അജിത്തിന് ശസ്ത്രക്രിയ; മൂന്ന് മാസത്തെ വിശ്രമം

അജിത് ആരാധകരെ നിരാശരാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പുതിയ ചിത്രമായ വേതാളത്തിന്റെ ചിത്രീകരണത്തിനിടെ അജിത്തിന് പരുക്ക് പറ്റിയിരുന്നു. ഇതിനെ തുടർന്ന നടത്തിയ ശസ്ത്രക്രിയയിൽ മൂന്നുമാസത്തെ പൂർണമായ വിശ്രമമാണ് അജിത്തിനോട് ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുന്നത്.

നവംബർ 24ന് ശസ്ത്രക്രിയ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കാലിന്റെ വേദന അധികമായതോടെ ശസ്ത്രക്രിയ ഉടൻ നടത്താൻ നിശ്ചയിക്കുകയായിരുന്നു. രാത്രി 7.30 തുടങ്ങിയ ശസ്ത്രക്രിയ വെളുപ്പിന് 2.30 വരെ നീണ്ടു നിന്നു. ഇപ്പോള്‍ അദ്ദേഹത്തിന് സൗഖ്യമുണ്ടെന്നും ആശുപത്രിവൃത്തങ്ങള്‍ പറയുന്നു.

ഇതാദ്യമായല്ല അജിത് പരുക്കുകളുടെ പിടിയിലകപ്പെടുന്നത്. ഡ്യൂപ്പിനെവച്ച് സാഹസിക രംഗങ്ങൾ ചിത്രീകരിക്കേണ്ടന്ന അദ്ദേഹത്തിന്റെ തീരുമാനം തന്നെയാണ് ഇതിന് കാരണം.

ചുരുങ്ങിയത് ആറ് മാസം വിശ്രമമെടുത്തതിന് ശേഷമേ അടുത്ത തല പ്രോജക്ട് ആരംഭിക്കൂ. അജിത്തിന്റെ അടുത്ത ചിത്രവും ശിവയ്ക്കൊപ്പം തന്നെയാണ്.