Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നു കളിയാക്കിയവർ ഇന്നു വാഴ്ത്തുന്നു

Dinesh Karthik Dipika Pallikal

ഒറ്റ മത്സരം കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിന്റെ സൂപ്പർ ഹീറോ ആയി മാറിയിരിക്കുകയാണ് ദിനേശ് കാർത്തിക്ക്. ബംഗ്ലാദേശിനെതിരായുള്ള ഫൈനലിൽ അവസാന പന്തിൽ സിക്സടിച്ച് ഇന്ത്യയെ വിജയിപ്പിച്ച കാർത്തിക്ക് ഇന്ത്യയുടെ മാത്രമല്ല സ്വന്തം ഭാര്യയുടെ അഭിമാനം കൂടിയാണ് ഉയർത്തിയത്. മൂന്ന് വർഷം മുമ്പ് ഒട്ടേറെ വിവാദങ്ങളുണ്ടായിട്ടും അപവാദങ്ങൾ കേട്ടിട്ടും തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ച ദീപിക പള്ളിക്കൽ എന്ന പെൺകുട്ടിക്ക് അഭിമാനത്തോടെ തലയുയർത്തി നടക്കാനുള്ള അവസരം കാർത്തിക്ക് ഉണ്ടാക്കി കൊടുത്തു. 

dipika-dinesh

സ്ക്വാഷ് കോർട്ടിലെ മിന്നും താരമായിരുന്നു ദീപിക. കരിയറിന്റെ മികച്ച ഘട്ടത്തിൽ നിൽക്കുമ്പോഴാണ് ദിനേശ് കാർത്തിക്കിനെ വിവാഹം കഴിക്കാൻ ദീപിക തീരുമാനിക്കുന്നത്. എന്നാൽ അന്ന് ആ തീരുമാനം വലിയ വിവാദങ്ങൾക്കു വഴി വച്ചിരുന്നു. കാർത്തിക്കിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. കാർത്തിക്കും ദീപികയും 2013 മുതൽ തന്നെ പ്രണയത്തിലായിരുന്നുവെന്ന വെളിപ്പെടുത്തൽ വന്നതോടെയാണ് വിവാദങ്ങളുമുണ്ടായത്. പിന്നീട് അതൊന്നും വകവയ്ക്കാതെ ഇരുവരും വിവാഹിതരായി. 

പിന്നീടും ഒരുപാട് വെല്ലുവിളികൾ ഇവരുടെ ജീവിതത്തിലുണ്ടായി. ഒരിക്കൽ ഭർത്താവിനെ ‘സൗന്ദര്യമില്ലാത്തവൻ’ എന്നു വിശേഷിപ്പിച്ച മാധ്യമപ്രവർത്തകനെ ദീപിക കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ‘കുറച്ചെങ്കിലും ബോധത്തോടുകൂടി കാര്യങ്ങൾ എഴുതണമെന്നും തന്റെ ഭർത്താവ് ‘ഹോട്ട്’ ആണെന്നും അന്നു ദീപിക പറഞ്ഞു. 

വിവാഹിതരായ ശേഷവും ഇരുവരുടെയും കരിയറിൽ കാര്യമായ പുരോഗതിയുണ്ടായില്ല. ദീപിക സ്ക്വാഷ് കളത്തിൽ നിന്ന് ഏതാണ്ട് വിട്ടു മാറിയപ്പോൾ ദിനേശ് കാർത്തിക്ക് ഇന്ത്യൻ ടീമിൽ വന്നും പോയുമിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസമാണ് ഒാർത്തു വയ്ക്കാൻ പോന്നാരു ഇന്നിങ്സ് കാർത്തിക്കിന്റെ ബാറ്റിൽ നിന്നു പിറന്നത്. ‘പ്രൗഡ് വൈഫ് ’ എന്ന അടിക്കുറിപ്പോടെയാണ് ദീപിക ഭർത്താവിന്റെ ചിത്രം ഇൻസ്റ്റാഗ്രമിൽ പങ്കു വച്ചത്. അതു വരെ കളിയാക്കിയവർ പോലും അഭിനന്ദിക്കുന്ന നേട്ടമാണ് കാർത്തിക്ക് സ്വന്തമാക്കിയതും.