നാല് ഭാഷകളിൽ ‘ക്വീൻ’; ഫസ്റ്റ്ലുക്ക്

ബോളിവുഡ് സൂപ്പർഹിറ്റ് ചിത്രം ക്വീൻ സിനിമയുടെ റീമേയ്ക്ക് ദക്ഷിണേന്ത്യയിലെ ഏല്ലാ ഭാഷകളിലും സിനിമ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ചിത്രങ്ങളുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി. 

സംസം എന്ന് പേരിട്ടിരിക്കുന്ന മലയാളം പതിപ്പില്‍ മഞ്ജിമയാണ് നായിക. ഹിന്ദിയില്‍ രാജ്കുമാര്‍ റാവു കൈകാര്യം ചെയ്ത പ്രതിശ്രുത വരന്റെ വേഷം മലയാളത്തില്‍ സണ്ണി വെയ്‌നാണ് അവതരിപ്പിക്കുന്നത്.  

തെലുങ്ക് സംവിധായകനും തിരക്കഥാകൃത്തുമായ നീലകണ്ഠയാണ് മലയാളം പതിപ്പ് ഒരുക്കുന്നത്. സിനിമയുടെ തമിഴ് റീമേയ്ക്ക് ആയ പാരിസ് പാരിസില്‍ കാജല്‍ അഗര്‍വാള്‍ ആണ് നായിക. 

ദാറ്റ് ഈസ് ലക്ഷ്മി എന്ന പേരിലെത്തുന്ന തെലുങ്ക് പതിപ്പിൽ തമന്ന ഭാട്ടിയയാണ് നായിക.. 

ബട്ടർഫ്ലൈ എന്ന് പേരിട്ട കന്നട പതിപ്പില്‍ പരുള്‍ യാദവാണ് നായിക. രമേഷ് അരവിന്ദ് തമിഴും കന്നടയും സംവിധാനം ചെയ്യുന്നു. പ്രശാന്ത് വര്‍മയാണ് തെലുങ്ക് ചിത്രം ഒരുക്കുന്നത്. നാല് പതിപ്പുകളും ഒരേ സമയത്താണ് ചിത്രീകരിച്ചത്. യൂറോപ്പായിരുന്നു പ്രധാന ലൊക്കേഷന്‍. 

റാണി മെഹ്റ എന്ന പഞ്ചാബി പെണ്‍കുട്ടിയുടെ കഥയായിരുന്നു ക്വീൻ. പ്രതിശ്രുതവരന്‍ ഉപേക്ഷിച്ച റാണി പാരിസിലെത്തുന്നതും ജീവിതത്തില്‍ ആത്മവിശ്വാസവും പുതിയ ഉള്‍ക്കാഴ്ചകളും ലഭിച്ച് മറ്റൊരാളായി തിരിച്ചെത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ക്വീനിന്റെ പ്രാദേശിക പതിപ്പുകൾ ഒക്ടോബറില്‍ തിയറ്ററുകളിലെത്തും.