ആടിലും ലിച്ചിയാണ് താരം; വിഡിയോ

സൂപ്പർഹിറ്റായ ആട് 2–വിന്റെ 100–ാം ദിനാഘോഷം കഴിഞ്ഞ ദിവസമാണ് നടന്നത്. ചടങ്ങിൽ വച്ച് കോട്ടയം കുഞ്ഞച്ചൻ 2, ആട് 3 തുടങ്ങിയ ചിത്രങ്ങളുടെ പ്രഖ്യാപനവും നടന്നു. മമ്മൂട്ടിയുൾപ്പടെയുള്ള താരങ്ങൾ പങ്കെടുത്ത ചടങ്ങിൽ പക്ഷെ താരമായത് മറ്റൊരാളാണ്. മലയാളികളുടെ സ്വന്തം ലിച്ചി എന്ന അന്ന രാജൻ. 

2017 മാർച്ച് 3–നു റിലീസായ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ലിച്ചിയെ മലയാളികൾ അറിയുന്നത്. കൃത്യം ഒരു വർഷം പൂർത്തിയാകുന്ന വേളയിലാണ് ലിച്ചി അതേ നിർമാണ കമ്പനിയുടെ മറ്റൊരു ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാനെത്തുന്നത്. മെറൂൺ നിറത്തിൽ വെള്ളപ്പുള്ളികളുള്ള ചുരിദാറണിഞ്ഞാണ് ലിച്ചി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയത്. സാധാരണ നടിമാർ ഇത്തരം ചടങ്ങുകളിൽ ആഡംബരത്തിനൊട്ടും കുറവു വരാതെ ഒരുങ്ങി വരുമ്പോൾ സിമ്പിളായെത്തിയ ലിച്ചി കാണികളുടെ മനം കവർന്നു. സ്വതസിദ്ധമായ ചിരിയോടെ പരിപാടിയിലുടനീളം ഒാടി നടന്ന ലിച്ചി ആട് 2–വിന്റെ അണിയറക്കാരെ ആദരിക്കുന്നതിലും പങ്കു കൊണ്ടു. 

ചിത്രം: indiancinemagallery

അങ്കമാലി ഡയറീസിനു ശേഷം മോഹൻലാൽ നായകനായ വെളിപാടിന്റെ പുസ്തകത്തിൽ ലിച്ചി അഭിനയിച്ചിരുന്നു. അജു വർഗീസും ധ്യാൻ ശ്രീനിവാസനും അഭിനയിക്കുന്ന സച്ചിൻ ആണ് ലിച്ചിയുടെ പുതിയ ചിത്രം. അരങ്ങേറ്റം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാകുമ്പോൾ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു ഇൗ നടി.