Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'നോട്ട'; പരാജയം ആഘോഷിക്കുന്നവരോട് വിജയ്‌യുടെ മാസ് ഡയലോഗ്

vijay-devarkonda-mass

അർജുൻ റെഡ്ഡിയുടെയും ഗീതാഗോവിന്ദത്തിന്റെയും വൻ വിജയത്തിന് ശേഷം തമിഴ് ചിത്രം നോട്ട പരാജയത്തിലേക്ക് നീങ്ങുന്നതിനിടെ കുറിപ്പുമായി നടൻ വിജയ് ദേവരക്കൊണ്ട. ന്യായങ്ങള്‍ കണ്ടെത്താനില്ലെന്നും ഉത്തരവാദിത്തമേൽക്കുന്നുവെന്നും വിജയ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. പൊളിറ്റിക്കൽ ത്രില്ലറായെത്തിയ നോട്ടയില്‍ ആരാധകർക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. ചിത്രം നിരാശപ്പെടുത്തിയെന്ന റിവ്യൂകൾക്കിടെയാണ് താരത്തിന്റെ കുറിപ്പ്. 

താരത്തിന്റെ കുറിപ്പ്;

‘ന്യായങ്ങളെ കണ്ടെത്തില്ല, ഞാൻ ഉത്തരവാദിത്തമേൽക്കുന്നു. നോട്ടയിൽ എനിക്ക് അഭിമാനമേ ഉള്ളൂ. ഞാൻ പറയാനാഗ്രഹിച്ച കഥയാണത്. അവതരിപ്പിക്കാനാഗ്രഹിച്ച കഥാപാത്രമാണത്. 

സിനിമയെ സ്നേഹത്തോടെ സ്വീകരിച്ച തമിഴ്നാടിനും ദേശീയ മാധ്യമങ്ങൾക്കും മറ്റ് ആരാധകർക്കും നന്ദി. നിരാശകളും വിമർശനങ്ങളും ഗൗരവമായി കാണുന്നു. എന്റെ ഭാഗത്തുനിന്നും എവിടെയാണ് തെറ്റിയത് എന്ന് പഠിക്കും, തിരുത്തും. പക്ഷേ കാഴ്ചപ്പാടിൽ മാറ്റമുണ്ടാകില്ല. 

ജയപരാജയങ്ങൾക്ക് ഒരു റൗഡിയെ തകർക്കാനാകില്ല. ജയിക്കുന്നതിൽ മാത്രമല്ല, ആ ജയത്തിനുവേണ്ടി എത്രമാത്രം പോരാടിയെന്നതും പ്രസക്തമാണ്. പരാജയം ആഘോഷിക്കുന്നവരോട്, ഞാൻ തിരിച്ചുവരും.’

ആനന്ദ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയായാണ് വിജയ് എത്തിയത്. തെലുങ്ക് താരമായ വിജയിയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു നോട്ട. 

ഇന്ത്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ ശക്തമായി അഡ്രസ് ചെയ്യുന്ന ചിത്രമെന്ന തരത്തിലായിരുന്നു നോട്ട റിലീസിനുമുൻപെ ശ്രദ്ധിക്കപ്പെട്ടത്. കേരളത്തിലുണ്ടായ പ്രളയദുരന്തത്തിന് സമാനമായൊരു രംഗം നോട്ടയുടെ ട്രെയിലറിൽ ഉൾപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു.