ഹീറോ വില്ലനായി; സിനിമാ നിർമിക്കാൻ യുവാവിനെ തട്ടിക്കൊണ്ടുപോയി

ചലഞ്ചർ എന്ന സിനിമയുടെ പോസ്റ്ററിൽ മുനിയപ്പ

സിനിമാ നിർമാണത്തിനു പണം കണ്ടെത്താൻ കിർലോസ്കർ ഇലക്ട്രിക് കമ്പനി എംഡിയുടെ മകനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു നടൻമാർ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. കെആർപുരം സ്വദേശി മുനിയപ്പ (28), കോഡിഗെഹള്ളി സ്വദേശി ഹസൻ ദോംഗ്രി (26), യെലഹങ്ക സ്വദേശികളായ ജഗദീഷ് (32), ജഗന്നാഥ (28), മനോജ് (19) എന്നിവരാണു പിടിയിലായത്.

പ്രധാനപ്രതി മുനിയപ്പ ഇറങ്ങാനിരിക്കുന്ന ചലഞ്ചർ എന്ന സിനിമയുടെ നിർമാതാവും നായകനുമാണെന്നു പൊലീസ് പറഞ്ഞു. ഹസൻ ദോംഗ്രിയും ചില സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. വൻതുക മോചനദ്രവ്യം ആവശ്യപ്പെട്ടു കിർലോസ്കർ എംഡി വിനായക് ബാപടിന്റെ മകൻ ഇഷാൻ ബാപടി (19) നെ ഈമാസം 23ന് ആണു തട്ടിക്കൊണ്ടുപോയത്.

എന്നാൽ വിവരമറിഞ്ഞ പൊലീസ് പത്തു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടങ്ങിയതോടെ പ്രതികൾ ഇഷാനെ ഉപേക്ഷിച്ചു കടന്നു. ചലഞ്ചർ സിനിമയുടെ നിർമാണം സാമ്പത്തിക പ്രതിസന്ധിമൂലം തടസ്സപ്പെട്ടിരുന്നു. ഹസൻ ദോംഗ്രിയെ കൂട്ടുപിടിച്ചു വീട്ടമ്മമാരുടെ മാലപൊട്ടിച്ചു വിറ്റാണ് ആദ്യമൊക്കെ സിനിമാ ഷൂട്ടിങ്ങിനു പണം കണ്ടെത്തിയിരുന്നത്.

ഇതു തികയാതെ വന്നതോടെയാണു തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത്. യെലഹങ്കയിലെ കോളജ് വിദ്യാർ‌ഥിയായ ഇഷാനെ മറ്റു മൂന്നുപേരുടെകൂടി സഹായത്തോടെ തട്ടിയെടുത്തെങ്കിലും പൊലീസ് പിന്തുടർ‌ന്നതോടെ ജാലഹള്ളിക്കു സമീപം ഉപേക്ഷിച്ചു. ഇവർ കുനിഗലിൽ ഒളിവിൽ കഴിയുന്ന വിവരം ലഭിച്ച യെലഹങ്ക ന്യൂ ടൗൺ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ടിവി പരിപാടികളിൽ അഭിനയിക്കുന്ന മുനിയപ്പ മുൻപു പല കേസുകളിലും അറസ്റ്റിലായിട്ടുണ്ട്.