ശരത്കുമാറിന്റെ കാറിൽ നിന്ന് തിര. കമ്മിഷൻ ഒൻപതു ലക്ഷം പിടിച്ചു

തിരുച്ചെന്തൂരിലെ അണ്ണാ ഡിഎംകെ സഖ്യ സ്ഥാനാർഥിയായ നടൻ ശരത് കുമാറിന്റെ കാറിൽനിന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ ഒൻപതു ലക്ഷം രൂപ പിടിച്ചെടുത്തു. തിരുച്ചെന്തൂരിലേക്കുള്ള യാത്രയ്ക്കിടെ നല്ലൂർ വിളക്ക് എന്ന സ്ഥലത്തു വാഹന പരിശോധനയിലാണു പണം പിടികൂടിയത്. സംസ്ഥാനത്ത് ഇതുവരെ 83 കോടി രൂപയോളം കണക്കിൽ പെടാത്ത പണം തിരഞ്ഞെടുപ്പു കമ്മിഷൻ പിടിച്ചിട്ടുണ്ട്.

എന്നാൽ, ആദ്യമായാണ് ഒരു പ്രധാന നേതാവിന്റെ വാഹനത്തിൽനിന്നു പണം പിടിക്കുന്നത്. അഖിലേന്ത്യ സമത്വ മക്കൾ കക്ഷി നേതാവാണെങ്കിലും ശരത് കുമാർ മൽസരിക്കുന്നത് അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നത്തിലാണ്.

സ്പെഷൽ തഹസിൽദാർ പി.വള്ളിക്കണ്ണിന്റെ നേതൃത്വത്തിലുള്ള സംഘമാണു പണം പിടിച്ചെടുത്തത്. മതിയായ രേഖകൾ ഹാജരാക്കാത്തതിനെ തുടർന്നു പണം തുടർ നടപടികൾക്കായി ട്രഷറിയിൽ അടച്ചു. സ്ഥാനാർഥികൾ കൂടുതൽ പണം കൈവശം സൂക്ഷിക്കുന്നതിനു തിരഞ്ഞെടുപ്പു കമ്മിഷന്റെ വിലക്കുണ്ട്. 20,000 രൂപയ്ക്കു മുകളിലുള്ള എല്ലാ കൈമാറ്റവും ചെക്ക് മുഖേന നടത്തണമെന്നും കമ്മിഷന്റെ നിർദേശമുണ്ട്.