Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഠനം തുടരാൻ കൂലിപ്പണി;എന്നിട്ടും ഇളയരാജ പാട്ടുകാരനായി

Ilayaraja ഇളയരാജ

പത്മവിഭൂഷൺ പുരസ്കാര നിറവില്‍ വിഖ്യാത സംഗീതജ്ഞൻ ഇളയരാജ. അദ്ദേഹത്തിന്റെ ജീവിത വഴിത്താരകളെ കുറിച്ച് മനോരമ ഓൺലൈൻ മുൻപ് പ്രസിദ്ധീകരിച്ച ലേഖനം...

നമ്മുടെ ജീവിതഗതി നിർണയിക്കുന്നതു നമ്മളല്ലെന്നും മറ്റേതോ ശക്തിയാണെന്നുമുള്ള വിശ്വാസക്കാരനാണ് സംഗീതസംവിധായകൻ ഇളയരാജ. അല്ലെങ്കിൽ സ്കൂളിൽ പോയി നന്നായി പഠിക്കാൻ ആഗ്രഹിച്ച താൻ എങ്ങനെ പാട്ടുകാരനായി എന്ന് അദ്ദേഹം ചോദിക്കുന്നു. ‘സംഗീതക്കനവുകൾ’ എന്ന ആത്‌മകഥയിലാണ് അദ്ദേഹം ഈ വിധിനിശ്ചയം വിവരിക്കുന്നത്. പണ്ണൈപ്പുരം ഗ്രാമത്തിലാണ് ഇളയരാജ ബാല്യകാലം ചെലവഴിച്ചത്. ഗ്രാമ  ജ്യോത്സ്യൻമാരായിരുന്ന പഴനിസ്വാമി, സന്താനം എന്നിവർ ‘ഇവൻ എട്ടാം ക്ലാസിനപ്പുറം പഠിക്കില്ല’ എന്നു പ്രവചിച്ചിരുന്നു. ഇളയരാജയ്ക്കാകട്ടെ വളരെ നന്നായി പഠിക്കണമെന്നും ബിരുദങ്ങൾ നേടണമെന്നുമായിരുന്നു ആഗ്രഹം. ‘നിങ്ങളുടെ പ്രവചനം തെറ്റും. ഞാൻ പഠിച്ച് ഉന്നതനിലയിൽ എത്തും.’ ജ്യോത്സ്യൻമാരുടെ മുഖത്തുനോക്കി ബാലനായ താൻ ഇങ്ങനെ വെല്ലുവിളിച്ചിരുന്നു എന്ന് അദ്ദേഹം ആത്‌മകഥയിൽ പറയുന്നു.

പണ്ണൈപ്പുരത്ത് സ്കൂൾ ഇല്ലായിരുന്നു. സമീപഗ്രാമമായ കോമ്പൈയിലേക്കു മൈലുകൾ നടന്നാണ് സ്കൂളിൽ പോയിരുന്നത്. 1956–ൽ എട്ടാം ക്ലാസ് നല്ല രീതിയിൽ പാസായി. കോമ്പൈയിലെ സ്കൂളിൽ തുടർപഠനത്തിനു സാഹചര്യമില്ല. തേവാരം എന്ന സ്ഥലത്തേ ഹൈസ്കൂൾ ഉള്ളൂ. അവിടെ ചേർത്തു പഠിപ്പിക്കാൻ അമ്മയോടു പറഞ്ഞു. പക്ഷേ, അവിടത്തെ ഫീസിനും മറ്റു ചെലവുകൾക്കുമുള്ള പണമില്ലെന്ന് അമ്മ കൈമലർത്തി. ജ്യേഷ്ഠൻ വരദരാജൻ നടത്തിയിരുന്ന നാടകക്കമ്പനി പൊളിഞ്ഞതിനെത്തുടർന്നുള്ള വൻകടബാധ്യതയിലായിരുന്നു അക്കാലത്ത് കുടുംബം. 

പക്ഷേ, തന്റെ ലക്ഷ്യത്തിൽ നിന്നു പിൻമാറാൻ ഇളയരാജ തയാറായില്ല. വൈഗ അണക്കെട്ട് നിർമാണം നടക്കുന്ന കാലമായിരുന്നു അത്. അവിടെയുള്ള ബന്ധുവീട്ടിൽ പോയി നിന്ന് അണക്കെട്ട് പണിയിൽ ജോലിക്കാരനായി ചേർന്നു. ചെറിയ പ്രായത്തിൽ കഠിനമായ നിർമാണ ജോലി ചെയ്യുമ്പോഴും അതിൽനിന്നു കിട്ടുന്ന പണം കൊണ്ട് പിറ്റേ വർഷം ഹൈസ്കൂളിൽ ചേരുന്നതായിരുന്നു സ്വപ്നം. ലക്ഷ്യം മുന്നിൽക്കണ്ട് കഠിനമായി ജോലി ചെയ്തു. ഒരു നാണയം പോലും വെറുതേ കളഞ്ഞില്ല. വിചാരിച്ച പോലെ തന്നെ നടന്നു. ആ പണം കൊണ്ട് പിറ്റേ വർഷം തേവാരത്ത് ഹൈസ്കൂളിൽ ചേർന്നു. ‘അന്നു ഞാൻ അനുഭവിച്ച ആനന്ദം അവാച്യമായിരുന്നു.’ ഇളയരാജ എഴുതുന്നു.

‘എട്ടാം ക്ലാസിനപ്പുറം പോവില്ല’ എന്നു പ്രവചിച്ച രണ്ട് ജ്യോത്സ്യരെയും വഴിയിൽക്കാണുമ്പോഴൊക്കെ പരിഹസിക്കുകയും അഹങ്കരിക്കുകയും ചെയ്തിരുന്നു എന്ന് അദ്ദേഹം പറയുന്നു. ജ്യേഷ്ഠൻ വരദരാജൻ തെക്കൻ തമിഴ്നാട്ടിലെ അറിയപ്പെടുന്ന പാട്ടുകാരനായിരുന്നു. പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർട്ടി വേദികളിൽ അദ്ദേഹം ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു. തൃശ്ശിനാപ്പള്ളിയിലെ ഒരു സംഗീത പരിപാടി ഏറ്റിരുന്ന സമയത്ത് അദ്ദേഹം രോഗബാധിതനായി. വരില്ല എന്ന് അറിയിച്ചിരുന്നെങ്കിലും സംഘാടകൻ കാറുമായി വീട്ടിലെത്തി. വരദരാജന് പോകാതിരിക്കാൻ പറ്റാത്ത അവസ്ഥയായി. അപ്പോൾ അമ്മ പറഞ്ഞു. ‘സഹായത്തിനു രാജായെയും കൂട്ടിക്കോ, ഇടയ്ക്ക് അവൻ പാടട്ടെ, അപ്പോൾ നിനക്ക് വിശ്രമിക്കാമല്ലോ...’അമ്മയുടെ ഈ വാക്കുകൾ ഒരു വലിയ സംഗീതജീവിതത്തിന്റെ മംഗളവാക്യങ്ങളാണെന്ന് എത്രയോ വർഷങ്ങൾക്കു ശേഷമാണ് ഇളയരാജയ്ക്കു മനസ്സിലായത്.

പരിപാടി വൻവിജയമായിരുന്നു. ബാലനായ രാജ സ്ത്രീശബ്ദത്തിലാണു പാടിയത്. അതുകൊണ്ട് ചേട്ടനും അനുജനും ചേർന്ന് ഡ്യൂയറ്റുകൾ പാടി ജനത്തെ കയ്യിലെടുത്തു. പിന്നീട് മൂന്നു ദിവസം കൂടിയേ സ്കൂളിൽ പോകാൻ കഴിഞ്ഞുള്ളൂ. സ്ഥിരമായി കൂടെക്കൂടിക്കൊള്ളാൻ ചേട്ടൻ നിർദേശിച്ചു. ആദ്യപരിപാടിയിൽ ജനങ്ങളിൽ നിന്നു ലഭിച്ച വലിയ കരഘോഷവും പ്രശംസയും രാജയുടെ മനസ്സിലും സന്തോഷം വിതച്ചിരുന്നു.

അങ്ങനെ സ്കൂളിൽപ്പോക്ക് എന്നന്നേക്കുമായി നിലച്ചു. ‘ജാതകവും വിധിയുമെല്ലാം സത്യമാണെന്ന് ഞാൻ അംഗീകരിച്ചു.’ അദ്ദേഹം ആത്‌മകഥയിൽ എഴുതുന്നു. കാലം പെട്ടെന്നു കടന്നുപോയി. രാജയുടെ ശബ്ദം മാറി. അതു പൗരുഷമായി. ചേട്ടനുമായി ചേർന്ന് യുഗ്‌മഗാനങ്ങൾ പാടാൻ കഴിയാതായി. രാജയെ ഒഴിവാക്കി അനുജൻ അമരനെ ഗാനമേളകൾക്കു കൊണ്ടുപോവാൻ തുടങ്ങി. അതോടെ രാജ ഒറ്റപ്പെട്ടു. സ്കൂളുമില്ല, പാട്ടുമില്ല. അങ്ങനെയാണ് ചേട്ടന്റെ ഹാർമോണിയത്തിൽ ശ്രദ്ധ ഉടക്കിയത്. അത് ആരും തൊടാൻ പാടില്ലെന്നാണു കൽപന. തൊട്ടെന്നറിഞ്ഞാൽ കൈ പിന്നോട്ട് പിടിച്ചുകെട്ടി ചൂരലിനു കടുത്ത പ്രഹരമാണു ശിക്ഷ. എങ്കിലും ചേട്ടനില്ലാത്ത പകൽ സമയം അതെടുത്ത് വായിക്കാൻ തുടങ്ങി. ഒരുനാൾ ചേട്ടൻ വന്നതറിയാതെ രാജ സ്വയം ഹാർമോണിയം വായനയിൽ മുഴുകിപോയി. കള്ളൻ കയ്യോടെ പിടിക്കപ്പെട്ടു. വൻശിക്ഷ പ്രതീക്ഷിച്ചു പേടിച്ചു വിറച്ചു നിൽക്കുമ്പോൾ... അതാ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ടു പറയുന്നു. ‘നന്നായി വായിക്കുന്നു, കൂടെപോന്നോളൂ...’

ഇന്നു നാം കാണുന്ന ഇളയരാജയുടെ ജനനം അവിടെയായിരുന്നു.

(ഇളയരാജയുടെ ആത്‌മകഥ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയതു പ്രശസ്ത ഗാനരചയിതാവ് എസ്.രമേശൻ നായരാണ്).