നിവിൻ മാത്രമല്ല വിക്രത്തിനൊപ്പം പൃഥ്വിയും

ദ് സ്പിരിറ്റ് ഓഫ് ചെന്നൈ എന്ന ആൽബം ഒരുക്കുന്നതിനുള്ള പണിപ്പുരയിലാണ് സൂപ്പർതാരം വിക്രം. ചെന്നൈ മഴക്കെടുതിയും തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചുള്ള ഒരു വിഡിയോയാണ് വിക്രം ഈ ആൽബത്തിലൂടെ ദൃശ്യവത്കരിക്കുന്നത്.

വിക്രത്തിന് വേണ്ടി ബോളിവുഡ്, മോളിവുഡ്, കോളിവുഡ്, ടോളിവുഡ് എന്നിവിടങ്ങളിൽ നിന്നും സൂപ്പർതാരങ്ങളുൾപ്പടെയുള്ളവരാണ് ആൽബത്തിൽ അണിനിരക്കുന്നത്. നേരത്തെ ആൽബത്തില്‍ അഭിനയിക്കാൻ മലയാളത്തിൽ നിന്നും നിവിൻ പോളി എത്തിയിരുന്നു.

ആല്‍ബത്തില്‍ കൈകോര്‍ക്കാന്‍ പൃഥ്വിരാജും വിക്രത്തിനൊപ്പം എത്തി. രാവണന്‍ എന്ന ചിത്രത്തിലൂടെ ആദ്യമായി ഒരുമിച്ച വിക്രമും പൃഥ്വിയും സ്പിരിറ്റ് ഓഫ് ചൈന്നെയ്ക്ക് വേണ്ടി വീണ്ടും ഒന്നിച്ചു. പൃഥ്വിയുടെ അടുത്ത സുഹൃത്ത് കൂടിയായ വിക്രമിന്റെ ക്ഷണപ്രകാരമാണ് പൃഥ്വിരാജ് ചെന്നൈയിലെത്തിയത്.

സുഹൃത്തും സഹോദരനും പ്രചോദനവുമായ ചിയാന്‍ വിക്രത്തോടൊപ്പം എന്ന അടിക്കുറിപ്പോടെ ഫോട്ടോയും പൃഥ്വി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. വിക്രത്തിന് വേണ്ടി ബോളിവുഡ് താരം അഭിഷേക് ബച്ചൻ, തമിഴ് നടൻ സൂര്യ, പുനീത് രാജ്കുമാർ, ശിവകാര്‍ത്തികേയൻ, നയൻതാര ,നിത്യാമേനോന്‍ എന്നിവര്‍ ആല്‍ബത്തിൽ അഭിനയിച്ചു.

മദന്‍കാര്‍ക്കിയും റോക്കേഷും ഗാനാബാലയും ചേര്‍ന്നാണ് ആല്‍ബം രചിച്ചിരിക്കുന്നത്. എസ് പി ബാലസുബ്രമണ്യം, ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍, സുജാത, ശ്വേതാ മോഹന്‍, ചിന്‍മയി എന്നിവരുള്‍പ്പെടെയാണ് ഗായകര്‍. വിക്രം തന്നെയാണ് നിർമാണം. പ്രഭുദേവയാണ് കൊറിയോഗ്രഫി. സംവിധായകനും ഛായാഗ്രാഹകനുമായ വിജയ് മില്‍ട്ടണാണ് ക്യാമറ.