അവതാരികയ്ക്ക് രാധാരവി കൊടുത്ത പണി; വിഡിയോ

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഇരൈവിയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നിരുന്നു. ടെലിവിഷൻ താരവും നടിയുമായ നിഷയായിരുന്നു ചടങ്ങിന്റെ അവതാരിക.

ചടങ്ങിനിടെ നിഷ സിനിമയിലെ പ്രമുഖതാരങ്ങളുടെ പേരുകൾ പറഞ്ഞെങ്കിലും നടൻ രാധാരവിയുടെ പേരുപറയാൻ വിട്ടുപോയി. സംഭവത്തിൽ അദ്ദേഹത്തിന് ദേഷ്യമുണ്ടാകുകയും അത് തന്റെ പ്രസംഗത്തിനിടെ സൂചിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ നാൽപത് വർഷമായി തമിഴ് സിനിമയിൽ ഉള്ള ആളാണ് താനെന്നും ഇതിനകം മൂന്നൂറ് സിനിമകൾ അഭിനയിച്ചിട്ടുണ്ടെന്നും രാധാരവി പറഞ്ഞു. പുതിയ തലമുറയിലെ ആളാണെങ്കിൽ അവതാരിക എന്റെ പേര് മറക്കാതെ തന്നെ പറയുമായിരുന്നു. അവതാരകർ കാണാൻ മാത്രം ഭംഗിയായാൽ പോര കുറച്ച് ബുദ്ധികൂടി ഉണ്ടായിരിക്കണം. രാധാരവി പറഞ്ഞു.

ഇതുകേട്ട നിഷ ആകെ വിയർത്തുകുളിച്ചു. പിന്നെ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ച് ചടങ്ങും അവസാനിപ്പിച്ചു. അത് തന്റെ തെറ്റല്ലായിരുന്നെന്നും തനിക്ക് തന്ന സ്ക്രിപ്റ്റിൽ അവരുടെ പേര് ഇല്ലായിരുന്നെന്നും നിഷ പറഞ്ഞു. ഒരു സ്ത്രീയായ തന്നെ പൊതുവേദിയിൽ മോശമായ വാക്കുകൾ ഉപയോഗിച്ച് അപമാനിച്ചതിൽ വേദനയുണ്ടെന്നും താൻ ഞെട്ടിപ്പോയെന്നും നിഷ പറയുന്നു. തന്നെ പിന്തുണച്ച് അവിടെ ഉണ്ടായിരുന്ന ആരും രംഗത്തെത്താതിരുന്നതിനെപ്പറ്റിയും നിഷ കുറ്റപ്പെടുത്തി.