സ്നേഹിച്ച്, കലഹിച്ച് തലകുനിക്കാതെ...

തിലകൻ.

മലയാള സിനിമയുടെ പെരുന്തച്ചൻ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് മൂന്ന് വർഷം. മലയാള സിനിമയുടെ അഭിമാനവും ആത്മവിശ്വാസവുമായിരുന്നു തിലകൻ. തിരശീലയിലെ അഭിനയയിടങ്ങളുടെ സാധ്യതയും ചാരുതയും അറിയിച്ചാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്. പകരംവയ്ക്കാനാവാത്തത് എന്ന സാധാരണ വിശേഷണത്തെ ഗാംഭീര്യത്തോടെ തിലകൻ എന്ന നാമത്തോടു ചേർത്ത് നാം ഓർമിക്കുന്നു.

എവിടെയും തലകുനിക്കാത്ത പോരാളിയായിരുന്നു തിലകൻ. സാധാരണഗതിയിൽ ഒരു നടനെ പരീക്ഷിക്കുന്ന കഥാപാത്രങ്ങളെ അതുകൊണ്ടാണ് അദ്ദേഹത്തിന് അനായാസം തോൽപിക്കാൻ കഴിഞ്ഞതും. ഒരു മികച്ച നടനുമാത്രം കഴിയാവുന്നവിധം അദ്ദേഹം തന്റെ ഓരോ കഥാപാത്രത്തിനും അപൂർവമായ ഉയിരും മിഴിവും പകർന്ന് അവരെ സിനിമാ ചരിത്രത്തിന്റെ താളുകളിലെത്തിച്ചു. തിലകൻ ജീവൻ പകരാത്ത അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ പേരോർമിക്കാൻ പറഞ്ഞാൽ മലയാളിക്ക് ഉത്തരംമുട്ടുമെന്നുറപ്പ്. സ്വയം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത തന്റെ അഭിനയവിദ്യാലയത്തെ വളർത്തി വലുതാക്കി തിലകൻ എപ്പോഴും മനസ്സിൽ കൊണ്ടുനടന്നു. ‌ സിനിമയിലേക്കെത്തുന്ന പുതുമുറക്കാർക്കു താൻ പഠിച്ച പാഠങ്ങൾ സ്നേഹത്തോടെ ചൊല്ലിക്കൊടുത്തു. മുന്നിലിരിക്കുന്ന മഹാനടന്റെ ഉള്ളിലെ സമ്പന്നമായ അഭിനയ സർവകലാശാല വിസ്മയാദരം അവർ അപ്പോൾ തിരിച്ചറിഞ്ഞു. അരങ്ങിലേക്ക് വഴിതെറ്റിയെത്തിയ നടനായിരുന്നില്ല തിലകൻ. സാഹചര്യങ്ങളുടെ യാദൃച്ഛികതകളിൽപ്പെട്ട് എത്തിപ്പെട്ടതുമായിരുന്നില്ല. അഭിനയം അദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു. അഭിനയത്തിന്റെ പല കൈവഴികളിലേക്ക് തിരിഞ്ഞപ്പോഴും നാടക വേദിയെ ഒരിക്കലും കൈവിടാത്ത നടനായിരുന്നു തിലകൻ.

വിവാദങ്ങളെത്തുടർന്ന് സിനിമയിൽനിന്ന് അകറ്റിനിർത്തിയപ്പോൾ 2010 ജനുവരി 11ന് നാടകവേദിയിൽ സജീവമായിക്കൊണ്ടാണ് തിലകൻ തിരിച്ചടിച്ചത്. അക്ഷരജ്വാലയുടെ ‘ഇതോ ദൈവത്തിന്റെ സ്വന്തം നാട് എന്ന നാടകത്തിൽ കേന്ദ്രകഥാപാത്രമായ സൂര്യനാരായണനെ അവതരിപ്പിച്ചു തിലകൻ രംഗത്തെത്തി. നാടകത്തിന്റെ സംവിധാനവും തിലകൻതന്നെയാണു നിർവഹിച്ചത്. താര സംഘടനയായ ‘അമ്മയോട് ഏറ്റുമുട്ടിയപ്പോൾ ഏതാനും വർഷങ്ങൾ തിലകൻ സിനിമയിൽ സജീവമല്ലാതായി. തിലകന്റെ പ്രകടനം കണ്ടത് മാധ്യമങ്ങളിൽ മാത്രമായിരുന്നു എന്ന നിർഭാഗ്യ അവസ്ഥ. സിനിമയിൽ നിന്ന് മാറ്റിനിർത്തിയപ്പോഴും നിലപാടുകളിൽ നിന്ന് മാറാൻ തയാറാകാതിരുന്ന തിലകൻ അജയ്യനായി രണ്ടാം വരവു നടത്തുകയായിരുന്നു സമീപ വർഷങ്ങളിൽ.

കിരീടം, കാട്ടുകുതിര, സ്ഫടികം, പെരുന്തച്ചൻ, അയനം, പഞ്ചാഗ്നി തുടങ്ങിയ ഒന്നാം ഘട്ടത്തെ ഉജ്വല സിനിമകളുടെ നിരയിലേക്ക് തിലകൻ വീണ്ടും കയറിവരുന്ന കാഴ്ചയാണ് സിനിമാ ലോകം കണ്ടത്. ആരു മാറ്റി നിർത്തിയാലും പ്രേക്ഷകരുടെ സ്നേഹത്തിന്റെ ശക്തികൊണ്ട് താൻ അതിജീവിക്കുമെന്ന നിലപാടുകാരനായ തിലകന് അത് സത്യമാണെന്ന് തെളിയിക്കാനായി. ഇന്ത്യൻ റുപ്പി, ഉസ്താദ് ഹോട്ടൽ, സ്പിരിറ്റ് എന്നീ ചിത്രങ്ങളിൽ തിലകന്റെ കഥാപാത്രത്തിനു കിട്ടിയ വരവേൽപ്പ് അതാണ് തെളിയിച്ചത്. ഇവിടം സ്വർഗമാണ്, അച്ഛൻ, ഏകാന്തം തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷം തിലകനു കിട്ടി.

കഠിനമായ കലഹവും അതിലും കഠിനമായ സ്നേഹവുംകൊണ്ട് എഴുതിയ ആത്മകഥയാണു തിലകന്റേത്. അഭിനയം പ്രഥമമായും അവനവന്റെ ആനന്ദമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു; അതു കാഴ്ചക്കാരനിലേക്കു പകരാനാവുന്നതാണു കലാകാരന്റെ സാഫല്യമെന്നും. വേഷമിട്ടയാൾ മടങ്ങിയാലും വേഷങ്ങൾ ചിരകാലം നിലനിൽക്കുമെന്നു തിലകൻ തിരിച്ചറിഞ്ഞു. ഇന്ന് ആ തിലകക്കുറി മാഞ്ഞ നെറ്റിയിലെ വിയർപ്പുകണങ്ങളൊപ്പി മലയാള സിനിമ കിതച്ചു കിതച്ചു മുന്നോട്ടു പോകുമ്പോൾ ആ വലിയ നടന്റെ ഓർമകൾക്ക് മുന്നിൽ തല കുനിക്കാം നമുക്ക്......