ഈ സിനിമ പൊലീസിനെക്കുറിച്ചുള്ള തെറ്റായ സങ്കല്‍പം മാറ്റും: കാർത്തി

കാർത്തിയുടെ ധീരൻ അധികാരം ഒന്ന് നവംബർ 17-ന് പ്രദരർശനത്തിനെത്തുന്നു. ചതുരംഗ വേട്ട എന്ന സിനിമയിലൂടെ ശ്രദ്ധേയനായ എച്ച്. വിനോദ് രചനയും സംവിധാനവും നിർവഹിച്ചിരിയ്ക്കുന്ന ഈ ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് കാർത്തി അഭിനയിക്കുന്നത്. 'സിറുത്തൈ' എന്ന വിജയ ചിത്രത്തിനു ശേഷം താൻ കാക്കി അണിയുന്ന ധീരൻ അധികാരം ഒന്നിനെ കുറിച്ചും കഥാപാത്രത്തെക്കുറിച്ചും കാർത്തി പറയുന്നു.

‘ഏതൊരു നടനും ആഗ്രഹിക്കുന്ന ഒന്നാണ് പൊലീസ് വേഷം. കാക്കി അണിയുമ്പോൾ ഒരു നടന്റെ എനർജി ഇരട്ടിക്കും . 'ധീരൻ അധികാരം ഒന്ന്' ഫുൾ എനർജിയോടു കൂടി ഞാൻ അഭിനയിച്ച സിനിമയാണ്. ധീരൻ തിരുമാരൻ എന്ന ഡിഎസ്പി നായക കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിയ്ക്കുന്നത്. 'സിറുത്തൈ'യിൽ രണ്ടു വേഷങ്ങളിൽ ഒരു വേഷം മാത്രമായിരുന്നു പൊലീസ്. അത് പൊലീസ് സ്റ്റോറി ആയിരുന്നില്ല. എന്നാൽ ധീരൻ പൂർണമായും പൊലീസ് സ്റ്റോറിയാണ്.’–കാർത്തി പറഞ്ഞു.

‘1995 മുതൽ 2005 വരെ നടന്ന ക്രൈം സംഭവങ്ങളെ ആധാരമാക്കിയുള്ള കുറ്റാന്വേഷണ കഥയാണ് ചിത്രത്തിന്റേത്. ആദ്യന്തം ഒരു ആക്ഷൻ ചിത്രം.
ഒരേ സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ പരമ്പരയായി നടക്കുന്നു. ആരാണീ ക്രൈമിനു പിന്നിൽ? എത്ര അന്വേഷിച്ചിട്ടും അന്വേഷണ സംഘത്തിന് ഒരു സൂചന പോലും ലഭിക്കുന്നില്ല. ഡിപ്പാർട്ട്മെന്റിനു തന്നെ ഈ കേസ് ഒരു വെല്ലുവിളിയായി. ഒടുവിൽ ഇന്ത്യ മുഴുവൻ കുറ്റവാളികളെ തേടി സഞ്ചരിക്കാൻ പൊലീസ് സംഘം തീരുമാനിച്ചു. കുറ്റവാളികളെ തേടിയുള്ള അന്വേഷണസംഘത്തിന്റെ സാഹസികമായ യാത്രയാണ് ധീരൻ അധികാരം ഒന്ന്.’–കാർത്തി പറഞ്ഞു.

‘ഇതിൽ ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രം റിയലിസ്റ്റായിരിക്കണം എന്നതിനാൽ പൊലീസ് അക്കാദമിയിൽ പോയി പ്രത്യേക പരിശീലനം നേടി ബോഡി ഫിറ്റ്നസ് വരുത്തി. കൂടാതെ പ്രമാദമായ ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കണ്ട് വിശദാംശങ്ങൾ ആരായുകയുണ്ടായി. ഈ സിനിമ കാണുന്ന ഓരോരുത്തർക്കും പൊലീസിനെ കുറിച്ചുള്ള തെറ്റായ സങ്കൽപങ്ങൾ മാറും. അവരോടുള്ള മതിപ്പും ബഹുമാനവും കൂടും. പൊലീസുകാരുടെ സ്വകാര്യ ജീവിതത്തിലെ ദുരിതങ്ങളും ദുഃഖങ്ങളും ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടി വെല്ലുവിളികൾ സാഹസികതകൾ എന്നിവയെ റിയലിസ്റ്റിക്കായി ആവിഷ്കരിച്ചിട്ടുള്ള ആക്‌ഷൻ സിനിമയാണിത്.’–കാർത്തി പറഞ്ഞു.

ആക്​ഷനോടൊപ്പം റൊമാൻസുമുണ്ട്. ആക്‌ഷൻ രംഗങ്ങൾ വ്യത്യസ്തവും പുതുമയുള്ളതുമാണ്. ചിത്രത്തിലെ നാലു ഗാനങ്ങൾ ഇമ്പമാർന്നതും സന്ദർഭോചിതവുമാണ്. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ആസ്വാദ്യകരമായ സിനിമയായിരിക്കും ഇത് " കാർത്തി പറഞ്ഞു.

രാകുൽ പ്രീത് സിങ്ങാണ് കാർത്തിയുടെ നായിക. ജിബ്രാൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ദിലീപ് സുബ്ബരായനാണ് സ്റ്റണ്ട് മാസ്റ്റർ. ഡ്രീം വാരിയർ പിക്ചേഴ്സിനു വേണ്ടി എസ്. ആർ. പ്രകാഷ്ബാബു, എസ്. ആർ.പ്രഭു എന്നിവർ നിർമിക്കുന്ന ധീരൻ അധികാരം ഒന്ന് നവംബർ 17ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.