മീര ജാസ്മിനോ ലാലോ?; സണ്ടക്കോഴി 2വിലെ സർപ്രൈസ്

തമിഴ് സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ആക്​ഷൻ ചിത്രമാണ് വിശാലിന്റെ സണ്ടക്കോഴി 2. സംവിധായകൻ ലിംഗുസാമിയും വിശാലും പതിമൂന്ന് വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്ന സിനിമ എന്ന സവിശേഷത സണ്ടക്കോഴി 2വിനുണ്ട്.

വിശാലിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായ സണ്ടക്കോഴി എന്ന സിനിമയ്ക്കായാണ് ഇരുവരും ഒരു വ്യാഴവട്ടത്തിനു മുമ്പേ ഒന്നിച്ചത് .പ്രസ്തുത ചിത്രത്തിൽ ലാൽ ആയിരുന്നു വില്ലൻ. സണ്ടക്കോഴിയിലെ ലാലിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ദക്ഷിണേന്ത്യൻ സിനിമയിൽ കൂടുതൽ അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

ഇപ്പോൾ രണ്ടാം ഭാഗം ഒരുങ്ങുമ്പോളും ആരാധക മനസ്സിൽ വിശാലിനൊപ്പം നിറഞ്ഞു നിൽക്കുന്നത് ലാൽ തന്നെ. രണ്ടാം ഭാഗത്തിലും  ലാലുണ്ടോ ? എന്ന ചോദ്യത്തിന് വിശാലോ ലിംഗുസാമിയോ വ്യക്തമായ ഉത്തരം നൽകുന്നില്ല. അത് സസ്പെൻസായി നിൽക്കട്ടേ എന്നാണ് ഇരുവരും പറയുന്നത്. 

രണ്ടാം ഭാഗത്തിലും ലാൽ ഉണ്ടായിരിക്കണം എന്നാണ് സണ്ടക്കോഴിയുടെ ആരാധകരുടെ ആഗ്രഹം. എന്നാൽ വലിയൊരു സസ്‌പെൻസും സർപ്രൈസും സണ്ടക്കോഴി 2 ൽ  ആരാധകരെ കാത്തിരിക്കുന്നുണ്ടെന്നു അണിയറക്കാർ പറയുന്നു.

അതിനിടെ മീര ജാസ്മിൻ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. സണ്ടക്കോഴി ആദ്യഭാഗത്തിൽ മീരയായിരുന്നു വിശാലിന്റെ നായിക. രണ്ടാം ഭാഗത്തിൽ മീര ജാസ്മിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കീർത്തി സുരേഷ് ആണ്.