ശശിശങ്കറിനെ അനുസ്മരിച്ച് സൂര്യ

പ്രശസ്ത സംവിധായകൻ ശശിശങ്കറിന്റെ നിര്യാണത്തിൽ നടൻ സൂര്യ അനുശോചനം രേഖപ്പെടുത്തി. ‘എന്റെ സിനിമാ ജീവിതത്തിലെ അവിസ്മരണീയ സിനിമകളിൽ ഒന്നായ പേരഴകന്റെ സംവിധായകനായിരുന്നു ശശിശങ്കർ. അദ്ദേഹത്തിന്റെ മരണ വാർത്തയറിഞ്ഞ് ഞാൻ വളരെയധികം വേദനിക്കുന്നു.’–സൂര്യ പറയുന്നു.

തൊടുപുഴയിൽ പേരഴകന്റെ ചിത്രീകരണം നടക്കുന്ന വേളയിൽ ഒരു സംവിധായകൻ നടൻ ബന്ധത്തേക്കാളുപരിയായ സൗഹൃദമാണ് ഞങ്ങൾ തമ്മിലുണ്ടായത്. ആ സൗഹൃദം പിൽക്കാലത്തും തുടർന്ന് പോന്നു. പുറം നാട്ടിൽ ഷൂട്ടിങ്ങിലായതിനാൽ എനിക്ക് അന്തിമോപചാരമർപ്പിക്കാൻ എത്താൻ കഴിയാതെ വന്നതിൽ അങ്ങേയറ്റം ഖേദിക്കുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കുചേർന്നുകൊണ്ട് അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാനായി പ്രാർഥിക്കുന്നു. പത്രക്കുറിപ്പിലൂടെയാണ് സൂര്യ അനുശോചനം രേഖപ്പെടുത്തിയത്.