രഷ്മികയുമായുള്ള വിവാഹം മുടങ്ങിയോ?; പ്രതികരണവുമായി രക്ഷിത് ഷെട്ടി

താരജോഡികളായ രക്ഷിത് ഷെട്ടിയുെടയും രഷ്മിക മന്ദാനയുടെയും വിവാഹം മുടങ്ങിയെന്ന വാർത്ത സ്ഥിരീകരിച്ച് നടിയുടെ അമ്മ സുമൻ മന്ദന രംഗത്തുവന്നിരുന്നു. ഒരു തെലുങ്ക് മാധ്യമത്തോടാണ് സുമന്‍ പ്രതികരിച്ചത്. ഇപ്പോഴിതാ വിഷത്തില്‍ കാര്യങ്ങൾ വ്യക്തമാക്കി രക്ഷിത് ഷെട്ടി തന്നെ നേരിട്ടെത്തി.

സമൂഹമാധ്യമങ്ങളില്‍ നിന്നും അൽപദിവസം അകന്നുനിൽക്കുകയാണെന്നും ഇപ്പോൾ വന്നത് കുറച്ച് കാര്യങ്ങളില്‍ വ്യക്തത വരുത്താനാണെന്നും രക്ഷിത് പറഞ്ഞു.

‘കുറച്ച് ദിവസങ്ങളായി വരുന്ന വാർത്തകൾ കാണുമ്പോൾ ഇതുവരെ സ്നേഹിച്ചതും ജീവിക്കുന്നതുമൊക്കെ വെറുതെയാണെന്ന് തോന്നുന്നു. രഷ്മികയെക്കുറിച്ച് നിങ്ങൾ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടായേക്കാം. അതിൽ എനിക്ക് ആരെയും കുറ്റം പറയാനാകില്ല. കാരണം അങ്ങനെയാണ് കാര്യങ്ങൾ വന്നുനിൽക്കുന്നതും പ്രചരിക്കുന്നതും’. 

‘കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങളാണ് നാം വിശ്വസിക്കുന്നത്. എന്നാൽ അതെല്ലാം സത്യമാകണമെന്നില്ല. ഒരുപക്ഷത്തുനിന്നു മാത്രം ചിന്തിച്ച ശേഷമാകും ചിലകാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. അതിനു രണ്ടാമതൊരു വശം കൂടിയുണ്ടെന്ന് ആരും വിചാരിക്കുന്നില്ല.’

‘രഷ്മികയെ എനിക്ക് രണ്ടുവർഷമായി അറിയാം. നിങ്ങളെക്കാളെല്ലാം അവളെ എനിക്ക് മനസ്സിലാക്കാൻ സാധിക്കും. ഇവിടെ മറ്റുകുറെ സംഗതികൾ കളിക്കുന്നുണ്ട്. ദയവായി അവളെ വിധിക്കുന്നത് നിർത്തൂ. കുറച്ച് സമാധാനം കൊടുക്കൂ. യാഥാർഥ്യം എന്തെന്ന് മനസ്സിലാക്കി ഇതിനൊരു തീരുമാനം ഉടൻ നിങ്ങളെ അറിയിക്കും. മാധ്യമങ്ങളില്‍ വരുന്ന വാർത്തകൾ വിശ്വസിക്കരുത്. അതിലൊന്നിലും എന്റെയോ രഷ്മികയുടെയോ പ്രതികരണം ഉണ്ടാകില്ല. അവരെല്ലാം സ്വയം എഴുതുകയാണ്. ഊഹാപോഹങ്ങൾ യാഥാർഥ്യമല്ല’.–രക്ഷിത് ഷെട്ടി വ്യക്തമാക്കുന്നു.

തങ്ങള്‍ ദുഃഖിതരാണെന്നും അതേ സമയം ഈ വിഷമത്തില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു രഷ്മികയുടെ അമ്മയുടെ പ്രതികരണം. എല്ലാ മനുഷ്യര്‍ക്കും അവരുടെ ജീവിതമാണ് വലുത്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമായിരുന്നു സുമന്‍ പറഞ്ഞത്.

2017 ജൂണ്‍ 17 നായിരുന്നു രശ്മികയുടെയും രക്ഷിതിന്റെ വിവാഹനിശ്ചയം. ഈ വര്‍ഷം വിവാഹം നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ രഷ്മിക അതെല്ലാം നിഷേധിച്ച് രംഗത്തു വരികയും ചെയ്തു.

രണ്ടുപേരുടെയും കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നമാണ് വേർപിരിയലിന് കാരണമായതെന്നും വാർത്തയുണ്ട്. നടിയുടെ ഏറ്റവും പുതിയ റിലീസ് ആ? ഗീതോഗോവിന്ദം നൂറുകോടി കലക്ഷനിൽ എത്തിയിരുന്നു. സിനിമയുടെ വൻ വിജയത്തെ തുടർന്ന് നിരവധി ഓഫറുകളും രഷ്മികയെ തേടിയെത്തി.

എന്നാൽ രക്ഷിതിന്റെ കുടുംബത്തിന് രഷ്മിക സിനിമയിൽ ഇനിയും തുടരുന്നത് താൽപര്യമില്ലെന്നും വിവാഹം എത്രയും പെട്ടന്നുതന്നെ നടത്തണമെന്നുമായിരുന്നു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതോടെ വിവാഹം വേണ്ടെന്നുവെയ്ക്കുകയായിരുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങൾ പറയുന്നു. 

എന്നാൽ രക്ഷിതിന്റെ പുതിയ പ്രതികരണം വാർത്ത സത്യമാണെന്ന് വ്യക്തമാക്കുകയാണെന്ന് ആരാധകർ പറയുന്നു. ഇതോടെ രഷ്മികയുടെയും രക്ഷിതിന്റെയും ആരാധകർ തമ്മിൽ സമൂഹമാധ്യമങ്ങളിൽ വലിയ പോരാട്ടം നടക്കുകയാണ്. രഷ്മിക ഇതുവരെയും പ്രതികരിച്ചിട്ടില്ല. 

രക്ഷിത് നായകനായി എത്തിയ കിരിക് പാർട്ടിയിലൂടെയാണ് രഷ്മിക സിനിമയിലെത്തുന്നത്. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടെ തുടങ്ങിയ സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു. രക്ഷിതിനെ മലയാളികൾക്കും പരിചിതനാണ്. അദ്ദേഹത്തിന്റെ പല സിനിമകളും ടോറന്റ് ഹിറ്റുകളാണ്. കൂടാതെ നിവിൻ നായകനായി എത്തിയ തമിഴ് ചിത്രം റിച്ചി, രക്ഷിത് ഒരുക്കിയ ഉളിദവരു കണ്ടന്തേയുടെ റീമേയ്ക്ക് ആണ്.