300 കോടി പ്രോജക്ടിനു തുടക്കമിട്ട് രാജമൗലി; ആശംസകളേകാൻ ബാഹുബലിയും പൾവാൾ ദേവനും

ബാഹുബലിയുടെ വന്‍ വിജയത്തിനു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ നടന്നു. ആർ.ആര്‍.ആര്‍. എന്നു താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയിൽ ജൂനിയര്‍ എന്‍ടി ആറും, രാം ചരണ്‍ തേജയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാഹുബലി ആഗോളതലത്തില്‍ തന്നെ തരഗം സൃഷ്ടിച്ചതു കൊണ്ട് വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വെച്ച് നടന്ന ചിത്രത്തിന്റെ മെഗാ ലോഞ്ചില്‍ ചിരഞ്ജീവി, കല്യാണ്‍ റാം, പ്രഭാസ്, റാണ ദഗുപതി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു.

300 കോടി മുതല്‍ മുടക്കില്‍ ഡിവിവി എന്റര്‍ടെയ്‌മെന്റ്‌സാണ് സിനിമ നിര്‍മിക്കുന്നത്. സിനിമയുടെ പ്രമേയത്തെക്കുറിച്ചോ സ്വഭാവത്തെക്കുറിച്ചോ ഉളള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബാഹുബലിയുടെ പിന്നണിയില്‍ പ്രവർത്തിച്ചവർ തന്നെയാണ് ഈ സിനിമയുടെ അണിയറിലും. സിനിമയുടെ പ്രി–പ്രൊഡക്​ഷൻ ഒരു വർഷം മുമ്പെ ആരംഭിച്ചിരുന്നു.

ഇന്ത്യൻ സിനിമയ്ക്കു തന്നെ അഭിമാനമാകുന്ന ചിത്രമായിരിക്കും ഈ രാജമൗലി പ്രോജക്ട് എന്നു നിർമാതാവ് ഡി.വി.വി. ദനയ്യ പറയുന്നു. നവംബർ 19ന് ചിത്രീകരണം തുടങ്ങും. രാം ചരണും എൻടിആറും ഒന്നിച്ചുള്ള അത്യുഗ്രൻ ആക്​ഷൻ രംഗങ്ങളാകും ആദ്യ ഷെഡ്യൂളിൽ ചിത്രീകരിക്കുക. 

തിരക്കഥ, സംവിധാനം-എസ്.എസ്. രാജമൗലി

കഥ–വി. വിജയേന്ദ്ര പ്രസാദ്

എഡിറ്റർ–ശ്രീകർ പ്രസാദ്

സംഗീതം– കീരവാണി

ഛായാഗ്രഹണം–കെ.കെ. സെന്തിൽ കുമാർ

പ്രൊഡക്​ഷൻ ഡിസൈനർ–സാബു സിറിൽ

വിഎഫ്എക്സ്–വി.ശ്രീനിവാസ മോഹൻ

കോസ്റ്റ്യൂം–രാമ രാജമൗലി