ബാഹുബലി 2വിന്റെ ചിത്രീകരണം നിർത്തിവച്ചു

രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലി 2വിന്റെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചു. ഒരുമാസത്തേക്കാണ് സിനിമയുടെ ചിത്രീകരണം നിർത്തിവെയ്ക്കാൻ സംവിധായകൻ തീരുമാനിച്ചത്. ഇതിന് കാരണം ചുട്ടുപൊള്ളുന്ന ചൂട് തന്നെ.

ഇപ്പോൾ ചിത്രീകരണം നടക്കുന്ന ആന്ധ്രയിലും തെലങ്കാനയിലും 45 ഡിഗ്രിയാണ് ചൂട്. നിലവിലെ സാഹചര്യത്തിൽ ഒരുകാരണവശാലും ചിത്രീകരണം തുടരാൻ കഴിയില്ലെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. സാധാരണ ചൂട് കനത്ത കാലാവസ്ഥകളിൽ ചിത്രീകരണം നിർത്തിവെക്കാറാണ് പതിവ്.

മാത്രമല്ല സൂര്യാതാപത്തെ തുടർന്ന് ആന്ധ്രയിലും തെലങ്കാനയിലും നിരവധി ആളുകൾ മരണപ്പെടുകയും ചെയ്തു. ഇതിനാൽ അതികഠിനമായ വെയിലുള്ള സമയങ്ങളിൽ ആളുകൾ പുറത്തിറങ്ങരുതെന്ന് സംസ്ഥാന ഗവൺമെന്റ് നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.

അടുത്ത വർഷം ഏപ്രിൽ 14നാണ് ബാഹുബലിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കുറച്ച് ഭാഗങ്ങൾ കേരളത്തിൽ ചിത്രീകരിച്ചിരുന്നു.