രജനിയെ വീണ്ടും പരിഹസിച്ച് രാമു

കിച്ച സുദീപ് നായകനായി എത്തിയ മുടിഞ്ചാ ഇവനെ പുടി എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. തെലുങ്കിൽ കൊടിഗൊബ്ബ 2 എന്ന പേരിലായിരുന്നു റിലീസിനെത്തിയത്. ചിത്രം കണ്ട ശേഷം സംവിധായകൻ രാം ഗോപാൽ വർമ കിച്ച സുദീപിനെ പ്രശംസിച്ച് എഴുതിയ ട്വീറ്റുകളാണ് വിവാദത്തിന് തുടക്കം.

‘കൊടിഗൊബ്ബ 2 കണ്ടു. ഇനി കിച്ച സുദീപിന്റെ പേര് രജനി സുദീപ് എന്ന് മാറ്റണം. രജനികാന്തിന് ഒരേപോലെയുള്ള വേഷങ്ങൾ മാത്രമേ ചെയ്യാൻ സാധിക്കൂ. സുദീപിന് ഉറക്കത്തിൽ പോലും റോബോട്ട് ആയി അഭിനയിക്കാം. എന്നാൽ രജനിക്ക് സ്വപ്നത്തിൽ പോലും ഈഗയിലെ സുദീപിന്റെ കഥാപാത്രം ചെയ്യാൻ സാധിക്കില്ല.’–രാമു പറഞ്ഞു.

രാമുവിന്റെ ഈ ട്വീറ്റ് സുദീപിനും അത്രപിടിച്ചില്ല. നല്ല വാക്കുകൾക്ക് നന്ദിയുണ്ടെന്നും എന്നാൽ രജനീകാന്ത് പോലുള്ള ഇതിഹാസങ്ങളുടെ അടുത്ത് നിൽക്കാൻ പോലും താൻ ആയിട്ടില്ലെന്നും സുദീപ് ട്വീറ്റിന് മറുപടിയായി പറഞ്ഞു.

എന്തായാലും രാമുവിനെ വിമർശിച്ച് രജനി ആരാധകർ എത്തി കഴിഞ്ഞു.