ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നാമതായി 2.0

രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ മൂവി റേറ്റിംഗ് വെബ്‌സൈറ്റായ ഐഎംഡിബിയുടെ ട്രെൻഡിങ് പട്ടികയിൽ ഒന്നാമതായി യന്തിരൻ 2. ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലാണ് 71 ശതമാനം വോട്ടുമായി 2.0 ഒന്നാമതെത്തിയിരിക്കുന്നത്. ഷാരൂഖ് ചിത്രം സീറോയാണ് രണ്ടാമത്. മോഹൻലാലിന്റെ ഒടിയൻ നാലാം സ്ഥാനത്തുണ്ടെന്നും മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒന്നാണ്.

റിയല്‍ ടൈം പോപ്പുലാരിറ്റിയുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്.  നവംബർ 29ന് ചിത്രം തിയറ്ററുകളിലെത്തും.

ശങ്കർ–രജനികാന്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡചിത്രം 2.0 േകരളത്തിൽ വിതരണത്തിനെത്തിക്കാൻ മുളകുപാടം ഫിലിംസ് ആണ്. 600 കോടി  മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ വിതരണാവകാശം ടോമിച്ചൻ മുളകുപാടം സ്വന്തമാക്കിയത് 15 കോടിക്ക് മുകളിൽ നൽകിയാണെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിൽ ഒരു അന്യഭാഷ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന വിതരണാവകാശ തുക കൂടിയാണ് 2.0 യ്ക്കു ലഭിച്ചിരിക്കുന്നത്. നേരത്തെ വിജയുടെ സർക്കാർ, ബാഹുബലി 2 എന്നീ ചിത്രങ്ങളാണ് വിതരാണവകാശത്തിൽ വൻതുകയ്ക്ക് കേരളത്തില്‍ വിറ്റുപോയത്.

കേരളത്തില്‍ വമ്പന്‍ റിലീസ് ആണ് മുളകുപാടം ഫിലിംസ് ആലോചിക്കുന്നത്. ഏകദേശം 450 തീയറ്ററുകളില്‍ ത്രിഡിയിലും 2ഡിയിലും ചിത്രം പ്രദർശനത്തിനെത്തും. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്സ് വര്‍ക്കുകള്‍ ഹോളിവുഡ് നിലവാരത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ലോകമൊട്ടാകെ 10,000 സ്ക്രീനുകളിൽ ചിത്രം റിലീസിനെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം ആദ്യദിനം തന്നെ തിയറ്ററുകളിലെത്തും. ഇന്ത്യൻ റിലീസിന് ശേഷമാകും വിദേശ ഭാഷകളിൽ ചിത്രം പുറത്തിറങ്ങുകയുള്ളൂ. ഹിന്ദിയിൽ കരൺ ജോഹറാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.