ബാഹുബലിയിലെ കിലികിലി ഭാഷ

ബ്രഹ്മാണ്ഡചിത്രമായ ബാഹുബലിയിലെ വില്ലന്‍ കഥാപാത്രമാണ് കാലകേയ എന്ന ഭീകരന്‍. ചിത്രത്തില്‍ കിലികിലി എന്ന ഭാഷയാണ് കാലകേയന് ഉപയോഗിച്ചിരിക്കുന്നത്. സിനിമയില്‍ സബ്ടൈറ്റില്‍ ഉള്‍പ്പെടുത്താതുകൊണ്ടും ഇത് സിനിമയ്ക്കായി സംവിധായകന്‍ പ്രത്യേകം തയാറാക്കിയ ഭാഷയാണെന്നായിരുന്നു സിനിമ കണ്ടിറങ്ങിയവരുടെ വിചാരം.

750 വാക്കുകളുള്ള ഭാഷയില്‍ 40 വ്യാകരണ നിയമങ്ങളാണ് ഉള്ളത്. തമിഴ് ബാഹുബലിയുടെ സംഭാഷണം എഴുതിയ മദന്‍ കാര്‍ക്കിയാണ് കിലികിലി ഭാഷയുടെ പിതാവ്. ഈ ഭാഷ ഉണ്ടായതിനെക്കുറിച്ച് കാര്‍ക്കി പറയുന്നതിങ്ങനെ.

‘ഓസ്‌ട്രേലിയയില്‍ ഒരു തവണ ചെന്നപ്പോള്‍ അവിടെയുളള രണ്ട് കുട്ടികളെ തമിഴ് ഭാഷ രസകരമായി പഠിപ്പിക്കാന്‍ പുതിയ ഒരു ഭാഷയുണ്ടാക്കാന്‍ ശ്രമിച്ചു. കുട്ടികളെ ഒന്ന് രസിപ്പിക്കാന്‍ മാത്രമായിരുന്നു. അങ്ങനെ കുറച്ച് പുതിയ വാക്കുകളുണ്ടാക്കി അതിനു ക്ലിക്ക് എന്ന പേരും നല്‍കി. മിന്‍ എന്ന വാക്കിന് ഞാന്‍ എന്നും നിം എന്ന് വാക്കിനു നീ എന്നുമായിരുന്നു അര്‍ത്ഥം.

ബാഹുബലിയിലെ കാലകേയ ഗോത്രത്തിനു വേണ്ടി അപരിഷ്‍കൃതമായ ഭാഷയുണ്ടാക്കണം എന്ന് രാജമൗലി ആവശ്യപ്പെട്ടപ്പോള്‍ 'ക്ലിക്ക്' ഭാഷയാണ് മനസ്സില്‍ ആദ്യം വന്നത്. പിന്നീട് അത് പരിഷ്‍കരിച്ച് ബാഹുബലിക്ക് വേണ്ടി അവതരിപ്പിക്കുകയായിരുന്നു. കാര്‍ക്കി പറഞ്ഞു.

തെലുങ്ക് ‍നടന്‍ പ്രഭാകര്‍ ആണ് കാലകേയന്‍ എന്ന ഭീകരനെ അവതരിപ്പിച്ചത്. രാജമൗലി സാര്‍ ഈ ഭാഷ വിശദീകരിച്ചപ്പോള്‍ ഒന്നും മനസ്സിലായില്ലെന്ന് പ്രഭാകര്‍ പറയുന്നു. പിന്നീട് തന്‍റെ ഭാര്യയുടെ സഹായത്താല്‍ ഇത് പഠിക്കുകയായിരുന്നെന്നും പ്രഭാകര്‍ പറഞ്ഞു. കാലകേയന്‍റെ മേയ്ക്ക് അപ്പ് അണിഞ്ഞ് ആദ്യദിവസം ചിത്രീകരണത്തിനെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവരും ഞെട്ടി. എന്തിന് എനിക്ക് പോലും അന്ന് രാത്രി എന്തോ കാരണത്താല്‍ പനി പിടിക്കുകയുണ്ടായി. അവിടെയുള്ളവര്‍ പറഞ്ഞത് ദുര്‍നിമിത്തം മൂലമാണെന്നാണ്. എന്നാല്‍ പിന്നീട് അങ്ങനൊന്നും സംഭവിച്ചില്ല. പ്രഭാകര്‍ പറഞ്ഞു.