സാറ്റലൈറ്റ് തുകയിൽ റെക്കോർഡുമായി ബാഹുബലി 2

റിലീസിന് മുമ്പേ കോടികൾ വാരി ബാഹുബലി 2. ആദ്യ ഭാഗത്തിന്റെ ബ്രഹ്മാണ്ഡവിജയത്തിന് ശേഷം ബാഹുബലി രണ്ടാം ഭാഗം തിയറ്ററുകളിലെത്തുമ്പോൾ രാജമൗലിയും കൂട്ടരും ആദ്യ പടി പിന്നിട്ടുകഴിഞ്ഞു. സിനിമയുടെ സാറ്റലൈറ്റ് അവകാശം സോണി എന്റർടെയ്ൻമെന്റ് സ്വന്തമാക്കിയിരിക്കുന്നത് 51 കോടി രൂപയ്ക്ക്. നികുതി കൂടാതെയുള്ള തുകയാണിത്.

ഒരു ഇന്ത്യന്‍ പ്രാദേശികചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് സിനിമ നേടിയിരിക്കുന്നത്. സ്റ്റാര്‍ ഇന്ത്യയായിരുന്നു 45 കോടിക്ക് ആദ്യഭാഗത്തിന്റെ ഹിന്ദി പതിപ്പ് സ്വന്തമാക്കിയത്. തെലുങ്കു സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സാറ്റലൈറ്റ് തുക കിട്ടിയ ചിത്രം കൂടിയാണിത്. രണ്ടു ഭാഗങ്ങൾക്കും കൂടി 25 കോടി രൂപയാണ് മാ ടിവി നൽകിയത്.

പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്ക ഷെട്ടി, തമന്ന, രമ്യ കൃഷ്ണൻ, സത്യരാജ്, നാസർ, സുദീപ്, അദിവി ശേഷ് തുടങ്ങിയവരാണ് അഭിനേതാക്കൾ. രാജമൗലിയുടെ അടുത്ത ബന്ധുകൂടിയായ എം.എം. കീരവാണിയാണു സംഗീതം. 2017 ഏപ്രില്‍ 28നാണ് ചിത്രം തിയറ്ററുകളിലെത്തുക.