യൂത്തന്മാരെ വെല്ലാൻ ദിലീപ്

ജനപ്രിയ നായകനെന്നാണ് ദിലീപിന്റെ വിളിപ്പേര്. കോമഡി–കുടുംബ സിനിമകളിലൂടെ അദ്ദേഹം നേടിയെടുത്തതാണ് ആ വിശേഷണം. എന്നാൽ ആ ട്രാക്കിൽ നിന്ന് മാറിയാണ് അടുത്തിടെയായി അദ്ദേഹത്തിന്റെ സഞ്ചാരം. ദിലീപിനു ഹാസ്യമേ വഴങ്ങൂ എന്ന പറഞ്ഞവർക്കു മുന്നിലാണ് രാമലീല എന്ന സിനിമ അദ്ദേഹം വിജയിപ്പിച്ച് കാണിച്ചത്. 

വിഷുവിന് പുറത്തിറങ്ങുന്ന കമ്മാരസംഭവം എന്ന പുതിയ ചിത്രത്തിലും ദിലീപ് നമ്മെ ചിരിപ്പിക്കുകയല്ല മറിച്ച് ത്രില്ലടിപ്പിക്കുകയാവും ചെയ്യുക എന്നാണ് അദ്ദേഹത്തിന്റെ പുതിയ ലുക്കും ചിത്രത്തിന്റെ പോസ്റ്ററുകളും സൂചിപ്പിക്കുന്നത്. കട്ട താടിയുമായി കട്ടി മീശയോടെ കൂളിങ് ഗ്ലാസ് വച്ചുള്ള ദിലീപിന്റെ ലുക്ക് സമൂഹമാധ്യമങ്ങിൽ വൈറലാണ്. ധാരാളം ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങി. ഗപ്പിയിലെ ടൊവിനോയുടെ ലുക്കുമായി സാദൃശ്യപ്പെടുത്തിയായിരുന്നു ചിലത്. യൂത്തന്മാരെ പോലും തോൽപ്പിക്കുന്ന ലുക്കിലാണ് താരം എത്തിയതെന്നായിരുന്നു ട്രോളന്മാരുടെ കമന്റ്.

ചില പോസ്റ്ററുകളിൽ പട്ടാള സ്റ്റൈൽ യൂണിഫോമും തൊപ്പിയുമാണ് ജനപ്രിയ നായകന് മാറ്റു കൂട്ടുന്നത്. ഒരു പോസ്റ്ററിലാവട്ടെ ചുരുട്ട് വലിച്ച് കട്ട കലിപ്പിലാണ് ദിലീപിനെ അവതരിപ്പിച്ചിരിക്കുന്നത്.

ആകെ മൊത്തം മൂന്ന് ലുക്കുകളിലാണ് ചിത്രത്തിൽ ദിലീപ് പ്രത്യക്ഷപ്പെടുക. പ്രായമായ രൂപത്തിലുള്ള അദ്ദേഹത്തിന്റെ ലുക്കും അതിനു വേണ്ടി വന്ന മേക്കപ്പുമൊക്കെ ഏറെ ചർച്ചയായിരുന്നു. ചിരിച്ചും തമാശ പറഞ്ഞും മാത്രം കണ്ടിട്ടുള്ള താരത്തിന്റെ വ്യത്യസ്തത നിറഞ്ഞ മുഖങ്ങളാണ് ചിത്രത്തിൽ കാണാനാവുകയെന്ന് അണിയറക്കാരും പറയുന്നുണ്ട്. പ്രശസ്ത പരസ്യ സംവിധായകനായ രതീഷ് അമ്പാട്ടാണ് കമ്മാരസംഭവത്തിനു പിന്നിൽ. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. തമിഴ് താരം സിദ്ധാർഥും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.