നയൻസിന്റെ വിവാഹത്തിന് പോകുമോ? ആരാധകന്റെ ചോദ്യത്തിന് ചിമ്പുവിന്റെ കിടിലൻ മറുപടി

ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ച ചൂടൻ വാർത്തയായിരുന്നു ചിമ്പു–നയൻതാര പ്രണയം. ഇരുവരുടെയും പ്രണയവും ചുംബന ചിത്രം പ്രചരിച്ചതും പ്രണയത്തകര്‍ച്ചയുമെല്ലാം വലിയ വിവാദമായിരുന്നു. പിന്നീട് എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഇതു നമ്മ ആള്‍ എന്ന സിനിമയിൽ ഒന്നിച്ച് അഭിനയിക്കുകയും ചെയ്തു. ഇവർ ഇപ്പോൾ നല്ല സുഹൃത്തുക്കളാണ്. നയൻതാര ആകട്ടെ പുതിയ കാമുകനെയും കണ്ടെത്തി വിവാഹജീവിതത്തിനൊരുങ്ങുകയാണ്.

എന്നാല്‍ ഏത് അഭിമുഖത്തിൽ പങ്കെടുത്താലും നയൻതാരയെക്കുറിച്ചൊരു ചോദ്യം ചിമ്പു നേരിടേണ്ടതായി വരും. ഇത് മുൻകൂട്ടി കണ്ടപോലെ കിടിലന്‍ മറുപടിയായിരിക്കും ചിമ്പു നൽകുക. പുതിയ സിനിമയായ അച്ചം യെൻപത് മടമൈയടയുടെ പ്രചാരണപരിപാടിക്കിടെയും ഇതുപോലൊരു ചോദ്യം ചിമ്പുവിന്റെ നേരെ ഉയർന്നു.

നയന്‍താരയും വിഗ്നേശ് ശിവനും പ്രണയത്തിലാണെന്നും നയൻതാര ക്ഷണിച്ചാൽ ഇവരുടെ വിവാഹത്തിന് പോകുമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഉടൻ തന്നെ വന്നു ചിമ്പുവിന്റെ മറുപടി.

നയന്‍സും വിഘ്‌നേശും തന്റെ നല്ല സുഹൃത്തുക്കളാണെന്നും ഇരുവരും തുറന്നുസമ്മതിക്കാതെ അവര്‍ പ്രണയത്തിലാണെന്ന് താൻ വിശ്വസിക്കില്ലെന്നും ചിമ്പു പറഞ്ഞു. മാത്രമല്ല വിവാഹത്തിന് വിളിക്കുകയാണെങ്കിൽ ഉറപ്പായും പോകുമെന്നും അങ്ങനെ പോകാതിരുന്ന് സുഹൃത്തുക്കളെ പിണക്കാനാകില്ലെന്നും ചിമ്പു വ്യക്തമാക്കി.