ന്യൂജനറേഷന്റെ ഒരു നാൾ കൂത്ത്

ഒരു നാൾ കൂത്ത്

നടി മിയ നായികയായി എത്തുന്ന തമിഴ് ചിത്രം ഒരു നാൾ കൂത്ത് റിലീസിനൊരുങ്ങുന്നു. ദിനേഷ് ആണ് നായകൻ. തമിഴ് സിനിമയിലെ യുവനായകന്മാരിൽ ശ്രദ്ധേയമായ സ്ഥാനമാണ് ദിനേഷിനുള്ളത്. അട്ടകത്തി മുതൽ കുക്കു, തിരുടൻ പൊലീസ്, തമിഴുക്ക് എൺ ഒൻറൈ അഴുത്തവും എന്നിങ്ങനെ ഈ നായക നടന്റെ സിനിമകളെല്ലാം വൈവിദ്ധ്യങ്ങളും ശ്രദ്ധേയങ്ങളുമായിരുന്നു. രമേഷ് തിലക്, ബാലാശരവണൻ, നാഗേന്ദു, ചാർളി, കരുണാകരൻ എന്നിങ്ങനെ യുവനടന്മാരിൽ പ്രഗത്ഭരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. നവാഗതനായ നെൽസൺ വെങ്കിടേശാണ് ചിത്രത്തിന്റെ രചയിതാവും സംവിധായകനും.

ആർഭാടപൂർവ്വമോ, അല്ലാതെയോ നമ്മുടെ ജീവിതത്തിൽ നടക്കുന്ന ഒരു ദിവസത്തെ കൂത്താണ് വിവാഹം. വിവാഹത്തിന്റെ പ്രക്രിയകളിലൂടെ സാമൂഹിക ആക്ഷേപ ഹാസ്യ വിനോദ ചിത്രമായിട്ടാണ് നെൽസൺ വെങ്കിടേശൻ തന്റെ ഒരു നാൾ കൂത്തിന് ദൃശ്യ സാക്ഷാത്കാരമേകിയിരിക്കുന്നത്. ഈ ചിത്രം അവരവരുടേയും ചുറ്റുമുള്ളവരുടേയും ജീവിതത്തിന്റെ പ്രതിഫലനമാണ് കാണികൾക്ക് നൽകുകയെന്ന് സംവിധായകൻ പറയുന്നു. ഐടി കമ്പനികളിലും, എഫ്എം സ്റ്റേഷനുകളിലും, കോർപ്പറേറ്റ് കമ്പനികളിലും ജോലി ചെയ്യുന്ന യുവതീയുവാക്കളുടെ ജീവിതത്തെ നാളുകളോളം നിരീക്ഷിച്ചതിനുശേഷമാണ് സംവിധായകൻ തന്റെ ചിത്രത്തിനുവേണ്ടി കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്.

ദിനംപ്രതി പതിനായിരക്കണക്കിന് വിവാഹങ്ങൾക്കായുള്ള പ്രോസസ് നടത്തപ്പെടുന്നുണ്ട് എന്നാണ് കണക്ക്. ഇതിൽ നടക്കുന്നതും നടക്കാത്തതുമായ വിവാഹങ്ങൾ, അതിനു പിന്നിലെ പ്രശ്നങ്ങൾ എന്നിവയെല്ലാം ഒരുനാൾ കൂത്തിൽ പ്രതിപാദിക്കപ്പെടുന്നു. പ്രമേയം കൊണ്ട ് വ്യത്യസ്തത പുലർത്തുന്ന ജീവിതം പ്രേക്ഷകർക്ക് സന്ദേശം ഏകുന്ന ആസ്വാദ്യകരമായ ഒരു വിനോദ ചിത്രമായിരിക്കുമെന്ന് അണിയറ ശില്പികൾ ആത്മവിശ്വാസത്തോടെ പറയുന്നു.

ഗോകുൽ ബിനോയ് ആണ് ഛായാഗ്രാഹകൻ. കുഞ്ഞിരാമായണത്തിലൂടെ ശ്രദ്ധേയനായ ജസ്റ്റിൻ പ്രഭാകരനാണ് സംഗീത സംവിധായകൻ. ഈ യുവസംഗീത സംവിധായകൻ ചിട്ടപ്പെടുത്തിയ ഒരു നാൾ കൂത്തിലെ അടിയേ അഴകേ, എപ്പോ വരുവായോ എന്നീ ഗാനങ്ങൾ എഫ് എമ്മുകളിൽ ടോപ്പ് 5 ആൽബങ്ങളിൽ ഒന്നും മൂന്നും സ്ഥാനങ്ങൾ നേടി ഹിറ്റായി കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. കെനന്യ ഫിലിംസിന്റെ ബാനറിൽ സെൽവകുമാർ.ജെ നിർമ്മിച്ചിരിക്കുന്ന ന്യൂജനറേഷൻ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ഒരു നാൾ കൂത്ത് ഉടൻ പ്രദർശനത്തിനെത്തുന്നു.