ഞാനാണ് സംഘമിത്രയിൽ നിന്ന് പിന്മാറിയത്; വെളിപ്പെടുത്തലുമായി ശ്രുതി ഹാസൻ

400 കോടി മുതൽ മുടക്കിൽ തമിഴിൽ ഒരുങ്ങുന്ന പിരിയോഡിക് ചിത്രം സംഘമിത്രയിൽ നിന്ന് നായിക ശ്രുതി ഹാസൻ പുറത്തായത് തമിഴകത്തെ ഞെട്ടിച്ചിരുന്നു. സിനിമയുടെ നിർമാതാക്കളായ ശ്രീ തെനന്ദല്‍ ഫിലിംസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ എന്താണ് കാരണമെന്ന് ഇവർ വ്യക്തമാക്കിയതുമില്ല,

സംഘമിത്ര എന്ന ടൈറ്റിൽ കഥാപാത്രമായാണ് ശ്രുതിയെ അണിയറപ്രവർത്തകർ തിരഞ്ഞെടുത്തിരുന്നത്. ബാഹുബലി പോലെ രണ്ടുഭാഗങ്ങളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം കാൻ ഫിലിം ഫെസ്റ്റിവലിൽ നടന്നിരുന്നു. സംവിധായകൻ സുന്ദര്‍ സി , എ ആർ റഹ്മാൻ, സാബു സിറിൽ നായിക ശ്രുതി, ആര്യ, ജയം രവി ഉൾപ്പടെയുള്ളവർ കാനിലെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ ശ്രുതിയുടെ വക്താവ് പ്രതികരണവുമായി എത്തി.

ശ്രുതി തന്നെയാണ് ഈ സിനിമയിൽ നിന്ന് പിന്മാറാനുള്ള തീരുമാനമെടുത്തതെന്ന് ഇവർ പറയുന്നു. ഏകദേശം രണ്ടുവർഷം നീണ്ട കാലയളവ് ആണ് ചിത്രത്തിനായി ശ്രുതി നൽകിയിരിക്കുന്നത്. മാത്രമല്ല സിനിമയ്ക്കായി പ്രത്യേക പരിശീലനവും പ്രോപ്പര്‍ ഡേറ്റ് കലണ്ടറും കഥാപാത്രത്തെ അറിയുന്ന തിരക്കഥയും അത്യാവശ്യമായിരുന്നു. ആദ്യ ഘട്ടമെന്ന രീതിയിൽ ഏറ്റവും മികച്ച പരിശീലകർക്കൊപ്പം വാൾപ്പയറ്റ് ശ്രുതി അഭ്യസിക്കുകയും ചെയ്തു. കഴിഞ്ഞ ഏപ്രിൽ മുതൽ ചിത്രത്തിനായി മാനസികമായി ഒരുങ്ങുകയും ചെയ്തു. നടി തന്നെയാണ് പരിശീലകരെ സ്വന്തം തുക മുടക്കി തിരഞ്ഞെടുത്തത്.

ഈ സിനിമയ്ക്കായി അത്രത്തോളം ഉത്സാഹവും സമർപ്പണമവും ശ്രുതിയ്ക്ക് ഉണ്ടായിരുന്നു. എന്നിട്ടും ശരിയായ തിരക്കഥയോ കൃത്യമായ ഡേറ്റ് കലണ്ടറോ ശ്രുതിയ്ക്ക് അണിയറപ്രവർത്തകർ നല്‍കിയില്ല. ഇത് നീണ്ടുപോകുമെന്ന് ഉറപ്പായതോടെ സ്വയം പിന്മാറാൻ തീരുമാനിക്കുകയായിരുന്നു.

ശ്രുതി ഇപ്പോൾ പുതിയ ഹിന്ദി ചിത്രം ബെഹൻ ഹോഗി തേരി എന്ന സിനിമയുടെ പ്രചരണത്തിന്റെ തിരക്കിലാണ്. കൂടാതെ സബാഷ് നായ്ഡുവിന്റെ അടുത്ത ഷെഡ്യൂൾ ഉടൻ ആരംഭിക്കും തുടർന്ന് സംഗീതത്തിൽ കൂടുതൽ ശ്രദ്ധതിരിക്കാനാണ് നടിയുടെ തീരുമാനം.–വക്താവ് പത്രപ്രസ്താവനയിൽ വിശദമാക്കുന്നു. 

ശ്രുതിയെവച്ച് ഫസ്റ്റ്ലുക്ക് പോസ്റ്ററും സംഘമിത്രയുടെ അണിയറപ്രവർത്തകര്‍ പുറത്തിറക്കിയിരുന്നു. എഡി എട്ടാം നൂറ്റാണ്ടിലാണ് കഥ നടക്കുന്നത്. സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്ന സംഘമിത്ര എന്ന രാജകുമാരിയുടെ കഥയാണ് ചിത്രം. തമിഴ് ചരിത്രത്തിൽ ഇതുവരെ ആരും ൈകവയ്ക്കാത്ത മേഖലകളാണ് ചിത്രത്തിലൂടെ തുറന്നുകാട്ടുന്നത്. സിനിമ ഇപ്പോൾ പ്രിപ്രൊഡക്ഷൻ സ്റ്റേജിലാണ്. 

 ശ്രീ തെനന്ദല്‍ ഫിലിംസ് ആണ് നിർമാണം. ബാഹുബലി സിനിമയുടെ വിഎഫ്എക് സൂപ്പര്‍വൈസറായിരുന്ന കമലാകണ്ണന്‍ ആണ് സംഘമിത്രയുടെയും വിഎഫ്എക്‌സ് നേതൃത്വം നല്‍കുന്നത്. ബാഹുബലിക്ക് മുകളില്‍ നില്‍ക്കുന്ന ചിത്രമെന്നാണ് സുന്ദര്‍ സി പറയുന്നത്.