വിവാഹപ്രായമുള്ള പെണ്‍കുട്ടികള്‍ ടെന്‍ഷന്‍; പ്രകാശ് രാജിനെതിരെ പരാതി

പെണ്‍കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന പരസ്യത്തില്‍ അഭിനയച്ചതിനെത്തുടര്‍ന്ന് പ്രകാശ് രാജിനെതിരെ ഒരു യുവതി കോടതിയില്‍ പരാതി നല്‍കി. ‘വിവാഹപ്രായമുള്ള പെണ്‍കുട്ടികള്‍ ഉണ്ടായാലേ ടെന്‍ഷന്‍ ആണെന്നതാണ് പരസ്യത്തിലെ വാചകം. ഇതാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഒരു ജ്വലറിയുടെ പരസ്യത്തിലായിരുന്നു പ്രകാശ് രാജ് അഭിനയിച്ചത്.

പല സംസ്ഥാനത്തും പെണ്‍ ഭ്രൂണഹത്യ പെരുകുന്നതും, വീട്ടുകാരില്‍ നിന്നുതന്നെ പെണ്‍കുട്ടികള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ വീട്ടുകാര്‍ക്ക് ഭാരമാണെന്ന രീതിയില്‍ അര്‍ഥം വരുന്ന പരസ്യത്തില്‍ പ്രകാശ് രാജ് അഭിനയിച്ചതിനെതിരായാണ് യുവതി രംഗത്തെത്തിയത്. പരസ്യം പെണ്‍കുട്ടികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും, ഇത് പെണ്‍കുട്ടികള്‍ കുടുംബത്തിന് ടെന്‍ഷനാണെന്ന പൊതു ധാരണയുണ്ടാക്കുമെന്നും കാട്ടി പരസ്യത്തിനും നടനുമെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വനിതാ സാമൂഹ്യ പ്രവര്‍ത്തക മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ പ്രകാശ് രാജ് ഒരു നടന്‍ മാത്രമാണെന്നും പരസ്യത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ മാത്രമാണ് നടപടിയെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നും കോടതി പറയുന്നു. പ്രകാശ് രാജിനെതിരെയുള്ള പരാതി മദ്രാസ് ഹൈക്കോടതി റദ്ദാക്കിയെന്നും വാര്‍ത്തയുണ്ട്.