മണിരത്നത്തിന്റെ വീടിന് മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് സിനിമാപ്രവർത്തകൻ

മണിരത്നത്തിനെതിരെ പരാതിയുമായി ലൈറ്റ്മാൻ രംഗത്ത്. മണിരത്നം സിനിമകളിൽ ലൈറ്റ്മാനായി ജോലി ചെയ്തിരുന്ന മണിമാരനാണ് സംവിധായകനെതിരെ രംഗതത്തെത്തിയത്. തന്റെ ചികിത്സയ്ക്കായി ചിലവാക്കിയ തുക തിരികെ ലഭിക്കണമെന്നതാണ് മണിമാരന്റെ ആവശ്യം.

2006 ൽ ഗുരു സിനിമയുടെ ഷൂട്ടിനിടെ ഇൻഫക്ഷൻ ഉണ്ടായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ ആ സമയത്ത് സിനിമയുടെ അണിയറപ്രവർത്തകരോ ലൈറ്റ്മെൻ അസോസിയേഷനോ മണിമാരനെ സഹായിച്ചതുമില്ല. പിന്നീട് കോടതിയിൽ കേസ് കൊടുക്കുകയും മണിമാരന് അനുകൂലമായി കേസ് വിധിക്കുകുയും ചെയ്തു. എന്നാൽ തനിക്ക് ലഭിക്കേണ്ട രണ്ട് ലക്ഷം രൂപ നൽകണമെങ്കിൽ ഇരുപതിനായിരം രൂപ കൈക്കൂലി നൽകണമെന്നായിരുന്നു ലൈറ്റ്മെൻ അസോസിയേഷന്റെ സെക്രട്ടറി പറഞ്ഞത്.

കഴിഞ്ഞ പത്തുവർഷമായി കുടുംബം കടുത്ത ദാരിദ്യത്തിലാണെന്നും ഇനിയും ഈ പൈസ ലഭിച്ചില്ലെങ്കില്‍ കുടുംബം തന്നെ തകരുമെന്നും മണിമാരൻ വ്യക്തമാക്കി. ഇനി പൈസ തിരികെ ലഭിച്ചില്ലെങ്കിൽ മണിരത്നത്തിന്റെ വീട്ടിന് മുന്നിൽ കിടന്ന് ആത്മഹത്യ ചെയ്യുമെന്നും മണിമാരൻ പറഞ്ഞു.