മലയാള സിനിമയുടെ ഉസ്താദ്

വിൻസന്റ് മാഷിന്റെ ഏറ്റവും വലിയ സവിശേഷത അദ്ദേഹം മലയാള സിനിമയിൽ എല്ലാ നിലയ്ക്കും കാലത്തിനു മുൻപേ നടന്ന ഒരാളായിരുന്നു എന്നതാണ്. ക്യാമറയിലൂടെ അദ്ദേഹത്തിന്റെ കണ്ണുകൾ കണ്ടതത്രയും മാഞ്ഞുപോകാത്ത ദൃശ്യങ്ങളായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽനിന്ന് കളറിലേക്കുള്ള പരിണാമകാലത്ത് അതിന്റെ വെല്ലുവിളികൾ ഏറ്റവും സമർഥമായി നേരിട്ട ഒരു ഛായാഗ്രാഹകൻ ആയിരുന്നു അദ്ദേഹം. ഛായാഗ്രഹണത്തിലെ സാങ്കേതികതയും സർഗപരതയും സമന്വയിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ മികവ് അദ്ഭുതകരമായിരുന്നു.

സാങ്കേതികവിദ്യയും സൗകര്യങ്ങളും വേണ്ടത്ര വികസിക്കാതിരുന്ന കാലത്തും ലഭ്യമായത് ഉപയോഗിച്ച് വലിയ പരീക്ഷണങ്ങൾ നടത്തി വിജയിപ്പിക്കാൻവിൻസന്റ് മാഷിന്റെ ക്യാമറയ്ക്കു കഴിഞ്ഞു. ക്യാമറ വെളിച്ചത്തിന്റെ കലയാണല്ലോ. സ്വാഭാവിക പ്രകാശത്തിന്റെ ഉപയോഗത്തിൽ വലിയ വൈദഗ്ധ്യം അദ്ദേഹം ചെയ്ത സിനിമകളിൽ കാണാം. ഭാർഗവി നിലയം പോലെ ഒരു സിനിമയിൽപ്രേതം പ്രത്യക്ഷപ്പെടുന്ന രംഗങ്ങൾ അടക്കം ട്രിക്ക് ഫൊട്ടോഗ്രഫിയിൽ മലയാള സിനിമയിലെ ഒരു ഉസ്താദായിരുന്നു അദ്ദേഹം.

കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിനൊടുവിൽ കോഴിക്കോട്ടാണ് അദ്ദേഹം ജനിച്ചത്. കോഴിക്കോട്ടെ കുട്ടിക്കാലം തന്റെ ജീവിതത്തിലെ പ്രധാ ശക്തിയും സ്വാധീനവുമായിട്ടാണ് മാഷ് വിലയിരുത്തിയിട്ടുള്ളത്. പിതാവ് ഒരു ഫൊട്ടോഗ്രഫറായിരുന്നു. അദ്ദേഹത്തിന് വീടിനോടു ചേർന്ന് ഒരു ഡാർക്ക് റൂം ഉണ്ടായിരുന്നു. വിൻസന്റ് മാഷിന്റെ ഏറ്റവും ആദ്യ സ്മരണ അതാണ്. ഡാർക്ക് റൂമിലെ ചുവന്ന വെളിച്ചവും ഒരു ചെറിയ സ്റ്റൂളും. അപ്പോൾ മൂന്നോ നാലോ വയസാണ്. പിന്നീട് പിതാവിന്റെ ഒരു സഹായി ആയി ഡാർക്ക് റൂമിലെ ജോലികളെല്ലാം പഠിച്ചു. എല്ലാ ദിവസവും രാവിലെ ഡാർക്ക് റൂം വൃത്തിയാക്കും. സൗകര്യങ്ങൾ ഒരുക്കും. ഫിലിം ഡവലപ് ചെയ്യുന്നതും പ്രിന്റ് ചെയ്യുന്നതുമായ ജോലികൾ ചെറുപ്പത്തിലെ പഠിച്ചത് ഭാവിയിൽ ഛായാഗ്രഹണജോലികൾക്ക് കുറച്ചൊന്നുമല്ല സഹായിട്ടുളളത്. ഡാർക്ക് റൂമിൽ ശൂന്യമായ ഒരു ഫിലിം ഷീറ്റിലേക്ക് ദൃശ്യം രൂപപ്പെടുന്നതാണ് തനിക്ക് ഏറ്റവും പ്രിയങ്കരമായ ആദ്യ വിഷ്വൽ ഇമേജ് എന്ന് മാഷ് പറഞ്ഞിട്ടുണ്ട്. തലമുടി ചാരനിറമായി നെഗറ്റീവിൽ തെളിയുന്ന ആ രംഗം.

വിൻസന്റ് മാഷിന്റെ പിതാവ് ഫൊട്ടോഗ്രഫർ മാത്രമായിരുന്നില്ല. അദ്ദേഹം സിനിമാ തിയറ്ററിലെ പ്രൊജക്ടർ ഓപ്പറേറ്റർ കൂടിയായിരുന്നു. പിതാവിനൊപ്പം കോഴിക്കോട്ടെ തിയറ്ററിൽ പോകാനും ചെറുപ്പത്തിലേ സിനിമകൾ കാണാനും സാധിച്ചു. നാലാം വയസിലാണ് ആദ്യ സിനിമകണ്ടത്. അതു നിശബ്ദ സിനിമയുടെ കാലമായിരുന്നു. തിയറ്ററിൽ വെള്ളിത്തിരയിൽ ദൃശ്യങ്ങൾ തെളിയുമ്പോൾ പിന്നിലിരുന്ന് ഒരു ഓർക്കസ്ട്ര പശ്ചാത്തലസംഗീതം കൊടുക്കുകയും ഗാനമാലപിക്കുകയും ചെയ്യുന്നതായിരുന്നു അന്നത്തെ രീതി. 1936ലാണ് ആദ്യമായിപേശും പടം കാണുന്നത്. മലയാള സിനിമ സജീവമായി വരുന്നത് 1947നു ശേഷമാണ്. അതേ കാലത്തു തന്നെ സിനിമയിലേക്ക് എത്താൻ കഴിഞ്ഞുവെന്നതാണ് വിൻസന്റ് മാഷിന്റെ പ്രത്യേകത. 1947ൽ സ്വാതന്ത്യ്രത്തിനു തൊട്ടുമുൻപാണ് ജെമിനി സ്റ്റുഡിയോയിൽ ചേരുന്നത്. ഇരുപതു വയസ്സായിട്ടില്ല അപ്പോൾ. പ്രശസ്തമായ ചന്ദ്രലേഖ എന്ന സിനിമയുടെ ജോലികൾ അപ്പോൾ ജെമിനി സ്റ്റുഡിയോയിൽ നടക്കുകയായിരുന്നു.

1953ൽ ജെമിനി സ്റ്റുഡിയോയിൽ ഒരു അസി. ഛായാഗ്രാഹകനായി ചേർന്നു. അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ച നീലക്കുയിൽ ഇറങ്ങുന്നത് 1954ലാണ്. മലയാള സിനിമയിൽ പ്രകൃതിയെ നേരിട്ട് ക്യാമറയിലേക്ക് കൊണ്ടുവന്നത് വിൻസന്റ് മാഷാണ്. അതുവരെ സിനിമകളെല്ലാം സ്റ്റുഡിയോക്കകത്തെ സെറ്റുകളിൽ മാത്രമായിരുന്നു. പ്രകൃതി ദൃശ്യങ്ങൾ മാത്രമല്ല ഇടിയും മിന്നലും കാറ്റും മഴയും തുടങ്ങിയ കാര്യങ്ങളുംസിനിമയിൽ മികവോടെ ആദ്യം ചിത്രീകരിച്ചതും അദ്ദേഹമായിരുന്നു. 1964ലിറങ്ങിയ ഭാർഗവീനിലയം സംവിധായകൻ എന്ന നിലയിലും വിൻസന്റ് മാഷിന് വലിയ കീർത്തി നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ നദി, ത്രിവേണി തുടങ്ങിയ പടങ്ങളിലൂടെയാണ് മലയാള സിനിമയിൽ കളർ രംഗപ്രവേശനം ചെയ്യുന്നത്.

53 വർഷമാണ് എ. വിൻസന്റ് മലയാള സിനിമയുടെ ഭാഗമായി നിന്നത്. വിൻസന്റ് മാഷ് ഒരിക്കൽ പറഞ്ഞത്, താൻമൂന്നാം വയസ് മുതൽ ക്യാമറയ്ക്കൊപ്പമായിരുന്നുവെന്നാണ്.അങ്ങനെ നോക്കുമ്പോൾ ജീവിതമത്രയും ക്യാമറയൊടൊപ്പമായിരുന്നു എ. വിൻസന്റ് എന്നു വിശേഷിപ്പിക്കുന്നത് അതിശയോക്തിയാകില്ല. സാങ്കേതികവിദ്യയും സമീപനങ്ങളും സാഹചര്യങ്ങളും മാറിമറിഞ്ഞിട്ടും വിൻസന്റ് മാഷിന് അതെല്ലാം സ്വാംശീകരിക്കാൻ പ്രയാസമുണ്ടായില്ല. എന്നാൽ, വിഡിയോയുടെയും ഡിജിറ്റൽ ക്യാമറയുടെയും കാലത്ത് ഛായാഗ്രഹണകലയുടെ നൈസർഗികത കുറയുന്നതായി അദ്ദേഹത്തിനു പരാതിയുണ്ടായിരുന്നു. ഏതു മാധ്യമത്തിലായാലും അദ്ധ്വാനത്തിന്റെയും ഭാവനാശക്തിയുടെയും ഇടപെടൽ കുറയുമ്പോൾ കലാമേൻമ കുറയുമെന്നതായിരുന്നു മാഷിന്റെ നിരീക്ഷണം.