രവീന്ദ്ര സന്നിധിയിൽ...

രവീന്ദ്ര ജയിൻ

‘രവീന്ദ്ര ജയിനിനെപ്പോലെ രചനയെ ഇത്രയേറെ ബഹുമാനിക്കുന്ന സംഗീത സംവിധായകർ ചുരുക്കമാണ്. മലയാളത്തിൽ നൂറു പടം ചെയ്ത ഫലമാണ് ഒരു പടം കൊണ്ട് അദ്ദേഹം ഉണ്ടാക്കിയത്.’ പറയുന്നതു പല തലമുറയുടെ എഴുത്തുകാരൻ– മങ്കൊമ്പ് ഗോപാലകൃഷ്ണൻ.

അകക്കണ്ണിന്റെ ഈണങ്ങളിലൂടെ ചിരഞ്ജീവിയായ രവീന്ദ്ര ജയിനിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതു തന്റെ ജീവിതത്തിലെ മഹാഭാഗ്യമായി കരുതുകയാണ് മങ്കൊമ്പ്. ആ ഭാഗ്യരേഖ തെളിഞ്ഞത് ഇങ്ങനെ: ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ, ഹരിഹരന്റെ സംവിധാനത്തിൽ ‘സുജാത’ എന്ന സിനിമ നിർമിക്കാനുള്ള ആലോചനകളിൽ ഏർപ്പെട്ടിരിക്കുന്ന കാലം. ഗൃഹലക്ഷ്മിയുടെ ആദ്യചിത്രമായിരുന്നു അത്. പ്രേംനസീർ, ഉമ്മർ, ജയഭാരതി തുടങ്ങി മുൻനിര താരങ്ങളെല്ലാം അണിനിരന്ന വമ്പൻ ചിത്രം. കഥ പൂർത്തിയായി. ഗാനരചന മങ്കൊമ്പ് ഗോപാലകൃഷ്ണനെ ഏൽപ്പിച്ചു. സംഗീതം രവീന്ദ്ര ജയിനിനെക്കൊണ്ടു ചെയ്യിപ്പിച്ചാലോ എന്ന നിർദേശം യേശുദാസാണു മുന്നോട്ടു വച്ചത്. ജയിനിന്റെ സംഗീതത്തിൽ ചിത്ചോറിലെ (1976) പാട്ടുകൾ രാജ്യം മുഴുവൻ അലയടിക്കുന്ന കാലമാണത്. ജയിനിനെ കിട്ടുമെങ്കിൽ എത്ര തുക മുടക്കാനും എന്തു ബുദ്ധിമുട്ടു സഹിക്കാനും തയാറാണെന്നു ഗംഗാധരൻ അറിയിച്ചു.

യേശുദാസ് - രവീന്ദ്ര ജയിൻ

ജയിൻ വലിയ തിരക്കിലാണ് അക്കാലത്ത്. അദ്ദേഹത്തെക്കൊണ്ടു സമയത്തു പാട്ടു ചെയ്തു കിട്ടുമോ എന്നായിരുന്നു ഗംഗാധരനും ഹരിഹരനും സന്ദേഹം. ആ ചുമതല ഏറ്റെടുക്കാമെന്ന് യേശുദാസ് സമ്മതിച്ചു. തന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകാരൻ പറഞ്ഞാൽ രവീന്ദ്ര ജയിൻ സമ്മതിക്കാതിരിക്കുമോ? ഒരു വ്യവസ്ഥയേ രവീന്ദ്ര ജയിൻ വച്ചുള്ളൂ.– ചെന്നൈയിലേക്കു വരാൻ പറ്റില്ല. കംപോസിങ്ങും റിക്കോർഡിങ്ങും മുംബൈയിൽ ആയിരിക്കണം. അങ്ങനെ സുജാതയുടെ സംഘം അത്യാഹ്ലാദപൂർവം മുംബൈയിലേക്കു പുറപ്പെട്ടു.

അവിടെ ചെന്നപ്പോഴായിരുന്നു യഥാർഥ കൗതുകം. കംപോസിങ് പൂ‍ർണമായി രവീന്ദ്ര ജയിനിന്റെ വീട്ടിലായിരുന്നു. ഈണത്തിനൊത്ത് വരികൾ എഴുതിപ്പിക്കുന്നതാണ് അന്യഭാഷാ സംഗീത സംവിധായകരുടെ രീതി. എന്നാൽ മങ്കൊമ്പ് ഗോപാലകൃഷ്ണൻ പറയുന്ന വിസ്മയം കേൾക്കൂ. ‘ഒരു ഈണം പോലും അദ്ദേഹം മുൻകൂട്ടി ഉണ്ടാക്കിയില്ല. എന്നോട് എഴുതാൻ പറഞ്ഞു. ഓരോ ഈരടിയും പൂർത്തിയാവുമ്പോൾ ഞാൻ വായിച്ചു കേൾപ്പിക്കും. അദ്ദേഹം അന്ധനായിരുന്നതുകൊണ്ട് വായിച്ചു കേൾപ്പിക്കുക മാത്രമായിരുന്നു പോംവഴി. ഓരോ വാക്കിന്റെയും അർഥവും വരികളുടെ മൊത്തത്തിലുള്ള അർഥവും അദ്ദേഹം സൂക്ഷ്മമായി ചോദിക്കുമായിരുന്നു. ഞാൻ കൃത്യമായി വിശദീകരിച്ചു കൊടുക്കും. പല തവണ വായിച്ചുകഴിയുമ്പോൾ അദ്ദഹം വരികൾ മനഃപാഠമാക്കും. അതിനുശേഷം ഈണം നൽകും.’ ഈണത്തിനൊപ്പിച്ചു പാട്ടെഴുതാൻ ചെന്ന മങ്കൊമ്പിന് അദ്ഭുതവും ആശ്വാസവുമായിരുന്നു ജയിനിന്റെ രീതി.

ഗംഗാധരൻ - മങ്കൊമ്പ് ഗോപാലകൃഷ്ണൻ

‘അദ്ദേഹം നല്ല ഗാനരചയിതാവായിരുന്നു. അതുകൊണ്ടുതന്നെ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തെ അങ്ങേയറ്റം ബഹുമാനിച്ചിരുന്നു.’ മങ്കൊമ്പ് പറയുന്നു. (ഗോരി തേരാ ഗാവ് ബഡാ.... അടക്കം ഒട്ടേറെ ഗാനങ്ങൾ ജയിൻ രചിച്ചിട്ടുണ്ട്. താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത പൂക്കളും നിലാവും സന്ധ്യയും വൃക്ഷങ്ങളുമൊക്കെ എങ്ങനെ അദ്ദേഹത്തിന്റെ രചനയിൽ കടന്നുവന്നു എന്ന് ഇന്നും വിസ്മയം.) മൂന്നു നാലു ദിവസംകൊണ്ട് സുജാതയുടെ ഗാനരചനയും കംപോസിങ്ങും പൂർത്തിയാക്കി. യേശുദാസും ഹേമലതയുമൊക്കെ ഈ സമയത്ത് ഒപ്പമുണ്ടായിരുന്നു. നാലു പാട്ടുകളാണ് ‘സുജാത’ (1977) യിൽ ഉണ്ടായിരുന്നത്. യേശുദാസ് പാടിയ താലിപ്പൂ പീലിപ്പൂ താഴമ്പൂ ചൂടിവരും..., കാളിദാസന്റെ കാവ്യഭാവനയെ..., ആശാ ഭോസ്‌ലേ ആദ്യമായി മലയാളത്തിൽ പാടിയ സ്വയംവര ശുഭദിന മംഗളങ്ങൾ... ഹേമലത പാടിയ പ്രാർഥനാ ഗീതമായ ‘ആശ്രിത വൽസലനേ കൃഷ്ണാ... എന്നിവയായിരുന്നു പാട്ടുകൾ. എല്ലാം സൂപ്പർ ഹിറ്റുകൾ. എഴുതിയിട്ടു സംഗീതം നൽകിയതുകൊണ്ട് ഉന്നതമായ രചനാഗുണവും അവ പുലർത്തുന്നു.

സുഖം സുഖകരം (രചന–എസ്. രമേശൻ നായർ), ആകാശത്തിന്റെ നിറം (ഒഎൻവി) എന്നീ സിനിമകൾക്കും പിൽക്കാലത്ത് രവീന്ദ്ര ജയിൻ ഈണമിട്ടു. 1989ൽ തരംഗിണിയുടെ ഓണപ്പാട്ടുകളായ ‘ആവണിപ്പൂച്ചെണ്ടി’നു സംഗീതം നൽകിയതും മറ്റാരുമല്ല.

കഴിഞ്ഞ വർഷം എറണാകുളത്തെ ഒരു ഓണാഘോഷച്ചടങ്ങ്. ഒരു ഹൈക്കോടതി ജഡ്ജിയും മങ്കൊമ്പ് ഗോപാലകൃഷ്ണനും മുഖ്യാതിഥികൾ. ജ‍ഡ്ജി പ്രസംഗത്തിനിടെ പറഞ്ഞു.: ‘കേരളത്തിൽ ഏറ്റവും കൂടുതൽ വധശിക്ഷ വിധിച്ചിട്ടുള്ളത് ഒരുപക്ഷേ, ഞാനായിരിക്കും. ഒറ്റയ്ക്കിരിക്കുമ്പോൾ ഇക്കാര്യം ഞാൻ ഓർമിക്കും. വിധികളെല്ലാം നിയമം ഇഴകീറി പരിശോധിച്ചിട്ടുതന്നെയാണ്. എന്തെങ്കിലും ഭാരം മനസ്സിൽ തോന്നിയാൽ ഞാൻ ഒരു പ്രത്യേക പാട്ടുകേൾക്കും. അത് എഴുതിയ ആളാണ് ഇപ്പോൾ നമുക്കൊപ്പമുള്ള മങ്കൊമ്പ് ഗോപാലകൃഷ്ണൻ. അത് സുജാത എന്ന ചിത്രത്തിലെ ‘ആശ്രിത വൽസലനേ കൃഷ്ണാ... എന്ന ഗാനമാണ്.’

ഈ പാട്ട് ഇത്രമേൽ നെഞ്ചോടു ചേർത്തുപിടിച്ചിട്ടുള്ളവർ ഉണ്ടെന്നു താൻ വിചാരിച്ചിട്ടില്ലെന്നു മങ്കൊമ്പ് ഗോപാലകൃഷ്ണൻ പറഞ്ഞു. ‘അതു കേട്ടപ്പോൾ രവീന്ദ്ര ജയിനിനെ ഓർമിച്ചു. സുജാതയിലെ ഓരോ പാട്ടും ഇത്ര നല്ലതാവാൻ കാരണം, എഴുതിയ ശേഷം മാത്രം കംപോസ് ചെയ്താൽ മതിയെന്നും അർഥമറിഞ്ഞശേഷം മാത്രമേ ഈണം തീരുമാനിക്കൂ എന്നുമുള്ള രവീന്ദ്ര ജയിനിന്റെ നിർബന്ധമാണ്. ആ വലിയ മനുഷ്യന്റെ പെരുമാറ്റത്തിലെ സൗമ്യത ഇന്നും മായാതെ നിൽക്കുന്നു.’ മങ്കൊമ്പ് പങ്കുവയ്ക്കുന്നു.

സുജാതയുടെ ചിത്രീകരണം കഴിഞ്ഞപ്പോൾ പ്രേംനസീർ പി.വി. ഗംഗാധരനെ വിളിച്ചുപറഞ്ഞു. ‘ഈ ചിത്രം സൂപ്പർ ഹിറ്റായിരിക്കും. എന്തിനാണു മറ്റൊരാളെ ഏൽപ്പിക്കുന്നത്? നിങ്ങൾതന്നെ വിതരണം ചെയ്യൂ.’ അങ്ങനെ ആദ്യ ചിത്രത്തോടെ ഗൃഹലക്ഷ്മി വിതരണക്കമ്പനിയും ആരംഭിച്ചു. നസീറിന്റെ വാക്കുകൾ സത്യമായി. ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ആശാ ഭോസ്‌ലേ, ഹേമലത എന്നീ ബോളിവുഡ് ഗായകരെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചതിന്റെ ബഹുമതിയും ‘സുജാത’ സ്വന്തമാക്കി.

ഒരു കൗതുകം കൂടിയുണ്ട്: ഈ ചിത്രത്തിന്റെ പാട്ടുകൾക്കു ലഭിച്ച വരുമാനം മുഴുവൻ നിർമാതാവ് പി.വി. ഗംഗാധരൻ ഗുരുവായൂർ ക്ഷേത്രത്തിനു സമർപ്പിച്ചു. ‘ഹേമലത പാടിയ ‘ആശ്രിത വൽസലനേ കൃഷ്ണാ...’ എന്ന ഗാനത്തിന്റെ റിക്കോർ‍ഡിങ് കഴിഞ്ഞപ്പോൾ എന്തോ, പാട്ടുകളുടെ വരുമാനം മുഴുവൻ ഗുരുവായൂരപ്പനു നൽകണം എന്ന് എന്റെ മനസ്സു പറഞ്ഞു. അതുപോലെതന്നെ ചെയ്തു. ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടായി. ചിത്രം വൻ വിജയമായിരുന്നു. വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നു പാട്ടുകളുടെ വലിയ ജനപ്രീതിയായിരുന്നു.’ പി.വി. ഗംഗാധരൻ ‘മനോരമ’യോടു പറഞ്ഞു.