അനുഷ്കയുമായി പ്രണയത്തിലാണോ?; പ്രഭാസിനോട് സംവിധായകന്റെ ചോദ്യം

പ്രഭാസും അനുഷ്കയും പ്രണയത്തിലാണോ? ഈയൊരു ചോദ്യത്തിനുള്ള ഉത്തരം ലഭിക്കാനായി ആരാധകർ കാത്തിരിപ്പു തുടങ്ങിയിട്ടു നാളുകളേറെയായി. ഒടുവിൽ പ്രഭാസിനോടു തന്നെ ആ ചോദ്യം നേരിട്ടു ചോദിച്ചു. ബോളിവുഡ് സംവിധായകൻ കരൺ ജോഹറാണ് ആരാധകർ ചോദിക്കാൻ ആഗ്രഹിച്ച ആ ചോദ്യം പ്രഭാസിനോട് ഉന്നയിച്ചത്. എന്നാൽ, കരണിന്റെ ചോദ്യങ്ങൾക്ക് പ്രഭാസ് നൽകിയ ഉത്തരം ആരാധകരെ ആശയക്കുഴപ്പത്തിലാക്കി. 

കോഫി വിത്ത് കരൺ എന്ന ടെലിവിഷൻ പരിപാടിയിലാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്. റാണാ ദഗുബാട്ടി, സംവിധായകൻ രാജമൗലി എന്നിവർക്കൊപ്പമാണ് പ്രഭാസ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. പ്രഭാസ് ആരെങ്കിലുമായി ഡേറ്റിങ്ങിലാണോ എന്നായിരുന്നു കരണിന്റെ ചോദ്യം. അതിന് 'ഇല്ല,' എന്ന് ഒറ്റവാക്കിൽ പ്രഭാസ് മറുപടി പറഞ്ഞു. എന്നാൽ കരൺ ജോഹർ പിന്മാറാൻ തയ്യാറായില്ല. നടി അനുഷ്കയുമായി ഡേറ്റിങ്ങിലാണെന്ന വാർത്തകൾ സത്യമോ വ്യാജമോ എന്നായി കരൺ. 'താങ്കൾ തന്നെ തുടങ്ങിയല്ലോ' എന്ന മറുപടിയാണ് പ്രഭാസ് നൽകിയത്. 

ഷൂട്ടിങ് സെറ്റിൽ വച്ചു ആരെങ്കിലുമായി അടുത്തിടപഴകിയിട്ടുണ്ടോ എന്ന ചോദ്യത്തിനും പ്രഭാസിന്റെ മറുപടി 'ഇല്ല' എന്നായിരുന്നു. അവസാനം, ഈ പരിപാടിയിൽ നുണ പറഞ്ഞിട്ടുണ്ടോ എന്നു കരൺ ജോഹർ ചോദിച്ചു. ആ ചോദ്യത്തിന് 'അതെ' എന്നാണ് പ്രഭാസ് ഉത്തരം പറഞ്ഞത്. അതോടെ, വേദിയിൽ ചിരി പടർന്നു. പ്രഭാസിന്റെ കുസൃതി നിറഞ്ഞ ഉത്തരങ്ങളെ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. അനുഷ്കയുമായുള്ള പ്രണയത്തെക്കുറിച്ചുള്ള ഗോസിപ്പുകളുമായി ചേർത്താണ് പ്രഭാസിന്റെ ഉത്തരങ്ങളെ ആരാധകർ വായിച്ചെടുത്തത്. 

ബാഹുബലി ടീമിനൊപ്പമുള്ള ചിത്രവും കരൺ ജോഹർ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കു വച്ചിരുന്നു. പൊതുവെ ടെലിവിഷൻ പരിപാടികളിൽ പ്രത്യക്ഷപ്പെടാത്ത പ്രഭാസിനെ ഒരു ചാറ്റ് ഷോയിൽ കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഇതാദ്യമായാണ് സംവിധായകൻ രാജമൗലിയും, അഭിനേതാക്കളായ റാണാ ദഗുബാട്ടിയും പ്രഭാസും ഒരു ചാറ്റ് ഷോയിൽ ഒരുമിച്ചെത്തുന്നത്.