തലൈവർക്ക് പൊറന്ത നാൾ വാഴ്ത്തുക്കൾ

രജനികാന്ത്

സ്റ്റൈൽമന്നൻ രജനികാന്തിന് ഇന്ന് 65–ാം പറന്നാൾ. തമിഴകത്തിന്റെ സ്വന്തം തലൈവർ, ആരാധക ലക്ഷങ്ങളുടെ സൂപ്പർ സ്റ്റാർ അങ്ങനെ വിശേഷണങ്ങൾ പലതുള്ള രജനികാന്ത് ഇത്തവണത്തെ തന്റെ ജൻമദിനാഘോഷം വേണ്ടെന്നു വച്ചു. പകരം പത്തുകോടി രൂപ ചെന്നൈയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനു നൽകാനാണു തീരുമാനം.

ഇന്ന് 10 കോടി രൂപയുടെ ചെക്ക് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് രജനികാന്ത് കൈമാറും. നേരത്തെ പത്തുലക്ഷം രൂപ ദുരിതാശ്വാസ പ്രവർത്തനത്തചിനായി രജനികാന്ത് നൽകിയിരുന്നു. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കാളികളായി തന്റെ ജൻമദിനം ആഘോഷിക്കാനാണ് രജനികാന്ത് ആരാധകർക്കു നൽകിയിരിക്കുന്ന നിർദേശവും.

ഇന്ത്യയിലെ ഒരേയൊരു സൂപ്പർ സ്റ്റാർ എന്നാണ് രജനിയെ ആരാധകർ ഒന്നടങ്കം വാഴ്ത്തുന്നത്. ഭാഷാ ദേശ വ്യത്യാസങ്ങൾക്കതീതമായി രജനിയെ ആളുകൾ ഇഷ്ടപ്പെടുന്നു. അങ്ങ് ജപ്പാനിൽ വരെയുണ്ട് അദ്ദേഹത്തിന് ആരാധകർ. സൂപ്പർ സ്റ്റാർ പദവിയൊക്കെ ഉണ്ടെങ്കിലും മേക്കപ്പൊന്നും കൂടാതെ വെറും സാധാരണക്കാരനായാണ് അദ്ദേഹം പൊതു വേദികളിലും മറ്റും എത്താറ്.

കബലിയാണ് രജനിയുടെ ഏറ്റവും പുതിയ ചിത്രം. അടുത്ത വർഷം പ്രദർശനത്തിനെത്തുന്ന സിനിമയിൽ സാൾ‌ട്ട് ആൻഡ് പെപ്പർ സ്റ്റൈലിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുക. രജനി നായകനായി ഇക്കൊല്ലം എത്തിയ ലിംഗ ബോക്സോഫീസിൽ പരാജയമായിരുന്നു.