ഒരേയൊരു ബാബുക്ക

അയ്യായിരം രൂപ അഡ്വാൻസ്‍ തരാൻ ഒരുങ്ങിവന്നയാളോട് ‘ഒരു അൻപതു രൂപ എടുക്കാനുണ്ടാവുമോ?’ എന്നു ചോദിച്ച നിഷ്കളങ്കതയുടെ പേരാണു ബാബുരാജ്. നിർമാതാവ് കൊടുത്ത ചെക്ക് മാറാനായി ഒരു ബാങ്ക് അക്കൗണ്ട് പോലും ഇല്ലാതിരുന്ന ഒരു സാധുവിന്റെ പേരുകൂടിയാണത്. ഈ നൈർമല്യങ്ങൾ ഈണമായപ്പോൾ നാം പറഞ്ഞു ‘ബാബുക്കയുടെ പാട്ട്, ബാബുക്കയുടെ മാത്രം പാട്ട്.’ മലയാളിയുടെ നിത്യരോമാഞ്ചമായ ഗസലാണു ബാബുരാജ്. ഒക്ടോബർ ഏഴിന് അദ്ദേഹത്തിന്റെ 37ാം ചരമവാർഷികം.

‘ഈ പാട്ട് യേശുദാസ് പാടിയിരുന്നെങ്കിൽ’ എന്നു നാം ചിലപ്പോഴൊക്കെ ആലോചിച്ചു പോകാറുണ്ട്. ചില നല്ല ഗാനങ്ങൾ അവ അർഹിക്കുന്ന തലത്തിലേക്ക് ഉയർത്താൻ മറ്റു ഗായകർക്കു കഴിയാതെ വരുമ്പോഴാണ് നാം യേശുദാസിനെ ഓർത്തുപോവുന്നത്. എന്നാൽ, ‘യേശുദാസ് പകർന്നതിലും വേറിട്ട അനുഭൂതി ഈ പാട്ട് തരുന്നു’ എന്ന് ഏതെങ്കിലും പാട്ടിനെപ്പറ്റി ആരെങ്കിലും പറഞ്ഞുകേട്ടിട്ടുണ്ടോ? ‘എന്ത് അബദ്ധമാണു പറയുന്നത്’ എന്നു വിധിപറയാൻ വരട്ടെ. അതിനു മുൻപായി ‘ബാബുരാജ് പാടുന്നു’ എന്ന ആൽബം ഒന്നു കേൾക്കുക.

ബാബുരാജ് സംഗീതം നൽകി മറ്റു ഗായകർ പാടി നാം നെഞ്ചിലേറ്റിയ ഗാനങ്ങൾ ബാബുരാജിന്റെ തന്നെ ശബ്ദത്തിൽ കേൾക്കാനുള്ള ഭാഗ്യമാണ് ഈ ആൽബം നൽകുന്നത്. ഇതിലെ പാട്ടുകൾ കേട്ടുകഴിയുമ്പോൾ ഒരുപക്ഷേ, നിങ്ങളും ആഗ്രഹിച്ചേക്കാം ഈ പാട്ടുകൾ ബാബുരാജ് തന്നെ പാടി റിക്കോർഡ് ചെയ്താൽ മതിയായിരുന്നല്ലോ എന്ന് സുറുമ എഴുതിയ മിഴികളേ..., പ്രാണസഖീ ഞാൻ വെറുമൊരു..., ഇന്നലെ മയങ്ങുമ്പോൾ..., തേടുന്നതാരേ... തുടങ്ങിയ 12 അനശ്വര ഗാനങ്ങൾ അതിന്റെ സ്രഷ്ടാവ് വിഭാവനം ചെയ്ത ഭാവപൂർണിമയിൽ. ഈ ഗാനങ്ങൾക്ക് ബാബുരാജ് തീർക്കുന്ന ഭാവപ്രപഞ്ചത്തിൽ നാം അലിയുക തന്നെ ചെയ്യും. കാരണം, ഗായകൻ തന്നെ ഇവിടെ ഗാനമായി മാറുന്നു. കണ്ണീരും സ്വപ്നങ്ങളും വിൽക്കുവാൻ വന്ന പാമരനാം പാട്ടുകാരനെ നാം കാണും. തേൻ പുരട്ടിയ മുള്ളുകൾ കരളിൽ കൊള്ളുന്നതിന്റെ രാഗവേദന അനുഭവിക്കും. വരില്ല എന്ന് ഉറപ്പായിട്ടും ‘എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ’ എന്നു ചോദിക്കാതിരിക്കാൻ വയ്യാത്ത കാമുകന്റെ അവസാനത്തെ പ്രതീക്ഷയ്ക്കൊപ്പവും സഞ്ചരിക്കും. അതുകൊണ്ടാണ് ബാബുരാജിന്റെ ഗാനങ്ങൾ അദ്ദേഹം തന്നെ പാടുന്നതിനെപ്പറ്റി പി. ഭാസ്കരൻ ഇങ്ങനെ എഴുതിയത്.

‘ജാലകോപാന്തത്തിങ്കൽ

മേടപ്പൂനിലാവിന്റെ

പാലലതുളുമ്പുന്നു;

ഹോട്ടലിൻ മട്ടുപ്പാവിൽ

പാർട്ടിയിലാരോ

നീട്ടിപ്പാടുന്നു

ബാബുരാജിൻ പാട്ടുകൾ;

സുഹൃദ്‌വൃന്ദമാസ്വദിക്കുന്നു

പേർത്തും!

ബാബുവോ?

അതോ, ബാബു തന്നെ–

യാ കളകണ്ഠം വേപമാനമാമൊരു

വേണുനാളികയെന്നപോൽ

ശ്യാമസുന്ദര രാവിൽ

നിർവൃതിവർഷിക്കുന്നു;

വ്യോമാന്തരത്തിൽ മുകിൽക്കടമ്പു

പുഷ്പിക്കുന്നു!’

സ്വയം ഹാർമോണിയം വായിച്ചാണ് ബാബുരാജ് സുഹൃദ്സദസ്സുകളിൽ പാട്ടുകൾ പാടിയിരുന്നത്. ചിലയിടങ്ങളിൽ ആലാപനവും ഹാർമോണിയവും ഇഴപിരിക്കാനാവാത്ത വിധം ഇഴുകിച്ചേരുന്നതിന്റെ അനുഭൂതി വർണിക്കാനാവില്ല. ‘ബാബുരാജ് പാടുന്നു എന്ന കസെറ്റിലെ ‘ഒരു പുഷ്പം മാത്രമെൻ...’ എന്ന ഗാനത്തിലാണ് ഇത് ഏറ്റവും ഉജ്വലമായിരിക്കുന്നത്. അനുപല്ലവിക്കും ചരണത്തിനുമിടയിൽ ബാബുരാജിന്റെ വിരലുകൾ കാണിക്കുന്ന മാജിക്കിൽ അമ്പരന്നിരിക്കാനേ നമുക്കു കഴിയൂ.

ബാബുരാജ് എന്ന ഗായകനേക്കാൾ വിസ്മയിപ്പിച്ചത് ആ ഹാർമോണിയം വാദകനാണെന്ന് ബാബുരാജിനെപ്പറ്റി ആദ്യമിറങ്ങിയ ഓർമപ്പുസ്തകത്തിൽ ഒരാൾ എഴുതിയിരിക്കുന്നത് ഭംഗിവാക്കല്ലെന്ന് ഈ ആൽബത്തിലെ ‘ഒരു പുഷ്പം മാത്രമെൻ...’ എന്ന ഗാനം നമ്മോടു പറയും. ഹാർമോണിയത്തിനു മീതെ ബാബുരാജിന്റെ വിരലുകൾ നൃത്തം വയ്ക്കുന്നതു കാണാൻ മാത്രം ഗാനമേളകളിൽ പോയിരുന്ന അനുഭവം മറ്റൊരാൾ പങ്കുവയ്ക്കുന്നുണ്ട്. ഒരിക്കലും അദ്ദേഹം തന്റെ ‘വലിപ്പം’ ഗൗനിച്ചിരുന്നില്ല. വമ്പൻ ഹിറ്റുകൾ ചെയ്തു മദിരാശിയിൽനിന്നു തിരികെയെത്തുമ്പോഴും കല്യാണവീടുകളിലും സുഹൃദ് സദസ്സുകളിലും പാടാൻ പോകുമായിരുന്നു. ഈ സദിരുകളിൽവച്ച് ടേപ്പ് റിക്കോർഡുകളിൽ സുഹൃത്തുകൾ കൗതുകത്തിനു റിക്കോർഡ് ചെയ്തുവച്ച പാട്ടുകളാണ് ‘ബാബുരാജ് പാടുന്നു’ എന്ന മനോരമ മ്യൂസിക്കിന്റെ ആൽബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മകളുടെ ഭർത്താവിന്റെ സഹോദരനും ഗായകനുമായ എം.എസ്. നസീം ആണ് ഈ ദേവഗായകന്റെ പഴയ പാട്ടുകൾ ശേഖരിച്ചു സൂക്ഷിച്ചിരുന്നത്.

ഉമ്മ, സുബൈദ, മൂടുപടം, കറുത്ത രാത്രികൾ, അഴിമുഖം, കണ്ടം ബെച്ച കോട്ട് തുടങ്ങി 17 സിനിമകളിലായി 22 ഗാനങ്ങൾ ബാബുരാജ് പിന്നണിയിൽ പാടിയിട്ടുണ്ട്. അവ അത്ര ഗൗരവമായ ശ്രമങ്ങളായിരുന്നില്ല. ‘യേശുദാസിന് എത്തിച്ചേരാൻ അസൗകര്യമാവുകയും റിക്കോർഡിങ് അന്നുതന്നെ പൂർത്തിയാക്കണമെന്നു നിർമാതാവ് നിർബന്ധം പിടിക്കുകയും ചെയ്തപ്പോഴാണ് ഞാൻ എഴുതിയ ‘അഴിമുഖം കണികാണും...’ എന്ന ഗാനം (ചിത്രം– അഴിമുഖം–1972) ബാബുരാജ് പാടിയത്.’ ഗാനരചയിതാവായ പൂച്ചാക്കൽ ഷാഹുൽ ഹമീദ് അനുസ്മരിക്കുന്നു. തന്റെ ആലാപനസിദ്ധിയെ അത്ര ഗൗരവായി എടുക്കാതിരുന്ന ബാബുരാജിന്റെ മിക്ക പിന്നണിഗാനങ്ങളും ഇങ്ങനെ നിശ്ചയിച്ചിരുന്ന ഗായകന്റെ അഭാവത്തിലോ സുഹൃത്തുക്കളുടെ നിർബന്ധത്തിലോ പിറന്നവയാണ്.

സംഗീതത്താൽ മാത്രം സമ്പന്നമായിരുന്നു ബാബുരാജിന്റെ ജീവിതം. സിരകളിലെ പാട്ടുമാത്രം പൈതൃകമായി നൽകിയിട്ടു മടങ്ങിയ ബംഗാളിയായ ജാൻ മുഹമ്മദിന്റെ മകൻ– മുഹമ്മദ് സാബിർ ബാബുരാജ്. വിശപ്പടക്കാനായി ബാല്യത്തിലേ തെരുവുഗായകനായവൻ. കോൺസ്റ്റബിൾ കുഞ്ഞുമുഹമ്മദ് അവനെ കാരുണ്യത്തിന്റെ സ്വന്തം വീട്ടിലേക്കു ക്ഷണിച്ചുകൊണ്ടുപോയി. അയാളുടെ പ്രതീക്ഷ വെറുതെയായില്ല. നാടറിയുന്ന സംഗീതജ്ഞനായി അവൻ. ദേവരാജന്റെ ചിട്ടയ്ക്കും ദക്ഷിണാമൂർത്തിയുടെ പാണ്ഡിത്യത്തിനും രാഘവൻ മാസ്റ്ററുടെ ഗ്രാമവിശുദ്ധിക്കുമൊപ്പം ബാബുരാജിന്റെ ഹിന്ദുസ്ഥാനി കൂടി ചേർന്നപ്പോൾ ധന്യരായതു നാം മലയാളികൾ.

ജീവിതത്തിലെ കളികൾ ഒട്ടുമറിയാത്ത ബാബുരാജിന്റെ സ്വഭാവം പോലെ തന്നെ ജീവസ്സുറ്റതും സ്വാഭാവികവുമായിരുന്നു ആ സംഗീതം. ഓരോ പാട്ടും കാലാതിവർത്തിയായി. അകലെ അകലെ നീലാകാശവും താമസമെന്തേ വരുവാനും സൂര്യകാന്തിയുമൊക്കെ അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി നിന്നു. വാസന്ത പഞ്ചമിനാളിൽ തളിരിട്ട കിനാക്കളും ഒരു കൊച്ചുസ്വപ്നവും അനുരാഗഗാനം പോലെ ചന്ദ്രബിംബം നെഞ്ചിലേറ്റി വന്നു.

സമകാലികരായ മറ്റു സംഗീതസംവിധായകരുടെ പാട്ടുകൾ പാഠപുസ്തകം പോലെ കാമ്പുള്ളതായപ്പോൾ ബാബുരാജിന്റെ പാട്ടുകൾ‌ അതിനുള്ളിലെ മയിൽപ്പീലി പോലെ വിസ്മയമായി. അതുകൊണ്ട് ദക്ഷിണാമൂർത്തി സ്വാമി ഒഴികെ ഇന്നോളമുള്ള എല്ലാ സംഗീതസംവിധായകരും ‘മാസ്റ്റർ’ ആയപ്പോൾ ബാബുരാജിനെ മാത്രം മലയാളികൾ ‘ബാബുക്ക’ എന്നു വിളിച്ചു.