വിജയ്‌യുടെ വില്ലന്‍, ഇനി മഹേഷിന്റെ ചാച്ചന്‍; ചിത്രങ്ങൾ കാണാം

ദിലീഷ് പോത്തൻ–ഫഹദ് ഫാസിൽ ചിത്രം മഹേഷിന്റെ പ്രതികാരം തമിഴ് റീമേയ്ക്ക് പുരോഗമിക്കുകയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന റീമേക്ക് ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍ മലയാളത്തില്‍ ഫഹദ് അവതരിപ്പിച്ച മഹേഷ് ഭാവനയുടെ റോളിലെത്തുന്നു. ജിംസിയെന്ന കഥാപാത്രമായി നമിതാ പ്രമോദും അനുശ്രീ അവതരിപ്പിച്ച സൗമ്യയെ തമിഴില്‍ പാര്‍വതി നായരുമാണ് അവതരിപ്പിക്കുന്നത്. 

തമിഴിലെ പ്രമുഖ സംവിധായകന്‍ മഹേന്ദ്രനാണ് മഹേഷ് ഭാവനയുടെ ചാച്ചനായി തമിഴിലെത്തുന്നത്. തെരി എന്ന ചിത്രത്തില്‍ വിജയ്‌യുടെ വില്ലനായി രാഷ്ട്രീയ നേതാവിന്റെ വേഷത്തിലെത്തി മഹേന്ദ്രൻ ശ്രദ്ധനേടിയിരുന്നു. എം എസ് ഭാസ്‌കര്‍ ആണ് ആര്‍ട്ടിസ്റ്റ് ബേബിയായി തമിഴിലെത്തുന്നത്. കുറ്റാലം, തെങ്കാശി എന്നിവിടങ്ങളിലാണ് ആദ്യ ഷെഡ്യൂള്‍. 

നടനും സംവിധായകനുമായ സമുദ്രക്കനിയാണ് തിരക്കഥയൊരുക്കുന്നത്. മഹേഷിന്റെ പ്രതികാരത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ സന്തോഷ് കുരുവിളയാണ് തമിഴില്‍ സിനിമ നിര്‍മ്മിക്കുന്നത്. മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിലാണ് നിർമാണം. ഒപ്പം എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായിരുന്ന ഏകാംബരമാണ് മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്കിന്റെ കാമറ.