Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആ നടി എന്നെ കെട്ടിപ്പിടിക്കില്ലെന്ന് പറഞ്ഞു, പക്ഷേ നയൻതാര’

yogi-nayanthara

കൊളമാവ് കോകിലയില്‍ നയന്‍താരയുടെ കാമുകനായി തകർത്ത് അഭിനയിച്ച യോഗി ബാബുവാണ് തമിഴ്നാട്ടിലെ താരം. ചിത്രത്തിലെ ഗാനരംഗത്തിൽ നയൻതാരയുടെ പുറകെ നടക്കുന്ന കാമുകനായി അഭിനയിച്ച യോഗിയുടെ പ്രകടനം ഏറെ പ്രശംസപിടിച്ചുപറ്റിയിരുന്നു.

Kalyaana Vayasu - Kolamaavu Kokila (CoCo) | Nayanthara | Anirudh Ravichander | Lyca Productions

വില്ലനായും കോമഡി നടനായും യോഗി തമിഴ് സിനിമയിെല സ്ഥിരം സാനിധ്യമാണെങ്കിലും താരം സംസാരവിഷയമാകുന്നത് ഇപ്പോള്‍ മാത്രമാണ്. എന്നാൽ ഇതിന് മുമ്പ് തനിക്ക് മറ്റൊരു നടിയിൽ നിന്ന് അപമാനം ഉണ്ടായിട്ടുണ്ടെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ യോഗി പറയുകയുണ്ടായി.

‘ഒരു കോമഡി സീനില്‍ നായിക തന്നെ കെട്ടിപ്പിടിക്കേണ്ടത് അനിവാര്യമായിരുന്നു. എന്നാല്‍, സംവിധായകന്‍ കേണപേക്ഷിച്ചിട്ടും തന്നെ കെട്ടിപ്പിടിക്കാന്‍ നായിക തയാറായില്ലെന്നും യോഗി ബാബു പറഞ്ഞു. അവർ ഇതുപറഞ്ഞ് സെറ്റിൽ വലിയ ബഹളം തന്നെ ഉണ്ടാക്കി. എല്ലാവരുടെയും മുന്നിൽ ഞാൻ തലകുനിച്ച് നിന്നു.’–യോഗി പറഞ്ഞു.

എന്നാല്‍, നടിയുടെ പേര് പറയാന്‍ യോഗി ബാബു കൂട്ടാക്കിയില്ല. അതേസമയം നയന്‍താരയ്ക്ക് ഒപ്പം അഭിനയിച്ചത് വലിയൊരു അനുഭവമായിരുന്നുവെന്നും ഓരോ സീനിലും അവര്‍ തന്നെ സഹായിച്ചിട്ടേയുള്ളുവെന്നും യോഗി ബാബു പറഞ്ഞു. നയന്‍താരയുടെ കൂടെ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരോട് ശരിക്കും പ്രണയം തോന്നിപ്പോയെന്നും യോഗി പറഞ്ഞു.

‘നയൻതാരയുടെ ആരാധകർക്ക് എന്നോട് ഇപ്പോഴെ ദേഷ്യം തുടങ്ങി കഴിഞ്ഞു. സത്യത്തിൽ സിനിമയുടെ ഷൂട്ടിങ് തീർന്ന ശേഷമാണ് ഇങ്ങനെയൊരു പാട്ടിനെക്കുറിച്ച് സംവിധായകൻ പറയുന്നത്. സത്യം പറഞ്ഞാൽ ഞാ‍ൻ ഞെട്ടിപ്പോയി. എന്നാൽ നയൻതാരയാണ് എനിക്ക് എല്ലാ പിന്തുണയും നൽകിയത്. സിനിമയിലെ ഗാനരംഗം കണ്ട് വിജയ് സാറും എന്നെ അഭിനന്ദിച്ചു.’

‘വലിയ പ്രതിഫലമൊന്നും ഞാൻ ചോദിക്കാറില്ല. എന്റെ കയ്യിൽ പത്ത് ലക്ഷം കിട്ടിയാലും അത് എന്തിനാണെന്ന് ചിന്തിക്കും. പല നിർമാതാക്കളും ചോദിച്ചിട്ടുണ്ട്, എന്തുകൊണ്ടാണ് പ്രതിഫലം കുറച്ച് വാങ്ങുന്നതെന്ന്. സത്യത്തിൽ ഞാൻ സിനിമയിൽ വന്നത് നല്ല സുഹൃത്തുക്കളെ ഉണ്ടാക്കാനും എല്ലാവരെയും രസിപ്പിക്കാനുമാണ്. അതുകൊണ്ടാകാം ഇത്രപെട്ടന്ന് എനിക്ക് നൂറുസിനിമ ചെയ്യാനായത്.’–യോഗി പറഞ്ഞു.