കബാലി ടീസർ കണ്ട രാജമൗലിയുടെ പ്രതികരണം

രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയുടെ ടീസറിന് സിനിമാലോകത്തും വൻവരവേൽപ്പാണ് ലഭിക്കുന്നത്. സിനിമാതാരങ്ങളെപ്പോലും ഞെട്ടിക്കുന്ന ടീസർ വരണമെങ്കിൽ അത് രജനിയുടേതായിരിക്കും. ദുൽക്കറും നിവിൻ പോളിയും വിനീത് ശ്രീനിവാസനും സ്റ്റൈൽ മന്നന്റെ സ്റ്റൈലിനെ പുകഴ്ത്തി എത്തിയപ്പോൾ ബാഹുബലിയുടെ സംവിധായകന്‍ എസ് എസ് രാജമലിയും കബലിയുടെ ടീസര്‍ കണ്ട ത്രില്ലിലാണ്.

'ഇതാണ് സ്റ്റൈല്‍, ഇതാണ് രജനി, ഇതാണ് തലൈവ' എന്നാണ് അദ്ദേഹം ടീസർ കണ്ട ശേഷം പ്രതികരിച്ചത്. 24 മണിക്കൂറുകൾ കൊണ്ട് ടീസർ കണ്ടത് അമ്പത് ലക്ഷം ആളുകളാണ്. ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കാഴ്ച്ചക്കാരുടെ എണ്ണം 10 ലക്ഷം കവിഞ്ഞിരുന്നു. യൂട്യൂബിന് പോലും കാഴ്ചക്കാരുടെ എണ്ണം കൃത്യമായി അപ്‌ഡേറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. 1.06 സെക്കന്‍റാണ് ടീസറിന്‍റെ ദൈർഘ്യം.

സാള്‍ട് ആൻഡ് പെപ്പർ ലുക്കും തീപാറുന്ന ഡയലോഗുമാണ് ടീസറിലെ പഞ്ച്. മാത്രമല്ല വിന്റേജ് ലുക്കിൽ പഴയകാല രജനിയെ കാണിക്കുന്ന രംഗവും അത്യുഗ്രൻ. നായികയായ രാധിക ആപ്തെ, വില്ലൻ വേഷത്തിലെത്തുന്ന കിഷോർ എന്നിവരെയും ടീസറിൽ കാണാം. ഫെയ്സ്ബുക്കിലും ട്വിറ്ററിലുമെല്ലാം കബാലി ഹാഷ്ടാഗ് തന്നെയാണ് ഇപ്പോഴും തരംഗം.

മൈലാപ്പൂരില്‍ ജനിച്ച് മലേഷ്യയിലേക്ക് സാമ്രാജ്യം വ്യാപിപ്പിച്ച കബാലീശ്വരനെയാണ് രജനീകാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷം പ്രായത്തിനൊത്തെ വേഷം രജനി ചെയ്യുന്നുവെന്ന പ്രത്യേകതയും കബാലിക്കുണ്ട്. ആട്ടകത്തി, മദ്രാസ് പോലുള്ള പരീക്ഷണചിത്രങ്ങൾ ഒരുക്കിയ പാ രഞ്ജിത്ത് സംവിധാനം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രാധിക ആപ്‌തെ, കലൈയരസന്‍, കിഷോര്‍, ധന്‍സിക, ദിനേഷ് രവി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.സന്തോഷ് നാരായണനാണ് സംഗീതം നിര്‍വഹിക്കുന്നത്.