ബാംഗ്ലൂര്‍ ഡെയ്സ് തമിഴിലെ ആ ട്വിസ്റ്റ് ?

മലയാളത്തിലെ കഴിഞ്ഞവര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ ബാംഗ്ലൂര്‍ ഡെയ്സ് തമിഴില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ആര്യ, റാണ ദഗുപതി, ശ്രീദിവ്യ, ബോബി സിംഹ, റായ് ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ചെറിയ ചില മാറ്റങ്ങളുണ്ട്. മാത്രമല്ല മലയാളത്തില്‍ നിന്നും വ്യത്യസ്തമായ ഒരു ട്വിസ്റ്റും സിനിമയിലുണ്ടെന്നും കേള്‍ക്കുന്നു. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗം കാശിയില്‍ വച്ച് ചിത്രീകരിച്ചിട്ടുണ്ട്. ചിത്രത്തില്‍ ബോബി സിംഹ അവതരിപ്പിക്കുന്ന കഥാപാത്രത്തിനാണ് കാശിയില്‍ ചിത്രീകരണം നടന്നത്. മലയാളത്തില്‍ ഈ വേഷം ചെയ്തത് നിവിന്‍ പോളിയായിരുന്നു. ബാംഗ്ലൂര്‍ ഡെയ്സില്‍ ഇങ്ങനെയൊരു രംഗവും ഇല്ലായിരുന്നുതാനും.

ഇനി പത്ത് ദിവസത്തെ ഷൂട്ടിങ് കൂടെ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നാണ് വിവരം. ഭാസ്‌കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി സിംഹയ്ക്കു പുറമെ ദുല്‍ഖര്‍ സല്‍മാന്‍ ചെയ്ത വേഷത്തില്‍ ആര്യയും ഫഹദ് ചെയ്ത വേഷത്തില്‍ റാണയും നസ്രിയ ചെയ്ത വേഷത്തില്‍ ശ്രീദിവ്യയും ചിത്രത്തിലെത്തുന്നു. ആര്‍ജെയുടെ വേഷത്തില്‍ പാര്‍വ്വതി തന്നെയാണ് അഭിനയിക്കുന്നത്.

തമിഴില്‍ അര്‍ജുന്‍ ദിവ്യ മട്രും കാര്‍ത്തിക് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സൂപ്പര്‍ ഹിറ്റായ ബോമരുലു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാസ്കര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.