ണുടയാടകളായിരുന്നു നിങ്ങളുടേത്. ഒപ്പം, ചില ആഭരണങ്ങളും. എന്തൊക്കെയോ ഞാന്‍ ചോദിച്ചു. എന്റെ സിനിമ കണ്ടതുകൊണ്ടുണ്ടായ പരിചിതത്വത്തിലാവണം, നിങ്ങള്‍ സ്നേഹത്തോടെ പതിഞ്ഞ ശബ്ദത്തില്‍ മറുപടി പറഞ്ഞുകൊണ്ടിരുന്നു...

സംസാരിച്ചിരിക്കവെ, പുരസ്കാരദാനത്തിനു സമയമായെന്ന പ്രഖ്യാപനം.

ഇരിപ്പിടത്തിലേക്കു മടങ്ങുന്നതിനുമുമ്പ് ഞാന്‍ അവസാനമായി പറഞ്ഞു: - നിങ്ങളുടെ നായികമാര്‍ എത്ര ഗംഭീരകള്‍, ഏതു പുരുഷനും അനുരാഗം തോന്നുംവിധം...!

അതുകേട്ട് നിങ്ങള്‍ സ്ത്രൈണസൌമനസ്യത്തോടെ ചിരിച്ചത് എനിക്കോര്‍മയുണ്ട്. എന്നിട്ടു പറഞ്ഞതും: - ഞാനൊഴിച്ച്....

അതു പറയുമ്പോള്‍ ഋതുപര്‍ണോ, നിങ്ങളുടെ കാതിലോലകള്‍ കാറ്റിലാടി...