മൗനം പോലും മധുരം...

മലയാളത്തിൽ ഒട്ടേറെ പാട്ടുകൾ പിറന്ന വിഷയമാണു മൗനം. അർഥസാന്ദ്രമായ ഈ രണ്ടക്ഷരത്തെപ്പറ്റി എഴുതാതെ കടന്നുപോയ രചയിതാക്കൾ ചുരുക്കം. മൗനമേ... (തകര –പൂവച്ചൽ ഖാദർ), മൗനങ്ങളേ ചാഞ്ചാടുവാൻ...(മാമാട്ടി കുട്ടിയമ്മയ്ക്ക്– ബിച്ചു തിരുമല), മൗനം സ്വരമായ്...(ആയുഷ്കാലം – കൈതപ്രം) തുടങ്ങി മിക്കവയും ഹിറ്റ് ചാർട്ടിലുമുണ്ട്. ‘തകര’യിലെ മൗനമേ... എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം എസ്.ജാനകി നേടുകയും ചെയ്തു.

മൗനത്തെപ്പറ്റിയുള്ള ഗാനങ്ങളിൽ ഏറ്റവും മികച്ചതേതാണ്? തീർച്ചയായും ഏകാഭിപ്രായം ഉണ്ടാവില്ല. പക്ഷേ, ഏറ്റവും മധുരമായത് ഏതാണെന്നതിനു രണ്ടു പക്ഷമില്ല. ‘സാഗരസംഗമം’ (1984) എന്ന ചിത്രത്തിൽ ഇളയരാജയുടെ സംഗീതത്തിൽ ശ്രീകുമാരൻ തമ്പി എഴുതിയ

‘മൗനം പോലും മധുരം ഈ

മധുനിലാവിൻ മഴയിൽ

മനസ്സിൻ മാധവം മിഴിയിൽ

പൂക്കവേ രോമാഞ്ചം മൂടവേ...’

ഒരു പാട്ടിൽ ഏറ്റവും പ്രധാനം അതിന്റെ തുടക്കമാണ്. കേൾവിക്കാരനെ ക്ഷണമാത്രയിൽ പിടിച്ചെടുക്കുന്നത് ആദ്യ വരിയാണ്. ‘മൗനം പോലും മധുരം’ എന്നത് ഉജ്വലമായ തുടക്കം. മൗനം പോലും മധുരമാണെങ്കിൽ ഭാഷണം എത്രയോ മധുവായിരിക്കും? അല്ലെങ്കിൽത്തന്നെ കണ്ണുനീരിൽപോലും ഓർമകളുടെ പുഞ്ചിരി കണ്ടവനാണു ശ്രീകുമാരൻ തമ്പി (ഇന്നുമെന്റെ കണ്ണുനീരിൽ....– യുവജനോത്സവം).

ഡബ്ബിങ് സിനിമയിലെ ഗാനങ്ങൾ മിക്കവാറും മുഴച്ചു നിൽക്കും. പക്ഷേ, ‘സാഗരസംഗമം’ എന്ന തെലുങ്ക് സിനിമ മലയാളത്തിലേക്കു വന്നപ്പോൾ ഗാനങ്ങളിൽ ഈ കല്ലുകടി ഉണ്ടായില്ല. ഇതു ഡബ്ബിങ് സിനിമയിൽ ചുണ്ടിനൊപ്പിച്ചെഴുതിയ പാട്ടാണെന്ന് ആരും വിശ്വസിക്കുകയില്ല.

വാർമേഘ വർണന്റെ മാറിൽ.., തകിട തധിമി, നാദവിനോദം.., ബാല കനകമയ... തുടങ്ങി ‘സാഗരസംഗമ’ത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. മലയാളത്തനിമയോടെ ഈ ഗാനങ്ങൾ ആസ്വാദ്യമാക്കിയതിന്റെ ബഹുമതി പൂർണമായും ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക്.

‘തെലുങ്ക് പാട്ടിന്റെ തർജമയെക്കാൾ, മലയാളികൾക്കു പരിചിതമായ സാഹചര്യങ്ങൾ‌ പാട്ടിൽ കൊണ്ടുവരാനാണു ഞാൻ ശ്രമിച്ചത്.’  തമ്പി പറയുന്നു. എന്തായാലും ഈ ശ്രമം വിജയിച്ചു.

‘വിടരും അധരം

വിറകൊൾവതെന്തിനോ

തിളങ്ങും നയനം

നനയുന്നതെന്തിനോ’

എന്നൊക്കെയുള്ള വരികൾ പകരുന്ന അനുഭൂതി ഒന്നു വേറെതന്നെ.

എസ്.ജാനകിയുടെയും ജയചന്ദ്രന്റെയും ഭാവാത്മകമായ ആലാപനമാണ് ഈ ഗാനത്തിന്റെ വലിയൊരു സവിശേഷത. അതിമനോഹരമായ ഈ ആലാപനം ജയചന്ദ്രനുതന്നെ പിന്നീടു വിനയായ കൗതുകമുണ്ട്. ‘1983’ എന്ന ചിത്രത്തിലെ ‘ഓലഞ്ഞാലി കുരുവീ...’ എന്ന ഗാനത്തിന് അദ്ദേഹത്തിനു മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം നിഷേധിക്കപ്പെട്ടത് ‘മൗനം പോലും മധുരം...’ എന്ന ആലാപനവുമായി സാദൃശ്യമുണ്ട് എന്നു ചൂണ്ടിക്കാട്ടിയാണ്.

നിർമാതാവ് യെഡിദ നാഗേശ്വര റാവുവിന്റെയും സംവിധായകൻ കെ. വിശ്വനാഥിന്റെയും കൂട്ടുകെട്ടിൽ പിറന്ന ‘ശങ്കരാഭരണം’ വൻ ഹിറ്റായതിനെ തുടർന്നാണ് സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നൽകി അതേമട്ടിൽ ഒരു പടം കൂടി ചെയ്യാൻ ഇരുവരും തീരുമാനിക്കുന്നത്.     കമൽഹാസനും ജയപ്രദയും നായികാനായകന്മാരായി ‘സാഗരസംഗമം’ (1983) പിറക്കുന്നത്.

പടം വൻ ഹിറ്റായതിനെ തുടർന്ന് മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലും ഡബ്ബ് ചെയ്തിറക്കാൻ നാഗേശ്വര റാവു തീരുമാനിച്ചു. അക്കാലത്താണു ശ്രീകുമാരൻ തമ്പിയുടെ ‘ഗാനം’ എന്ന ചിത്രത്തിന്റെ തെലുങ്ക് ഡബ്ബിങ് ഇറങ്ങുന്നത്. സംഗീതപ്രധാനമായ ചിത്രമായിരുന്നു ‘ഗാനം’. അതിന്റെ ഗാനങ്ങൾ എഴുതിയ ആൾതന്നെ സാഗരസംഗമത്തിലെ മലയാളം ഗാനങ്ങൾ എഴുതിയാൽ മതിയെന്നു നാഗേശ്വര റാവു തീരുമാനിച്ചു.

തമ്പിയുടെ രചനപോല ഹൃദ്യമായിരുന്നു ഇളയരാജയുടെ സംഗീതവും. (മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരം ഇതിന്റെ തെലുങ്ക് പതിപ്പിലൂടെ ഇളയരാജ സ്വന്തമാക്കി. മികച്ച ഗായകനുള്ളത് എസ്.പി. ബാലസുബ്രഹ്മണ്യവും).

മലയാളം പാട്ടുകളുടെ റിക്കോർഡിങ്ങിന് ഇളയരാജ വന്നില്ല. അസിസ്റ്റന്റ് സൗന്ദരരാജന്റെ നേതൃത്വത്തിലായിരുന്നു റിക്കോർഡിങ്. പിന്നീട് ‘അപ്പു’ എന്ന മലയാളം സിനിമയിൽ ശ്രീകുമാരൻ തമ്പിയുടെതന്നെ രചനയിൽ ‘കൂത്തമ്പലത്തിൽ വച്ചോ..’, ‘ഒരിക്കൽ നീ ചിരിച്ചാൽ...’ എന്നീ ഹിറ്റുകൾക്കു സംഗീതം നൽകിയ സൗന്ദരരാജൻ!