ആമിറിന്റെ കയ്യില്‍ ‘മഹാഭാരതം’ തന്നെ

ദംഗൽ എന്ന സൂപ്പർഹിറ്റിന് ശേഷം ആമിർ നായകനാകുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ ചിത്രീകരണം ഏതാണ് പൂർത്തിയായി കഴിഞ്ഞു. നവംബര്‍ ആദ്യമാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഇതിനിടെ അണിയറയിൽ മറ്റൊരു ഇതിഹാസ ചിത്രവും ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ‌ഇതെന്നും മഹാഭാരതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ ആമിർ ഖാനാകും നായകനാകുക എന്നും വാർത്തകൾ ഉണ്ട്. 

മഹാഭാരതം കൈയ്യിൽ പിടിച്ച് നിൽക്കുന്ന ആമിർ ഖാന്റെ ഒരു ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ബാഹുബലി സംവിധായകൻ എസ്എസ് രാജമൗലിയുമായി പ്രാരംഭ ചർച്ചകൾ നടന്നുവെന്നും റിപ്പോർട്ടുണ്ട്. എന്തായാലും ഈ ഫോട്ടോ പുറത്തു വന്നതോടെ വാർത്ത വിശ്വസനീയമായിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.

അടുത്ത പ്രോജക്ട് മഹാഭാരതം തന്നെയാണെന്നാണ് ആമിറിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. റിലയൻസുമായി ചേർന്ന് ആമിർ തന്നെ നിർമിക്കുന്ന ചിത്രം പക്ഷേ വെബ് സീരിസ് ആയാണോ അതോ സിനിമയാക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

വെബ് സീരിസ് ആക്കുകയാണെങ്കിൽ അതിൽ പുതുമുഖങ്ങളെ അവതരിപ്പിക്കാനാണ് ആമിർ ശ്രമിക്കുന്നത്. സൂപ്പർതാരങ്ങള്‍ എത്തുമ്പോഴുണ്ടാകുന്ന ഭീകരമായ ബജറ്റ് ഒഴിവാക്കാനാണ് ആമിർ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. എന്നാൽ സീരിസിൽ കൃഷ്ണനായി ആമിര്‍ തന്നെയാകും എത്തുക. 

ആമിറിനൊപ്പം റിലയൻസ് കോ പ്രൊഡ്യൂസറാകുന്ന ഈ ചിത്രം പത്ത് ഭാഗങ്ങളായാണ് പുറത്ത് വരുക. സംവിധായകനെ തീരുമാനിച്ചിട്ടില്ല. രാജമൗലിയുള്‍പ്പെടെ ഇന്ത്യന്‍ സിനിമയിലെ പ്രഗത്ഭരെയാകും ആമിർ നോക്കുക.  

ഇത് സിനിമയായി കാണാനും അദ്ദേഹത്തിന് ആഗ്രഹമുണ്ട്. വമ്പൻതാരങ്ങൾ അഭിനയിക്കേണ്ടി വരുന്നതിനാൽ ആ കാര്യത്തിൽ കുറച്ചുകൂടി വ്യക്തത ലഭിക്കേണ്ടതായുണ്ട്.