മച്ചാൻ പേര് ഇളയദളപതി

‘‘ഒരു വാട്ടി മുടിവ് പണ്ണീട്ടാ ഏൻ പേച്ചെ നാനേ കേക്കമാട്ടേൻ’’... ഈ വാചകം കേട്ടാൽ തമിഴകം മുഴുവൻ എഴുന്നേറ്റു നിന്നു കയ്യടിക്കും. കാരണം ഇളയദളപതിയുടെ ഏറ്റവും ഹിറ്റ് പഞ്ച് ഡയലോഗ് ആണിത്. പോക്കിരി എന്ന ചിത്രത്തിൽ ഈ വാചകം പറഞ്ഞ് ജനക്കൂട്ടത്തെ ഇളക്കിമറിച്ച വിജയ് ഇന്നു താര സിംഹാസനത്തിൽ ഇരിക്കുന്നതിനു കാരണം ഇത്തരം പഞ്ച് ഡയലോഗുകളും ചടുലമായ നൃത്താവതരണവുമെല്ലാമാണ്.

‘ബാഷ’ എന്ന ചിത്രത്തിൽ രജനീകാന്ത് പറയുന്ന ‘നാൻ ഒരു തടവേ സൊന്നാ നൂറു തടവേ സൊന്ന മാതിരി’ എന്ന ഡയലോഗ് ആണ് തമിഴ് സിനിമയിലെ ഏറ്റവും ഹിറ്റ് പഞ്ച് ഡയലോഗ്. രണ്ടാം സ്ഥാനത്തിനായി വിജയ് പോക്കിരിയിൽ പറഞ്ഞ ‘ഒരു വാട്ടി മുടിവ് പണ്ണീട്ടാ ഏൻ പേച്ചെ നാനേ കേക്കമാട്ടേൻ’ എന്ന ഡയലോഗ് മത്സരിക്കുന്നത് രജനീകാന്തിനോടു തന്നെയാണ്. രജനി ‘പടയപ്പ’യിൽ പറഞ്ഞ ‘ഏൻ വഴി തനി വഴി’, ‘ലേറ്റാനാലും ലേറ്റസ്റ്റാ വരുവേൻ’ എന്നിവയോടാണ് പോക്കിരിയിലെ പഞ്ച് ഡയലോഗിന്റെ മത്സരം. പടയപ്പയ്ക്കൊപ്പം പോക്കിരിയും ഒപ്പത്തിനൊപ്പം നിൽക്കുന്നു.

ചലച്ചിത്ര നിർമാതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറുടെ മകനായ വിജയ് എന്ന ജോസഫ് വിജയ് ചന്ദ്രശേഖർ 1974 ജൂൺ 22നാണു ജനിച്ചത്. ബാലനടനായി സിനിമയിലെത്തിയ വിജയ് 1992ൽ നാളയ തീർപ്പ് എന്ന ചിത്രത്തിലൂടെ നായകനായി. വിജയിന്റെ രണ്ടാമത്തെ ചിത്രമായ സിന്ദൂരപ്പാണ്ടിയിൽ വിജയകാന്തിനൊപ്പം സെക്കൻഡ് ഹീറോ ആയി അഭിനയിച്ചു. ഈ ചിത്രത്തിലെ വിജയിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ വിജയിന് സിനിമാരംഗത്ത് തിരക്കായി.

വിജയ് സെന്റിമെന്റൽ റോളുകളിലൂടെയാണ് ആക്ഷൻ രംഗത്തേക്കു വന്നത്. വിക്രമൻ സംവിധാനം ചെയ്ത ‘പൂവേ ഉനക്കാക’യിൽ വിജയ് അവതരിപ്പിച്ച നായക കഥാപാത്രം രണ്ടു കുടുംബങ്ങളുടെ പിണക്കം തീർക്കുന്ന രീതി ശ്രദ്ധേയമായി. ആ ചിത്രത്തിനു ശേഷം അതുപോലുള്ള വേഷങ്ങളാണ് വിജയിനെ തേടിയെത്തിയത്. വസന്തവാസൽ, കാലമെല്ലാം കാത്തിരിപ്പേൻ, ലവ് ടുഡേ, വൺസ് മോർ തുടങ്ങിയവ ഉദാഹരണം. പിന്നീടെത്തിയ കാതലുക്കു മരിയാദൈ വിജയിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കി. വിജയിനെ താരമാക്കിയ ചിത്രമാണത്. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള തമിഴ്നാട് സർക്കാരിന്റെ അവാർഡ് വിജയിനു ലഭിച്ചു.

തുടർന്നും നിനൈത്തേൻ വന്തായ്, പ്രിയമുടൻ, നിലാവേ വാ, തുള്ളാത മനമും തുള്ളും, എൻറെൻറും കാതൽ, നെഞ്ചിനിലേ, മിൻസാരക്കണ്ണാ, ഖുഷി, പ്രിയമാനവളേ തുടങ്ങിയ സെന്റിമെന്റൽ ലവ് സ്റ്റോറി ചിത്രങ്ങളിൽ അഭിനയിച്ച വിജയ് 2001ൽ ബദ്രിയിലൂടെയാണ് ആക്ഷൻ രംഗത്തേക്കു കടന്നത്. യൂത്ത്, ഭഗവതി, തിരുമലൈ, ഗില്ലി, മധുരൈ, തിരുപ്പാച്ചി, പോക്കിരി തുടങ്ങിയ ആക്ഷൻ ചിത്രങ്ങളിലൂടെ വിജയ് ചുവടു മാറ്റിച്ചവിട്ടി ആക്ഷൻ താരമായി മാറി. ഇപ്പോൾ ആക്ഷൻ രംഗത്തു നിന്നു മാറി അഭിനയിക്കാൻ പറ്റാത്ത അവസ്ഥയാണ് തനിക്കെന്ന് വിജയ് തന്നെ പറയുന്നു. വിജയ് ചിത്രമെന്നു പറയുമ്പോൾ തന്നെ ഇന്നതെല്ലാം വേണമെന്ന് ജനങ്ങൾ തീരുമാനിക്കുന്നു. അതു പ്രതീക്ഷിച്ചിരിക്കുന്നു. അതു കൊടുത്തില്ലെങ്കിൽ പറ്റില്ലെന്ന അവസ്ഥ.  

വിജയ് ചിത്രങ്ങളുടെ ചേരുവയിൽ പ്രധാനമാണ് വിജയിനെ അവതരിപ്പിക്കുന്ന ഗാനം. ആ ഗാനത്തിന്റെ വരികൾ എഴുതുന്നത് വിജയിനെ പുകഴ്ത്തുന്ന രീതിയിലാവാറാണു പതിവ്. രജനീകാന്ത് ചിത്രങ്ങളുടെ ചുവടുപിടിച്ചാണ് ഇങ്ങനെ ചെയ്യുന്നത്. ‘വേട്ടൈക്കാരൻ’ എന്ന ചിത്രത്തിലെ ഗാനമായ ‘നാനടിച്ചാ താങ്കമാട്ടേ, നാലു മാസം തൂങ്കമാട്ടേ...’, ‘പോക്കിരി’ എന്ന ചിത്രത്തിലെ ‘ആടുങ്കടാ എന്നൈ സുത്തി നാൻ അയ്യനാര് വെട്ടുക്കത്തി, പാടപ്പോറേൻ എന്നെപ്പത്തി കേളുങ്കടാ വായെപ്പൊത്തി’ തുടങ്ങിയ ഗാനങ്ങൾ ഉദാഹരണം.

വിജയ് നടൻ മാത്രമല്ല നല്ല ഗായകനും കൂടിയാണ്. ഒട്ടേറെ ചിത്രങ്ങളിൽ വിജയ് പിന്നണി ഗായകനായിട്ടുണ്ട്. 1993ൽ രസികൻ എന്ന ചിത്രത്തിലെ ബൊംബൈ സിറ്റി എന്ന ഡപ്പാംകൂത്ത് ഗാനം ആലപിച്ചാണ് വിജയ് പിന്നണിഗായകനായി അരങ്ങേറ്റം കുറിച്ചത്. ഗാനരംഗത്തിൽ അഭിനയിക്കുന്നത് വിജയ് തന്നെ. 1994ൽ ദേവ എന്ന ചിത്രത്തിൽ വിജയ് രണ്ടു ഗാനങ്ങളാണു പാടിയത്. അടടാ അലമേലു, കൊത്തഗിരി കുപ്പമ്മാ എന്നീ ഗാനങ്ങൾ. 1994ൽ വിഷ്ണു എന്ന ചിത്രത്തിലെ തൊട്ടബേട്ട റോട്ടുമേലെ മുട്ടപ്പൊറോട്ട എന്ന ഗാനമാണ് വിജയ് പാടിയ ഗാനങ്ങളിൽ ആദ്യമായി ഹിറ്റായത്. ഇപ്പോഴും ഈ ഗാനം ടിവി ചാനലുകളിൽ കാണാം.

1995ൽ കോയമ്പത്തൂർ മാപ്പിളൈ എന്ന ചിത്രത്തിൽ വിജയ് ആലപിച്ച ഗാനമാണ് ‘ബൊംബോയ് പാർട്ടി ശിൽപാ ഷെട്ടി.....’. 1996ൽ കാലമെല്ലാം കാത്തിരുപ്പേൻ എന്ന ചിത്രത്തിൽ ‘അഞ്ചാം നമ്പർ ബസിൽ ഏറി’ എന്ന ഗാനവും അതേ വർഷം തന്നെ ‘മാൻഭൂമിക്കു മാനവൻ’ എന്ന ചിത്രത്തിൽ ‘തിരുപ്പതി പോണ മൊട്ട...’ എന്ന ഗാനവും വിജയ് പാടി. 1997ൽ മൂന്നു ചിത്രങ്ങളിൽ വിജയ് പാടി. വൺസ് മോർ എന്ന ചിത്രത്തിൽ ‘ഊർമിള ഊർമിള’ എന്ന ഗാനവും സെൽവ എന്ന ചിത്രത്തിൽ ‘ചിക്കൻ കറി’ എന്ന ഗാനവും കാതലുക്കു മരിയാദൈ എന്ന ചിത്രത്തിൽ ‘ഓ ബേബി ബേബി’ എന്ന ഗാനവും.

1998ൽ നിലാവേ വാ എന്ന ചിത്രത്തിൽ ചന്ദിര മണ്ഡലത്തിൽ എന്ന ഗാനവും അതേ ചിത്രത്തിൽ നിലവേ നിലവേ എന്ന ഗാനവും പ്രിയമുടൻ എന്ന ചിത്രത്തിൽ മൗര്യ മൗര്യ എന്ന ഗാനവും ഇളയദളപതിയാണു പാടിയത്. അതുവരെ വിജയ് പാടിയ എല്ലാ ഗാനങ്ങളിലും അഭിനയിച്ചത് വിജയ് തന്നെയായിരുന്നു. 1998ൽ ആണ് ആദ്യമായി മറ്റൊരു നടനുവേണ്ടി വിജയ് പിന്നണി പാടിയത്. വേലൈ എന്ന ചിത്രത്തിൽ കാലത്ത്ക്ക് എന്ന ഗാനം വിഘ്നേഷ് എന്ന നടനുവേണ്ടിയാണ് വിജയ് ആലപിച്ചത്. നാസർ, പ്രേംജി അമരൻ എന്നിവർ സഹഗായകരായിരുന്നു. 1999ൽ മറ്റൊരു താരം സൂര്യയ്ക്കു വേണ്ടി വിജയ് പാടി.

പെരിയണ്ണ എന്ന ചിത്രത്തിൽ റോഡ്ല ഒരു, ദമ്മടിക്കിറ സ്റ്റൈലാ പാത്ത് എന്നീ ഗാനങ്ങൾ സൂര്യയ്ക്കു വേണ്ടി വിജയ് പാടിയതാണ്. അതേ വർഷം നെഞ്ചിനിലെ എന്ന ചിത്രത്തിൽ തങ്കനിരത്തുക്കു എന്ന ഗാനവും വിജയ് പാടി. രണ്ടായിരത്തിൽ കണ്ണുക്കുൾ നിലവ് എന്ന ചിത്രത്തിൽ വിജയ് രണ്ടു പാട്ടുകൾ പാടി. സിന്നഞ്ചിരു, ഇരവു പകലായ് എന്നീ ഗാനങ്ങൾ. 2001ൽ ബദ്രി എന്ന ചിത്രത്തിലെ എന്നോട ലൈല, അതേ വർഷം പ്രിയമാനവളേ എന്ന ചിത്രത്തിലെ ‘മിസിസിപ്പി നദി’ എന്നീ ഗാനങ്ങളും 2002ൽ തമിഴൻ എന്ന ചിത്രത്തിലെ ഉള്ളത്തൈ കിള്ളാതെ, അതേ വർഷം ഭഗവതി എന്ന ചിത്രത്തിലെ കോക്കകോള, സച്ചിൻ എന്ന ചിത്രത്തിലെ വാടി വാടി എന്നീ ഗാനങ്ങളും പാടി ഇളയദളപതി ഗായകൻ എന്ന നിലയിൽ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.