പൃഥ്വിയുടെ സ്പീഡ് പേടി: മല്ലിക

സൂപ്പർസ്റ്റാർ പൃഥ്വിരാജ്  നാല് കോടിയുടെ ലംബോർഗിനി വാങ്ങിച്ചതും ടാക്സ് അടച്ചതും ഒക്കെ മലയാളക്കര ആഘോഷമാക്കിയ വാർത്തയാണ്. കോടികൾ വിലയുള്ള കാറിനെ കുറിച്ച്  പുറത്തു വരുന്നത് ഇപ്പോൾ പുതിയ വിശേഷങ്ങളാണ്. ഇത്രയും വില പിടിപ്പുള്ള കാർ തിരുവനന്തപുരത്തുള്ള സ്വന്തം തറവാട്ടിലേക്ക്  കൊണ്ട് വരാൻ പറ്റുന്നില്ലത്രേ. പറയുന്നത് അമ്മ മല്ലിക സുകുമാരനാണ്. ഇതിനുള്ള കാരണവും അവർ തന്നെ വെളിപ്പെടുത്തുന്നു. തിരുവനന്തപുരത്ത് വീട്ടിലേക്കുള്ള വഴി തീരെ മോശമാണ്. അതുവഴി ലംബോർഗിനി കൊണ്ടുവന്നാൽ വാഹനത്തിന്റെ അടിവശം തട്ടാനുള്ള സാധ്യതയുണ്ട്.

വർഷങ്ങളായി റോഡ് നന്നാക്കി തരണമെന്ന് ആവശ്യപ്പെട്ട് കോർപറേഷനും അധികാരികൾക്കും പരാതി നൽകിയിരുന്നുവെന്ന് മല്ലികാ സുകുമാരൻ പറയുന്നു.  ‘ഈ വീട്ടില്‍ ഇന്ദ്രജിത്തിന്റെ പുതിയ കാര്‍ വന്നു, പൃഥ്വിരാജിന്റെ പോര്‍ഷെ ടര്‍ബോ വന്നു. പക്ഷേ, പൃഥ്വിയുടെ പുതിയ ലംബോര്‍ഗിനി കൊണ്ടുവന്നിട്ടില്ല. കഴിഞ്ഞ ദിവസം പൃഥ്വിരാജിനോട് ഞാന്‍ ചോദിച്ചു എന്താ മോനെ ലംബോര്‍ഗിനി കൊണ്ടുവരാത്തെന്ന്. അവന്‍ പറഞ്ഞു ‘ആദ്യം അമ്മ ഈ റോഡ് നന്നാക്കാന്‍ നോക്കൂ. കുറേ വര്‍ഷങ്ങളായി പറയുന്നുണ്ടല്ലോ ആരോടൊക്കെയോ പറഞ്ഞു ഇപ്പൊ ശരിയാക്കാമെന്ന്’.

ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്

മുൻപ് മിനി ബസ് ഓടിയിരുന്ന വഴിയാണിത്. ഇപ്പോൾ ആകെ തകർന്നു കിടക്കുകയാണ്. ഈ ഭാഗത്തുള്ള മുഴുവൻ പേരും കൂടി ഒപ്പിട്ടാണ് നിവേധനം നൽകിയിരുന്നത്. പക്ഷേ വർഷങ്ങളായി റോഡ് തകർന്നു കിടക്കുകയാണ്. എംഎൽഎയും കൗൺസിലർമാരും ഇക്കുറി റോഡ് നന്നാക്കി തരാമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നും മല്ലിക പറയുന്നു.

തന്റെ മക്കളിൽ ഇന്ദ്രജിത്ത് വണ്ടി ഓടിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും മല്ലിക പറയുന്നു. ‘ഇന്ദ്രനും പൃഥ്വിയും നന്നായി വാഹനമോടിക്കും പക്ഷേ, ഇന്ദ്രജിത്ത് ഓടിക്കുന്നതാണ് എനിക്ക് സമാധാനം. രാജുവിന് ഭയങ്കര സ്പീഡാണ്. ഇത്ര സ്പീഡ് വേണ്ടെന്ന് ഞാന്‍ പറയാറുണ്ട്. പക്ഷെ അപ്പോള്‍ അവന്‍ പറയും ഇല്ലമ്മേ റോഡ് ക്ലിയര്‍ ആകുമ്പോഴല്ലേ ഞാന്‍ സ്പീഡില്‍ പോകുന്നന്നതെന്ന്. നമ്മുടെ കേരളത്തിലെ അവസ്ഥ പക്ഷെ അങ്ങനെയല്ല. ഓടിക്കുന്ന നമ്മള്‍ ചിലപ്പോള്‍ നല്ല ആത്മവിശ്വാസത്തിലായിരിക്കും നിയമങ്ങള്‍ മറ്റും ശ്രദ്ധിച്ചു വളരെ സൂക്ഷ്മതയോടെ ഓടിക്കുന്നവരായിരിക്കും. പക്ഷേ, എതിരെ വരുന്നവര്‍ അങ്ങനെയല്ലല്ലോ . എതിരെ വരുന്ന വണ്ടി ഏതവസ്ഥയിലാണെന്ന് നമുക്ക് യാതൊരു രൂപവും ഉണ്ടായിരിക്കില്ല. പലയിടത്തും ഞാന്‍ കണ്ടിട്ടുണ്ട്. പ്രധാന ബസില്‍ പോലും ഡ്രൈവര്‍ ഇല്ലെങ്കില്‍ അതിലെ കിളിയായിരിക്കും വണ്ടി ഓടിക്കുന്നത്.’ മല്ലിക പറയുന്നു.